

ആലപ്പുഴ: പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാർത്ഥി സന്ദീപ് വചസ്പതി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി പ്രവർത്തകർക്കൊപ്പമെത്തി ഭാരത് മാതാ കീ ജയ് മുദ്രാവാക്യം മുഴക്കിയ ശേഷമായിരുന്നു പുഷ്പാർച്ചന.
കേരളത്തിലെ പട്ടിക വിഭാഗങ്ങളോടും പാവങ്ങളോടും ഇടതു മുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണു രക്തസാക്ഷി മണ്ഡപമെന്നും മുതിര ഇട്ടാണു വെടിവയ്ക്കുകയെന്നു തെറ്റിദ്ധരിപ്പിച്ചു സാധാരണക്കാരെ തോക്കിനു മുന്നിൽ മരണത്തിലേക്കു തള്ളിവിടുകയാണു നേതാക്കൾ ചെയ്തതെന്നും സന്ദീപ് ആരോപിച്ചു. ഈ നാടിന് വേണ്ടി ബലിദാനികളായ സാധരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും പുഷ്പാർച്ചനയ്ക്ക് ശേഷം സന്ദീപ് പ്രതികരിച്ചു.
പുന്നപ്രയിലും വയലാറിലും ഉണ്ടായ വെടിവെയ്പ്പിൽ എത്രപേർ മരിച്ചുവീണ് എന്നതിന് സിപിഎം നേതാക്കളുടെ പക്കൽ ഒരു കണക്കുമില്ല. കമ്യൂണിസ്റ്റ് വഞ്ചനയിൽ അകപ്പെട്ട് ജീവിതം ഈ രാഷ്ട്രത്തിന് വേണ്ടി ഹോമിക്കേണ്ടി വന്നവരുടെ സ്മരണയ്ക്ക് മുന്നിൽ ആദരാജ്ഞലികൾ അർപ്പിക്കാനാണ് എത്തിയത്. ഭാരതത്തിലെ പൗരൻ എന്ന നിലയിലെ ഇത് തന്റെ കടമായാണെന്നും സന്ദീപ് വ്യക്തമാക്കി.
എന്നാൽ സന്ദീപിന്റെ ഈ നീക്കത്തിനെതിരെ സിപിഎം, സിപിഐ നേതാക്കൾ രംഗത്തെത്തി. ചരിത്രത്തോടുള്ള അവഹേളനമാണ് ഇതെന്ന് ഇരു പാർട്ടികളും പ്രതികരിച്ചു. രക്തസാക്ഷികളെ അപമാനിക്കാനാണ് ബിജെപി സ്ഥാനാർത്ഥി ശ്രമിച്ചതെന്ന് ആലപ്പുഴയിലെ സിപിഎം സ്ഥാനാർത്ഥി പിപി ചിത്തരഞ്ജൻ ആരോപിച്ചു.
സ്മാരകത്തിന്റെ ഗെയ്റ്റ് തകർത്താണ് ബിജെപി സ്ഥാനാർത്ഥി അകത്ത് കടന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി ആരോപിച്ചു. ബോധപൂർവം സംഘർഷമുണ്ടാക്കാനുള്ള ശ്രമാണിതെന്നും സന്ദീപിനെതിരെ പരാതി നൽകുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates