പെരുമഴയില്‍ വിറങ്ങലിച്ച് നാട്: ദുരന്തഭൂമിയായി കൂട്ടിക്കലും കൊക്കയാറും; മരണം 9 ആയി; എട്ട് പേര്‍ മണ്ണിനടിയില്‍; രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ സംഘം

സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം ഒന്‍പതായി
കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ / വീഡിയോ ദൃശ്യം
കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍ / വീഡിയോ ദൃശ്യം
Updated on
2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം ഒന്‍പതായി. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴ തുടരുകയാണ്.

ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി

മഴക്കെടുതിയില്‍ വ്യാപകമായ നാശനഷ്ടമുണ്ടായത് കോട്ടയത്താണ്്. കിഴക്കന്‍മേഖല വെള്ളത്തിലായി. കൂട്ടിക്കല്‍ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പതിനഞ്ചുപേരെ കാണാതായി. ഏഴുപേരുടെ മൃതേദേഹം കണ്ടെത്തി. ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ക്ലാരമ്മ ജോസഫ് (65), സിനി (35), സിനിയുടെ മകള്‍ സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. പ്ലാപ്പള്ളി ടൗണിലെ ചായക്കടയും രണ്ടുവീടും ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. പ്ലാപ്പള്ളിയില്‍ കാണാതായവരില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ, ആറ്റുചാലില്‍ ജോമി ആന്റണിയുടെ ഭാര്യ സോണിയ, മുണ്ടശേരി വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരെയാണ് കാണാതായതായി സ്ഥിരീകരിച്ചത്. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്. കനത്തമഴയും പിന്നീടുണ്ടായ ഉരുള്‍പൊട്ടലുകളും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തു.

എട്ട് പേര്‍ മണ്ണിനടിയില്‍
 

കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയില്‍ ഉരുള്‍പൊട്ടി ഏഴ് പേരെ കാണാതായി. പതിനേഴോളം പേരെ രക്ഷപ്പെടുത്തിയതായാണ് പ്രദേശവാസികള്‍ നല്‍കുന്ന വിവരം. നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്തിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയി. എത്ര പേര്‍ ദുരന്തത്തിലകപ്പെട്ടുവെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. മഴയും ഇരുട്ടും വൈദ്യുതിസംവിധാനങ്ങള്‍ തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നു.

കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. സ്വകാര്യസ്ഥാപനത്തിലെ സഹപ്രവര്‍ത്തകരായ യുവതിയും യുവാവുമാണ് മരിച്ചത്. കൂത്താട്ടുകുളം സ്വദേശിയായ നിഖില്‍, ഇദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്ത യുവതിയുമാണ് മരിച്ചത്. 

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്  മൂന്ന് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്‌

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2392.88 അടിയാണ്. മൂന്ന് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്‌ പ്രഖ്യാപിച്ചേക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്. 

വെള്ളപ്പൊക്കം മണ്ണിടിച്ചില്‍ സാധ്യതകളെ തുടര്‍ന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരെ പ്രവേശിപ്പിക്കില്ല. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് തീര്‍ത്ഥാടകര്‍ക്ക് ശബരിമലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

തിരുവനന്തപുരം ജില്ലയില്‍ തെക്കന്‍ മലയോര മേഖലയില്‍ കനത്ത മഴ തുടരുകയാണ്. വാമനപുരം നദിയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറിലും ജലനിരപ്പ് ഉയരുകയാണ്. അമ്പൂരി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ നിലവില്‍ 370 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് 27 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 

വടക്കന്‍ ജില്ലകളിലും വ്യാപകമഴ
 

മലബാറിലും മഴക്കെടുതി രൂക്ഷമാണ്. കാസര്‍കോട് വെള്ളരിക്കു്ണ്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ആളുകളെ മാറ്റിയിട്ടുണ്ട്. ചെറുപുഴ- ചീറ്റാരിക്കല്‍ റോഡ് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലകളിലും കനത്ത മഴതുടരുന്നു. തിരുവമ്പാടി,കോടഞ്ചേരി, താമരശേരി, അടിവാരം തുടങ്ങിയ സ്ഥലങ്ങളും മഴ തുടരുകയാണ്. 

നെല്ലിപ്പൊയില്‍–ആനക്കാംപൊയില്‍ റോഡില്‍ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തിരുവമ്പാടി ടൗണില്‍ വെളളംകയറി. ഇവിടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. ആർക്കും പരുക്കില്ല. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട്  ചുരത്തിൽ ഗതാഗതം തടസപ്പെട്ടു

വയനാട് ചുരത്തിലെ എട്ട്, ഒമ്പത് ഹെയർ പിൻ  വളവുകൾക്കിടയിൽ മരം വീണതിനെ തുടർന്ന് ചുരത്തിൽ ഗതാഗതം തടസപ്പെട്ടു.  കൽപ്പറ്റയിൽ നിന്നും മുക്കത്ത് നിന്നുമുള്ള അഗ്നിശമന സേനയും പൊലീസും തടസ്സം നീക്കാനായി ശ്രമിക്കുന്നുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com