തിരുവനന്തപുരം: സിപിഎം നേതാവും മുൻ എംപിയുമായ പികെ ബിജുവിന്റെ ഭാര്യയ്ക്കു കേരള സർവകലാശാലയിൽ ലഭിച്ച അസി. പ്രൊഫസർ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് പരാതി. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയ്ൻ സമിതിയാണ് പരാതി സമർപ്പിച്ചത്. യുജിസിക്കും പരാതി കൈമാറിയിട്ടുണ്ട്.
നിയമനം ലഭിക്കാൻ സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡാറ്റ കോപ്പിയടിച്ചതാണെന്ന് പരാതിയിൽ ആരോപിക്കുന്നു. ഇത്തരത്തിലൊരു പരാതി കേരള സർവകലാശാലയിൽ ആദ്യമാണ്.
കേരള സർവകലാശാലയുടെ ബയോകെമിസ്ട്രി പഠന വകുപ്പിലാണു പികെ ബിജുവിന്റെ ഭാര്യയ്ക്ക് അസി. പ്രൊഫസറായി നിയമനം നൽകിയത്. 2020ൽ അപേക്ഷിച്ച 140 പേരിൽ നിന്നാണ് ഓപ്പൺ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചത്. ഉന്നത യോഗ്യതകളുള്ള ഉദ്യോഗാർഥികളെ ഒഴിവാക്കിയാണു നിയമനം നൽകിയതെന്ന് അന്നു തന്നെ പരാതി ഉയർന്നിരുന്നു. അപേക്ഷയോടൊപ്പം സമർപ്പിച്ച ഗവേഷണ പ്രബന്ധങ്ങൾക്കു ലഭിച്ച മാർക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നൽകിയത്.
രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പബ്പീർ വെബ്സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. ഡാറ്റ തട്ടിപ്പ് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദഗ്ധരെ ചുമതലപ്പെടുത്തണമെന്ന് ഗവർണറോടും യുജിസി അധ്യക്ഷനോടും വൈസ്ചാൻസലറോടും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രബന്ധങ്ങൾ കോപ്പിയടിച്ചതാണെന്ന ആക്ഷേപം പലർക്കെതിരെയും മുൻപ് പലപ്പോഴും ഉണ്ടായിട്ടുണ്ട്. എന്നാൽ ഡാറ്റയെ സംബന്ധിച്ചുള്ള പരാതി രാജ്യത്തു തന്നെ അപൂർവമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. 2013ൽ സംവരണ തസ്തികയിലേക്കു നടന്ന നിയമനത്തിന് 18 അപേക്ഷകർ മാത്രം ഉണ്ടായിരുന്നപ്പോൾ പികെ ബിജുവിന്റെ ഭാര്യക്കു നിയമനം ലഭിച്ചിരുന്നില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates