തിരുവനന്തപുരം: സിപിഐയ്ക്ക് എതിരെ ചിന്ത വാരികയില്‍ വന്ന കാര്യങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചിന്ത ലേഖനത്തിന് എതിരെ സിപിഐ മുഖപ്രസിദ്ധീകരണം നവയുഗം തുടര്‍ച്ചയായി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച പശ്ചാത്തലത്തിലാണ് കോടിയേരിയുടെ പ്രതികരണം. നവയുഗവും ചില കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്, ഇരു ഭാഗത്തു നിന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടിയേരി പറഞ്ഞു. ചിന്തയ്ക്കും സിപിഎമ്മിനുമെതിരെ 'കണ്ടാലും കൊണ്ടാലും പഠിക്കാത്തവര്‍' എന്ന തലക്കെട്ടോടെയാണ് നവയുഗം ലേഖനം പ്രസിദ്ധീകരിച്ചത്.
വിവാദം അവസാനിപ്പിക്കാന്‍ സിപിഎം ചിന്തയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സിപിഐയുടെ ഭാഗത്ത് നിന്നും ഇടപെടല്‍ ഉണ്ടാവണമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ അനവസരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്കുനേരെ കടുത്ത വിമര്‍ശനമായിരുന്നു ചിന്താ വാരികയില്‍ പ്രസിദ്ധീകരിച്ചു വന്നത്. കമ്യൂണിസ്റ്റ് പേരും ചെങ്കൊടിയും ഉപേക്ഷിക്കേണ്ടിയിരുന്ന പാര്‍ട്ടിയായിരുന്നു സിപിഐ എന്നായിരുന്നു ലേഖനത്തിലെ പരാമര്‍ശം. റിവിഷനിസ്റ്റ് രോഗം ബാധിച്ചവരും വര്‍ഗവഞ്ചകരെന്ന വിശേഷണം അന്വര്‍ഥമാക്കുന്നവരുമാണ് സിപിഐ എന്നും ചിന്ത ലേഖനത്തില്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിസമ്മേളനങ്ങളിലെ പ്രസംഗത്തിന് സിപിഐ തയ്യാറാക്കിയ കുറിപ്പില്‍ ഇടതുപക്ഷത്തെ തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന പ്രയോഗമുണ്ടായിരുന്നു. ഇതിനെതിരേയായിരുന്നു 'തിരുത്തല്‍വാദത്തിന്റെ ചരിത്രവേരുകള്‍' എന്നപേരില്‍ ചിന്തയിലെ ലേഖനം. സിപിഎം ഒറ്റപ്പാലം ഏരിയ കമ്മിറ്റി അംഗവും പാലക്കാട് കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം ചെയര്‍മാനുമായ ഇ രാമചന്ദ്രനാണ് ചിന്തയിലെ ലേഖനം എഴുതിയത്.
ഇതിനെതിരെ രണ്ട് ലക്കങ്ങളില്‍ നവയുഗത്തില്‍ ലേഖനം വന്നു. കഴിഞ്ഞദിവസം പുറത്തുവന്ന ലേഖനത്തില്‍ ഇഎംഎസിനും സിപിഎമ്മിനും എതിരെ രൂക്ഷവിമര്‍ശനമാണ് നവയുഗം നടത്തിയത്. കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വഞ്ചന നടത്തിയതും അതിനു നേതൃത്വം കൊടുത്തതും മുന്‍ മുഖ്യമന്ത്രിയായ ഇഎംഎസ് ആണെന്ന് ഉള്‍പ്പെടെയുള്ള പരാമര്‍ശങ്ങള്‍ നവയുഗത്തില്‍ ഉണ്ടായിരുന്നു. ആദ്യമായി തുടര്‍ഭരണം കിട്ടയ അച്യുത മേനോന്‍ സര്‍ക്കാരിന്റെ മികച്ച പ്രകടനത്തെ ചരിത്രത്തില്‍ നിന്ന് മറയ്ക്കാന്‍ സിപിഎം ശ്രമിക്കുന്നതായും നവയുഗം ആരോപിച്ചിരുന്നു. കേരളത്തില്‍ മാവോയിസത്തിന്റെ പേരില്‍ ഒന്‍പതുപേരെയാണ് വ്യാജ പേരില്‍ ഏറ്റുമുട്ടലിന്റെ പേരില്‍ കൊന്നത്. രാജന്‍ സംഭവത്തിന്റെ അച്യുതമേനോനെ വിമര്‍ശിക്കുന്നവര്‍ മാവോയിസ്റ്റുകളെ കൊന്നതിന്റെ പേരില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ അധിഷേപിക്കാന്‍ തയ്യാറാകുമോ എന്നും നവയുഗം ലേഖനത്തില്‍ ചോദിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates