

തിരുവനന്തപുരം: 12 കോടി രൂപയുടെ മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച മൂന്നു പ്രതികൾക്ക് 24 വർഷം കഠിനതടവും 6,30,000 രൂപ പിഴയും. എറണാകുളം സ്വദേശികളായ മനു വിൽസൺ, അൻവർ സാദത്ത്, രാജ്‌മോഹൻ എന്നിവരെയാണ് തിരുവനന്തപുരം രണ്ടാം അഡീ. സെഷൻസ് കോടതി ശിക്ഷിച്ചത്. 11.2 കിലോ ഹാഷിഷ് ഓയിലും 2.53 കിലോ കഞ്ചാവും വിൽക്കാൻ ശ്രമിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ശിക്ഷ.
ഹാഷിഷ് ഓയിൽ കൈവശംവച്ച് വിൽപ്പന നടത്താൻ ശ്രമിച്ചതിന് 11 വർഷവും കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ചതിന് രണ്ട് വർഷവുമാണ് ശിക്ഷ. മയക്കുമരുന്ന് വിൽപ്പനയെന്ന കുറ്റകൃത്യം നടത്താൻ ശ്രമിച്ചതിനാണ് മറ്റൊരു 11 വർഷത്തെ ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും ജഡ്ജി ആർ.രാജേഷിന്റെ ഉത്തരവിൽ പറയുന്നു.
2019 മേയ് 24-ന് ആന്ധ്രാപ്രദേശിൽനിന്ന് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്ത് വിൽപ്പന നടത്താൻ ശ്രമിക്കുന്നതിനിടെ ഇവർ പിടിയിലാവുന്നത്. കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡിൽ വെൺപാലവട്ടം ഭാഗത്തുവെച്ച് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌കോഡ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ടി.അനികുമാറും സംഘവുമാണ് ഇവരെ പിടികൂടിയത്. കാറിലെ രഹസ്യ അറകളിലാണ് ഹാഷിഷ് ഓയിലും കഞ്ചാവും സൂക്ഷിച്ചിരുന്നത്.
ജോയിന്റ് എക്സൈസ് കമ്മിഷണർ കെ.പ്രദീപ് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. മൂന്നു പ്രതികൾക്കെതിരേയും സംസ്ഥാനത്ത് പല ജില്ലകളിലും സമാനമായ കേസുകൾ നിലവിലുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും നിരസിച്ചിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ എൻ.സി.പ്രിയൻ, ഡി.ജെ.റെക്‌സ്, പി.റോജിൻ എന്നിവർ ഹാജരായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates