

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോക്, എന്‍ പ്രശാന്ത് എന്നിവര്‍ക്ക് അധിക ചുമതല നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ബി അശോകിന്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും, ഭരണപരിഷ്‌കരണ വകുപ്പിന്റെയും അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. കായിക വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്തിന് നികുതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയുടെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് ഒതുക്കപ്പെട്ട ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. സര്‍ക്കാര്‍ നടപടികളേയും ചീഫ് സെക്രട്ടറിയെയും വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശാന്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സര്‍ക്കാരുമായുള്ള ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് അശോകിനെതിരെ നടപടി സ്വീകരിച്ചത്. അപ്രധാന തസ്തികകളിലേക്ക് മാറ്റാനുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ അശോക് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെയാണ്, ഇരുവര്‍ക്കുമെതിരെയുള്ള നടപടികള്‍ പിന്‍വലിച്ചത്. അശോകിനും പ്രശാന്തിനും മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ അധിക ചുമതലയാണ് നല്‍കിയിട്ടുള്ളത്. മുമ്പത്തെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീര്‍ഘകാല വൈദ്യുതി കരാറിലെ നിയമപരവും സാങ്കേതികവുമായ ഗുരുതര വൈകല്യങ്ങളാണ് അത് ഇല്ലാതാകാന്‍ കാരണമെന്ന ബി അശോകിന്റെ പ്രസ്താവന യുഡിഎഫിനെ വെട്ടിലാക്കിയിരുന്നു. 2014-ല്‍ കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച ദേശീയ ബിഡിങ് പ്രക്രിയയില്‍ പങ്കെടുത്ത മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളം മാത്രമാണ് ഒന്‍പത് മാനദണ്ഡ വ്യതിയാനങ്ങള്‍ വരുത്തിയതെന്നും അശോക് വെളിപ്പെടുത്തിയിരുന്നു.
മീനാക്ഷി ആരോഗ്യവകുപ്പ് ഡയറക്ടര്‍
ആരോഗ്യ വകുപ്പ് ഡയറക്ടറായി വി മീനാക്ഷിയെയും സര്‍ക്കാര്‍ നിയമിച്ചു. മീനാക്ഷി ഇതുവരെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല നിര്‍വഹിച്ചു വരികയായിരുന്നു. ഡിഎച്ച്എസിനെ കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശയിലാണ് നടപടി. ആരോഗ്യമന്ത്രി കെ മുരളീധരനുമായി ഇടഞ്ഞ മുന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീനയെ മാറ്റിയാണ് വി മീനാക്ഷിയെ യുഡിഎഫ് സര്‍ക്കാര്‍ ഡിഎച്ച്എസിന്റെ താല്‍ക്കാലിക ചുമതല നല്‍കിയത്. ധനകാര്യ വകുപ്പ് സെക്രട്ടറി പാട്ടീല്‍ അജിത് ഭഗവത് റാവുവിന് കിഫ്ബിചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ( സിഇഒ) പൂര്‍ണ അധിക ചുമതലയും നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates