കോഴിക്കോട് : കോഴിക്കോട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ചവര്‍ സ്വര്‍ണക്കടത്തു സംഘത്തില്‍പ്പെട്ടവരെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് ഇടനിലക്കാരാണ് ഇവരെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഏകദേശം 15 വാഹനങ്ങള്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പ്രദേശത്തുണ്ടായിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
സ്വര്‍ണം കടത്തുന്നവരെ കൊള്ളയടിക്കുന്ന സംഘത്തില്‍പ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടമുണ്ടായ വാഹനത്തില്‍ നിന്നും സ്വര്‍ണമോ മറ്റോ കണ്ടെടുത്തിട്ടില്ല. എല്ലാ കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട് എന്നാണ് ഇതേപ്പറ്റി മാധ്യമങ്ങളുടെ ചോദ്യത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ പ്രതികരിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങാൻ വന്നവരും ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ചവരും ഇവരെ രക്ഷിക്കാനെത്തിയവരും അടക്കം വിവിധ സംഘങ്ങളാണ് 15 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. ഇതിനിടെ, ചേസിങ് ഉണ്ടായെന്നും ഒരു വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞെന്നുമാണ് പ്രാഥമിക നിഗമനം.
എന്നാൽ, അപകടത്തിൽപ്പെട്ട വാഹനത്തിൽനിന്ന് അപകടമുണ്ടായ ഉടൻ മറ്റൊരു സംഘം സ്വർണം മാറ്റിയിട്ടുണ്ടോ എന്നകാര്യവും പൊലീസ് സംശയിക്കുന്നുണ്ട്. വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയാണ് ഈ സംഘങ്ങൾ സ്വർണക്കടത്ത് പ്രവർത്തനം ഏകോപിപ്പിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ചരൽ ഫൈസൽ എന്നയാൾക്ക് എസ്കോർട്ട് പോവുകയായിരുന്നു എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട്, അപകടത്തിൽ മരിച്ച അഞ്ചുപേരുടെ സുഹൃത്തുക്കളാണെന്ന് അവകാശപ്പെടുന്ന ആറു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽ സുഹൃത്തിനെ വിളിക്കാനെത്തിയതാണെന്നും, ഇതിനിടെ അപകടത്തിൽപ്പെട്ട ബൊലേറോ കാറിലുണ്ടായിരുന്നവർ വെള്ളം വാങ്ങിക്കാനായി രാമനാട്ടുകര ഭാഗത്തേക്ക് പോയതാണെന്നുമാണ് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.
ഇന്നു പുലർച്ചെയാണ് രാമാനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചത്. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. എന്നാൽ, നിയന്ത്രണംവിട്ട് മറിഞ്ഞതിന് ശേഷമാണ് ബൊലേറാ തന്റെ വാഹനത്തിലിടിച്ചതെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണറും സൂചിപ്പിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates