തിരുവനന്തപുരം: ഓണക്കാലം ബിവറേജസ് കോർപ്പറേഷന് പെരുന്നാളാണ് . ഓണം സീസണിലെ പത്തു ദിവസങ്ങളിലാണ് ബെവ്കോയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത്. ഇത്തവണ ഓണക്കാല വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ആറ് ശതമാനം വർധനവാണ് ബെവ്കോ ലക്ഷ്യമിടുന്നത്.
ഔട്‍ലെറ്റുകളിലും വെയർഹൌസുകളിലും എല്ലാത്തരം മദ്യങ്ങളും സ്റ്റോക്കുണ്ട്. ഓണക്കാല കച്ചവടത്തിനായുള്ള ഒരുക്കങ്ങൾ ഒരു മാസം മുമ്പേ തുടങ്ങിയെന്ന് ബെവ്‌കോയുടെ ചെയർമാനും മാനേജിങ് ഡയറക്ടരുമായ ഹർഷിത അട്ടലൂരി പറഞ്ഞു. "സാധാരണ ഞങ്ങളുടെ ഔട്‍ലെറ്റുകൾ പുതിയ ഓർഡർ നൽകുന്നത് കഴിഞ്ഞ മൂന്നു മാസത്തെ ശരാശരി കച്ചവടത്തിന്റെ അടിസ്ഥാനത്തിലാണ്. പക്ഷെ ഓണം പ്രമാണിച്ച് 20 ശതമാനം അധികം സാധനങ്ങൾക്ക് എല്ലാ ഔട്‍ലെറ്റുകളും ഓർഡർ നൽകി. ഇന്ത്യൻ നിർമിത വിദേശ മദ്യം, വിദേശ മദ്യം, ബിയർ, വൈൻ എല്ലാത്തരം മദ്യങ്ങളും ആവശ്യത്തിന് സ്റ്റോക്കുണ്ട്," അവർ പറഞ്ഞു.
കേരളത്തിൽ ഏറ്റവും ചെലവുള്ള ബ്രാൻഡുകളിൽ ഒന്നാണ് ബിവറേജസ് കോർപറേഷൻ സ്വന്തമായി നിർമ്മിക്കുന്ന ജവാൻ റം. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിലാണ് ജവാന്റെ ഉൽപ്പാദനം.
സാധാരണ പ്രതിദിനം 10,000 കെയ്‌സുകളാണ് ജവാൻ ഉൽപ്പാദനം. ഓണം പ്രമാണിച്ച് ഇത് 12,000 കെയ്‌സുകളായി ഉയർത്തി. ഒരു കേസ് മദ്യമെന്നാൽ ഒൻപത് ലിറ്ററാണ് - ഏതു തരം മദ്യമായാലും, ഏതളവിലെ കുപ്പി ആയാലും.
തിരക്കുള്ള ബെവ്കോ ഔട്‍ലെറ്റുകളിൽ ആളുകളെ നിയന്ത്രിക്കാനായി താൽക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. തിരക്കിന്റെ മറവിൽ നടക്കാവുന്ന മോഷണം തടയുകയും ആളുകളെ നിയന്ത്രിക്കുകയുമാണ് ഇവരുടെ ചുമതല.
അറുപതോളം താൽക്കാലിക ജീവനക്കാരെയാണ് വിവിധ ഔട്‍ലെറ്റുകളിൽ നിയമിച്ചിട്ടുള്ളത്. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് ഇവരെ തെരഞ്ഞെടുത്തത്.
ഔട്‍ലെറ്റിൽ 'പ്ലേ' വേണ്ട, സ്ത്രീകളുടെ അടിയും പൊലീസിന്റെ ഇടിയും കിട്ടും!
ഓണം പഴേ ഓണം തന്നെ, പക്ഷെ ബെവ്കോ അല്പം മാറിയിട്ടുണ്ട്. ജീവനക്കാർക്കെതിരെയുള്ള ആക്രമണങ്ങളെ കർശനമായി നേരിടുമെന്നാണ് എം ഡി ഹർഷിത അട്ടലൂരിയുടെ നിലപാട്. കോർപറേഷനിലെ 45 ശതമാനം ജീവനക്കാർ വനിതകളാണ്. കഴിഞ്ഞ ഓണക്കാലത്തിന് ശേഷം സ്ത്രീ ജീവനക്കാർക്ക് സ്വയം സംരക്ഷണത്തിനായി കായിക പരിശീലനം നൽകി. കേരളാ പൊലിസിലെ വിദഗ്ദ്ധരാണ് പരിശീലനം നൽകിയത്.
"ആദ്യമേ പറയട്ടെ, ജീവനക്കാരോട് കസ്റ്റമേഴ്സിനോട് സൗഹാർദപരമായി പെരുമാറാൻ ഞങ്ങൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ അടുത്തിടെ ജീവനക്കാർക്കെതിരെ ചില ആക്രമണങ്ങളുണ്ടായി. ബെവ്കോ മാനേജ്‌മെന്റ് ഇത്തരം സംഭവങ്ങളെ വളരെ ഗൗരവത്തിൽ കാണുന്നു. കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഞങ്ങൾ ഉറപ്പാക്കും. എല്ലാ കേസുകളും ഹെഡ്ക്വാർട്ടേഴ്‌സ് ഫോളോ അപ്പ് ചെയ്യുന്നുണ്ട്," ഹർഷിത പറഞ്ഞു.
"സുരക്ഷാ ഭീഷണി തോന്നിയാൽ ഉടനെ പൊലിസ് സഹായം തേടാൻ ഞങ്ങൾ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്," അവർ കൂട്ടിച്ചേർത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
