ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജോജുവിന്റെ മൊഴിയെടുക്കും; കാര്‍ തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞു; ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുന്നു

ജോജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തേക്കും
Published on

കൊച്ചി: ഇന്ധനവില വര്‍ധനക്കെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തിലുണ്ടായ അക്രമത്തില്‍ നടന്‍ ജോജു ജോര്‍ജിനെ പൊലീസ് വിളിച്ചു വരുത്തി മൊഴിയെടുക്കും. ജോജുവിന് ഒപ്പമുണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. സംഭവത്തിന്റെ ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.

കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞു. ജോജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതി ചേര്‍ത്തേക്കും. അക്രമം നടത്തിയവരുടെ അറസ്റ്റും ഇന്നുണ്ടായേക്കും. 

വാഹനം ആക്രമിച്ചെന്നാരോപിച്ച് ജോജു നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ഇന്നലെ തന്നെ കേസെടുത്തിരുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ നേതൃത്വത്തിലാണ് ജോജുവിനെ കയ്യേറ്റം ചെയ്തതെന്നും വാഹനത്തിന് ആറ് ലക്ഷം രൂപയുടെ കേടുപാടുണ്ടാക്കിയെന്നും എഫ്‌ഐആറിലുണ്ട്.

മൊഴി വ്യാജമെന്ന് ടോണി ചമ്മിണി

അതേസമയം ജോജു തനിക്കെതിരെ നല്‍കിയ മൊഴി വ്യാജമാണെന്ന് ടോണി ചമ്മിണി പറയുന്നു. ജോജുവിനോട് അസഭ്യം പറയുകയോ, കഴുത്തില്‍ പിടിക്കുകയോ ചെയ്തിട്ടില്ലെന്നും ടോണി പറഞ്ഞു. ജോജുവിന്റെ വാഹനം തടഞ്ഞത് സ്വാഭാവികമായ വികാരപ്രകടനം മാത്രമാണ്. എന്നാല്‍ കാര്‍ തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരല്ലെന്നും ടോണി ചമ്മിണി പറഞ്ഞു. 

ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

അതിനിടെ, സംഘര്‍ഷത്തിനിടെ ജോജു ജോര്‍ജ് അപമര്യാദയായി പെരുമാറിയെന്ന വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍, ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചശേഷം മാത്രം കേസെടുത്താല്‍ മതിയെന്നാണ് പൊലീസ് തീരുമാനം. ജോജു മദ്യപിച്ചിരുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നെങ്കിലും, വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞിരുന്നു. 

കൂടുതല്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും

ഇന്നലെ നടന്ന റോഡ് ഉപരോധവുമായി ബന്ധപ്പെട്ടും കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും. മണിക്കൂറുകളോളം ദേശീയ പാതയില്‍ ഗതാഗതം തടസപ്പെടുത്തിയതിനാലാണ് ഇത്തരമൊരു നടപടിയിലേക്ക് പൊലീസ് നീങ്ങുന്നത്. അഞ്ചു മിനിറ്റ് സമരത്തിനാണ് അനുമതി നല്‍കിയതെങ്കിലും സമരം 45 മിനിറ്റ് നീണ്ടതാണു ഗതാഗതക്കുരുക്കു രൂക്ഷമാകാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. 

ഇതോടെ 8 ജംക്ഷനുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. റോഡിലെ 2 ലെയ്‌നുകളും തടഞ്ഞു. ഒരു ലെയ്ന്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും സമരക്കാര്‍ വഴങ്ങിയില്ലെന്നും പൊലീസ് പറഞ്ഞു. ഇന്ധന വില വര്‍ധനവിനെതിരെ കൊച്ചിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെയാണ് ജോജു ജോര്‍ജും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com