

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിൽ ഇഷ്ടികയ്ക്ക് വിലക്ക്. അപകടത്തിൽപ്പെട്ട ബസിന്റെ ആക്സിലറേറ്റർ പെഡലിന് സമീപം ഇഷ്ടിക കണ്ടെത്തിയതിന് പിന്നാലെയാണ് വിലക്ക് ഏർപ്പെടുത്തിയത്. ബസിനുള്ളിൽ ഇത്തരം വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഉടൻമാറ്റാൻ ഡ്രൈവർമാർക്ക് കർശനനിർദേശം നൽകി.
കഴിഞ്ഞമാസം അവസാനം തിരുവനന്തപുരം-കൊല്ലം ദേശീയപാതയിൽ തെന്നിമറിഞ്ഞ ഫാസ്റ്റ് പാസഞ്ചറിന്റെ ഡ്രൈവർ കാബിനിലാണ് ചുടുകട്ട കണ്ടെത്തിയത്. ആക്സിലേറ്റർ അമർത്തിവെക്കാൻ ഡ്രൈവർ ചുടുകട്ട ഉപയോഗിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. ബസിന്റെ സാങ്കേതിക തകരാറും അപകടത്തിന് ഇടയാക്കിയതായി സൂചനയുണ്ട്. ഒരു വശത്തെ ബ്രേക്കുകൾമാത്രമാണ് പ്രവർത്തിച്ചത്. കാൽ ഉയർത്തിവെക്കാനാണ് ചുടുകട്ട ഉപയോഗിച്ചതെന്നാണ് ഡ്രൈവറുടെ മൊഴി.
ഡ്രൈവർകാബിനിൽ ഇത്തരം വസ്തുക്കൾ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. ഇവ പെഡലിന് അടിയിൽപ്പെട്ടാൽ ബ്രേക്ക് അമർത്താൻ കഴിയില്ല. ഡ്രൈവറുടെ ഉയരത്തിനനുസരിച്ച് ക്രമീകരിക്കാൻ കഴിയാത്ത സീറ്റുകൾ ഘടിപ്പിക്കുന്നതാണ് ഇത്തരം വസ്തുക്കളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ഡ്രൈവർമാർ പറയുന്നു. ചില ബസുകളിൽ ആക്സിലറേറ്റർ ഉയർത്തിയാണ് ഘടിപ്പിച്ചിട്ടുള്ളത്. ഇതിനുപാകമായി കാൽ വയ്നുള്ള സൗകര്യം ഉണ്ടാകില്ല. കാൽ തൂക്കിയിടുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പലരും കട്ടയും തടിയുമൊക്കെ ഉപയോഗിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates