

കാസർക്കോട്: ഗൃഹനാഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കാസർക്കോട് പിലിക്കോട് മടിവയലിലെ പത്താനത്ത് കുഞ്ഞമ്പു (66) ആണ് മരിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ജാനകിയടക്കം മൂന്ന് ബന്ധുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജാനകിയുടെ സഹോദരിയുടെ മകൻ രാജേഷ്, ബന്ധുവായ അനിൽ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.
ശരീരം തളർന്ന് കിടപ്പിലായിരുന്ന കുഞ്ഞമ്പുവിന്റെ നെറ്റിയിലും താടിയിലും മുറിവ് കണ്ടെത്തിയിരുന്നു. കഴുത്തിൽ കയര്‍ മുറുക്കിയ പാടും കണ്ടിരുന്നു. കിടപ്പ് മുറിയിലെ രക്തക്കറ കഴുകി കളഞ്ഞതായും വ്യക്തമായിരുന്നു.
ബുധനാഴ്ച രാത്രി 10 മണിയോടെ നാട്ടുകാരനായ ആംബുലന്‍സ് ഡ്രൈവറെ, രാജു എന്ന് പറഞ്ഞു ഒരാൾ ഫോണിൽ ബന്ധപ്പെട്ട് മടിവയലില്‍ ഒരാള്‍ക്ക് ശ്വാസം കിട്ടാതെ കിടക്കുന്നുണ്ടെന്നും ഉടൻ എത്തണമെന്നും ആവശ്യപ്പെട്ടു. ആംബുലന്‍സ് ഡ്രൈവര്‍ മടിവയലിൽ എത്തിയെങ്കിലും വീട് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോൺ വിളിച്ചയാളെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഫോണ്‍ സ്വിച് ഓഫ് ചെയ്ത നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ ഈ നമ്പര്‍ പൊലീസിന് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട് കണ്ടെത്തിയത്.
വീട്ടില്‍ എത്തിയപ്പോൾ കുഞ്ഞമ്പുവിനെ മരിച്ച നിലയില്‍ കാണുകയായിരുന്നു. ഭാര്യ ജാനകിയോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടിയല്ല ലഭിച്ചതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തുടക്കം മുതൽ തന്നെ മരണത്തിൽ ദുരൂഹത നിലനിന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates