

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ അക്രമസംഭവങ്ങളിൽ ഡിവൈഎഫ്ഐക്ക് മുന്നറിയിപ്പുമായി സിപിഐ. അക്രമ രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങള്‍ വിസ്മരിക്കരുതെന്ന് മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിൽ സിപിഐ ഓർമ്മിപ്പിച്ചു.
സംഘര്‍ഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമസംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആക്രമണകാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തലത്തില്‍ നിന്നും ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനമായി തരംതാഴുന്നതാണ്. ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണത്.
പശുവിന്റെ പേരിലും മതത്തിന്റെ പേരിലും ലൗജിഹാദിന്റെ പേരിലുമുണ്ടായ അക്രമസംഭവങ്ങളെ നഖശിഖാന്തം എതിര്‍ക്കുകയും അപലപിക്കുകയും ചെയ്തു പോന്ന ഒരു ജനാധിപത്യ സംഘടനയുടെ ലേബലിലാണ് കൊടുമണ്‍ വീഡിയോ നിര്‍മ്മിച്ചതും പ്രചരിപ്പിച്ചതുമെന്നത് കേരളത്തിലെ ഇടതുപക്ഷ‑ജനാധിപത്യ ചേതനയെ ഞെട്ടിപ്പിക്കുന്നതാണ്.
ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സിപിഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. അക്രമങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാ സംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍.
അക്രമങ്ങള്‍കൊണ്ടും സര്‍വാധിപത്യ പ്രവണതകള്‍കൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിര്‍ത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞേ മതിയാവൂ. അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നല്കിയ പാഠങ്ങള്‍ തിരിച്ചറിയാനും തിരുത്താനും വൈകുന്നതിന് വലിയ വില നല്‌കേണ്ടിവരുമെന്നും എഡിറ്റോറിയൽ ഓർമ്മിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates