എതിരാളികള്‍ക്ക് മാറ്റമില്ല; 16 മണ്ഡലങ്ങളില്‍ വിജയം വഴി മാറുമോ?; തീപ്പാറും പോരാട്ടം

സിറ്റിങ് എംഎല്‍എമാര്‍ക്ക് മണ്ഡലം നിലനിര്‍ത്താനും തോറ്റവര്‍ക്ക് സീറ്റ് പിടിച്ചെടുക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇത്തവണത്തേത്.
jose k mani - mani c kappan
ജോസ് കെ മാണി- മാണി സി കാപ്പന്‍
Updated on
2 min read

കൊച്ചി: ഇത്തവണയും എതിരാളികള്‍ക്ക് മാറ്റമില്ല. പതിനാറ് നിയമസഭാ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ മത്സരിച്ചവര്‍ തന്നയാണ് ഇക്കുറിയും മത്സരരംഗത്ത്. ജനവിധി മാറുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. സിറ്റിങ് എംഎല്‍എമാര്‍ക്ക് മണ്ഡലം നിലനിര്‍ത്താനും തോറ്റവര്‍ക്ക് സീറ്റ് പിടിച്ചെടുക്കാനുമുള്ള ജീവന്മരണ പോരാട്ടമാണ് ഇത്തവണത്തേത്. രാഷ്ട്രീയസാഹചര്യങ്ങള്‍ മാറിമറിഞ്ഞത് ഗുണംചെയ്യുമെന്നാണ് ഇരുകൂട്ടരുടെയും ആത്മവിശ്വാസം.

jose k mani - mani c kappan
നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

മഞ്ചേശ്വരം, സുല്‍ത്താന്‍ ബത്തേരി, കുറ്റ്യാടി, തൃത്താല, മലമ്പുഴ, ഇരിങ്ങാലക്കുട, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം,പാല, കോട്ടയം, പൂഞ്ഞാര്‍, അരൂര്‍, ചവറ, പത്തനാപുരം, ചടയമംഗലം എന്നിവയാണ് പഴയ എതിരാളികള്‍ വീണ്ടും മത്സരിക്കുന്ന മണ്ഡലങ്ങള്‍.

മഞ്ചേശ്വരം മണ്ഡലത്തില്‍ 2021-ല്‍ എന്‍ഡിഎയ്ക്കു വേണ്ടി കെ സുരേന്ദ്രനും (ബിജെപി) യുഡിഎഫിനു വേണ്ടി എകെഎം അഷ്‌റഫുമാണ് (മുസ്ലിം ലീഗ്) കളത്തിലിറങ്ങിയത്. 745 വോട്ടിന് അഷ്‌റഫിനായിരുന്നു വിജയം. കെ സുരേന്ദ്രന്‍ രണ്ടാമതെത്തി. ഇത്തവണ ലീഗിന് വേണ്ടി എകെഎം അഷ്‌റഫും ബിജെപിക്ക് വേണ്ടി സുരേന്ദ്രനുമാണ് മത്സരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരിയില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിനായി എംഎസ്. വിശ്വനാഥ(സിപിഎം)നും യുഡിഎഫിനായി കോണ്‍ഗ്രസിന്റെ ഐസി. ബാലകൃഷ്ണനുമാണ് മത്സരിച്ചത്. വിജയം ബാലകൃഷ്ണനൊപ്പംനിന്നു. ഇക്കുറിയും ഇവര്‍ ഇരുവരും തന്നെയാണ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. കുറ്റ്യാടിയില്‍ എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ കെപി കുഞ്ഞമ്മദ്കുട്ടിയും യുഡിഎഫിനുവേണ്ടി പാറക്കല്‍ അബ്ദുള്ളയുമാണ് മത്സരിച്ചത്. 333 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഹമ്മദ് കുട്ടി വിജയിച്ചു. ഇക്കുറിയും മത്സരം പഴയ എതിരാളികള്‍ തമ്മില്‍ തന്നെയാണ്.

jose k mani - mani c kappan
'കൈപ്പത്തി' വേണ്ട; പികെ ശശി സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും

തൃത്താലയില്‍ എല്‍ഡിഎഫിനു വേണ്ടി എംബി. രാജേഷും യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസിന്റെ വി.ടി. ബല്‍റാമുമാണ് മത്സരിച്ചത്. 3016 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജേഷ് ജയിച്ചു. ഇത്തവണയും രാജേഷും ബല്‍റാമും തന്നെയാണ് തൃത്താലയില്‍ അങ്കത്തിനിറങ്ങുന്നത്. മലമ്പുഴയില്‍ കഴിഞ്ഞതവണ എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ എ. പ്രഭാകരനും എന്‍ഡിഎയ്ക്കായി ബിജെപിയുടെ സി. കൃഷ്ണകുമാറുമയിരുന്നു മത്സരരംഗത്ത്. 25734 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പ്രഭാകരന്‍ ജയിച്ചു. ഇത്തവണയും ഇവര്‍ ഇരുവരുംതന്നെയാണ് മത്സരരംഗത്ത്. ഇരിങ്ങാലക്കുടയില്‍നിന്ന് കഴിഞ്ഞ തവണ എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആര്‍. ബിന്ദുവും യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസിലെ തോമസ് ഉണ്ണിയാടനും തമ്മിലായിരുന്നു മത്സരം. 5949 വോട്ടിന് ബിന്ദു ജയിച്ചു. ഇക്കുറിയും ഇവര്‍ ഇരുവരുമാണ് കളത്തില്‍.

കളമശ്ശേരിയില്‍ സിപിഎമ്മിന്റെ പി. രാജീവും മുസ്ലിം ലീഗിന്റെ വിഇ അബ്ദുള്‍ ഗഫൂറും കഴിഞ്ഞ തവണ മത്സരിച്ചപ്പോള്‍ രാജിവിനായിരുന്നു വിജയം. ഇത്തവണയും മണ്ഡലത്തിലെ പോരാളികള്‍ ഇവര്‍ തന്നെയാണ്.കുന്നത്തുനാട്ടില്‍ കഴിഞ്ഞതവണ മത്സരം സിപിഎമ്മിന്റെ പി.വി. ശ്രീനിജിനും കോണ്‍ഗ്രസിന്റെ വി.പി. സജീന്ദ്രനും തമ്മിലായിരുന്നു. 2715 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ശ്രീനിജിന്‍ വിജയിച്ചു. ഇക്കുറിയും ഇവര്‍ തന്നെയാണ് കൊമ്പുകോര്‍ക്കുന്നത്. കോതമംഗലത്ത് 2021-ല്‍ എല്‍ഡിഎഫിനുവേണ്ടി സിപിഎമ്മിന്റെ ആന്റണി ജോണും യുഡിഎഫിനുവേണ്ടി കേരളാ കോണ്‍ഗ്രസിന്റെ ഷിബു തെക്കുംപുറവും തമ്മിലായിരുന്നു മത്സരം. 6605 വോട്ടിനാണ് ആന്റണി ജോണ്‍ ജയിച്ചത്. ഇക്കുറിയും പഴയ എതിരാളികള്‍ തന്നെയാണ് കോതമംഗലത്ത്.

പാലായില്‍ കഴിഞ്ഞതവണ ജോസ് കെ. മാണിയും മാണി സി. കാപ്പനും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. കാപ്പന്‍ 15,378 വോട്ടിന് വിജയിച്ചു. ഇത്തവണയും ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്. കോട്ടയത്ത് 2021-ല്‍ എല്‍ഡിഎഫിനു വേണ്ടി സിപിഎമ്മിന്റെ കെ. അനില്‍കുമാറും യുഡിഎഫിനുവേണ്ടി തിരുവഞ്ചൂരുമായിരുന്നു കളത്തിലിറങ്ങിയത്. തിരുവഞ്ചൂരിനായിരുന്നു വിജയം. ഇക്കുറിയും എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ മാറ്റമില്ല. പൂഞ്ഞാറ്റില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ വിജയിച്ചപ്പോള്‍ കേരള ജനപക്ഷം (സെക്യുലര്‍) നേതാവ് പി.സി. ജോര്‍ജ് ആയിരുന്നു രണ്ടാമതെത്തിയത്. ഇത്തവണയും സെബാസ്റ്റ്യന്‍ തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍ ബിജെപി സ്ഥാനാര്‍ഥിയായാണ് ഇക്കുറി പി.സി. ജോര്‍ജ് കളത്തിലിറങ്ങുന്നത്.

അരൂരിലും കഴിഞ്ഞ തവണത്തെ എതിരാളികളില്‍ മാറ്റമില്ല എല്‍ഡിഎഫിനു വേണ്ടി ദലീമയും യുഡിഎഫിനായി ഷാനിമോള്‍ ഉസ്മാനും. കഴിഞ്ഞ തവണ വിജയം ദലീമയ്‌ക്കൊപ്പമായിരുന്നു. 2021ല്‍ ചവറയില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി സുജിത് വിജയന്‍പിള്ളയും യുഡിഎഫിനുവേണ്ടി ആര്‍എസ്പിയുടെ ഷിബു ബേബിജോണുമായിരുന്നു ഏറ്റുമുട്ടിയത്. സുജിത് വിജയിച്ചു. ഇക്കുറിയും ഇവര്‍ തന്നെയാണ് കളത്തില്‍. പത്തനാപുരത്ത് കഴിഞ്ഞ തവണ ഗണേഷ്‌കുമാറും (കേരളാ കോണ്‍ഗ്രസ് ബി) യുഡിഎഫിന്റെ ജ്യോതികുമാര്‍ ചാമക്കാല (കോണ്‍ഗ്രസ്)യും ആയിരുന്നു. വിജയം ഗണേഷിനായിരുന്നു. ഇക്കുറിയും എതിരാളികളില്‍ മാറ്റമില്ല. ചടയമംഗലത്ത് ഇക്കുറിയും പോരാട്ടം എല്‍ഡിഎഫിന്റെ ജെ. ചിഞ്ചുറാണിയും യുഡിഎഫിന്റെ എന്‍.എം. നസീറും തമ്മിലാണ്. കഴിഞ്ഞതവണ 13678 വോട്ടിനായിരുന്നു ചിഞ്ചുറാണിയുടെ വിജയം. ഇത്തവണ മന്ത്രി പരിവേഷത്തിലാണ് ചിഞ്ചുറാണിയുടെ മത്സരം.

Summary

In sixteen assembly constituencies, the same candidates who contested last time are in the fray once again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com