കേരളത്തെ ചോരക്കളമാക്കാന്‍ വര്‍ഗീയ ശക്തികളുടെ തീക്കളി; സമാധാന ജീവിതത്തെ തകിടംമറിക്കാന്‍ ഗൂഢാലോചനയെന്ന് സിപിഎം

ബിജെപിയുടെ സ്വരം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ കേള്‍ക്കുന്നതെന്ന് സിപിഎം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം:  കേരളത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കാന്‍ രണ്ട് വിഭാഗം വര്‍ഗ്ഗീയശക്തികള്‍ നടത്തുന്ന നിഷ്ഠൂരമായ പരസ്പര കൊലപാതക രാഷ്ട്രീയം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സിപിഎം. കേരളത്തെ ചോരക്കളമാക്കാന്‍ വിരുദ്ധ വര്‍ഗ്ഗീയ ശക്തികളുടെ തീക്കളിക്കെതിരെ എല്ലാ മതനിരപേക്ഷ വിശ്വാസികളും കുടുംബങ്ങളും ഉണര്‍വോടെയും ജാഗ്രതയോടെയും രംഗത്തു വരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

എല്‍ഡിഎഫ് ഭരണത്തില്‍ കേരളം രാജ്യത്തെ ഏറ്റവും മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമായി മാറിയെന്ന് പ്രസ്താവനയില്‍ പറയുന്നു. അതില്ലാതാക്കാനുള്ള ബോധപൂര്‍വമായ യജ്ഞത്തിലാണ് വര്‍ഗ്ഗീയ ശക്തികള്‍. മതവര്‍ഗ്ഗീയത പരത്തി ജനങ്ങളില്‍ സ്പര്‍ദ്ധയും അകല്‍ച്ചയും ഉണ്ടാക്കി നാട്ടില്‍ വര്‍ഗ്ഗീയ ലഹളയുണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനു വേണ്ടി സമൂഹ മാധ്യമങ്ങളെയടക്കം ദുരുപയോഗപ്പെടുത്തുന്നുണ്ട്. 

ആലപ്പുഴ ജില്ലയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് വര്‍ഗ്ഗീയ ശക്തികള്‍ മത്സരിച്ച് നടത്തിയ കൊലപാതകങ്ങള്‍ മനുഷ്യത്വത്തേയും സമാധാന ജീവിതത്തേയും വെല്ലുവിളിക്കുന്നതാണ്. എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറിയെ സ്‌കൂട്ടറില്‍ കാറിടിച്ചിട്ട് ബിജെപിക്കാര്‍ അരുംകൊല ചെയ്തപ്പോള്‍, ബിജെപി നേതാവിനെ വീടുകയറി എസ്ഡിപിഐക്കാര്‍ നിഷ്ഠൂരമായി കൊല്ലുകയായിരുന്നു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനജീവിതത്തെ തകിടം മറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ ആക്രമണങ്ങള്‍. 

അക്രമ ശക്തികള്‍ക്കെതിരെ കര്‍ശനമായ ഭരണ  പൊലീസ് നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ തല്‍ക്ഷണം നീങ്ങിയത് ആശ്വാസകരമാണ്. രണ്ട് കൊലപാതകങ്ങളിലേയും കുറ്റവാളികളേയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പിടികൂടാന്‍ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വര്‍ഗ്ഗീയ ശക്തികള്‍ക്കും അക്രമകാരികള്‍ക്കുമെതിരായ ഭരണത്തിന്റെ നിശ്ചയദാര്‍ഢ്യം വ്യക്തമാക്കുന്നതാണ്. കൊലപാതക ശക്തികള്‍ തന്നെ എല്‍ഡിഎഫ് ഭരണത്തെ കുറ്റപ്പെടുത്താന്‍ ഇറങ്ങിയിരിക്കുന്നത് അതിശയകരമാണ്. കേരളം നിയമവാഴ്ചയില്ലാത്ത സംസ്ഥാനമായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഢയുടെ പ്രസ്താവന ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കുന്നതാണ്. ബിജെപിയുടെ സ്വരം തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ കേള്‍ക്കുന്നതെന്ന് സിപിഎം ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com