കൊല്ലം: നമ്പർ പ്ലേറ്റ് ഇല്ലാത്തതിന് പൊലീസ് പിടിച്ച് കേസെടുത്ത് വിട്ടുകൊടുത്ത ബൈക്കുമായി സ്റ്റേഷന് മുന്നിൽ അഭ്യാസം. ഇത് വീഡിയോയിൽ പിടിച്ച് പൊലീസിനെ വെല്ലുവിളിച്ച് യുട്യൂബിൽ ഇടുകയും ചെയ്തു. കൊല്ലം പരവൂർ സ്റ്റേഷനു മുന്നിൽ നടത്തുന്ന ബൈക്ക് പ്രകടനത്തിന്റെ വീഡിയോയാണ് വൈറലായത്.
കൊല്ലം- പരവൂർ തീരദേശ പാതയിൽ നിന്നു പൊലീസ് ബൈക്ക് പിടികൂടുന്നത് മുതൽ മൊബൈൽ ഫോണിൽ രഹസ്യമായി ചിത്രീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് സംഭവം. നമ്പർ പ്ലേറ്റില്ലാത്ത സ്പോർട്സ് ബൈക്ക് പൊലീസുകാർ സ്റ്റേഷനിലേക്ക് കൊണ്ടു പോകുന്നതും വീഡിയോയിൽ കാണാം. സ്റ്റേഷനിൽ നിന്ന് ബൈക്ക് യുവാവ് പുറത്തേക്ക് ഇറക്കുന്നതാണ് അടുത്ത ദൃശ്യം. റോഡിലേക്കിറങ്ങിയ ഉടൻ ബൈക്ക് ഓടിച്ച യുവാവ് പിൻവശത്തെ ടയർ പൊക്കി ഒടിച്ചു പോകുകയും ചെയ്യുന്നുണ്ട്.
'അവനെ പിടിക്കാൻ ഏമാൻമാർക്ക് ഉടൽ വിറയ്ക്കും. അവൻ നാലാം ദിവസം സ്റ്റേഷനിൽ നിന്ന് പൊടിതട്ടി ഇറങ്ങിപ്പോകും. പിടിച്ചവനെ ഐസ് പെട്ടിയിൽ കിടത്തും'- എന്നിങ്ങനെ ഭീഷണിയാടെയാണ് വീഡിയോ അവസാനിക്കുന്നത്. വീഡിയോയ്ക്ക് പ്രചാരം ലഭിച്ചതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates