

തിരുവനന്തപുരം: യുഡിഎഫ് സുനാമിയിൽ ഇടതു കോട്ടകളെന്നു പേരു കേട്ട പല ഇടങ്ങളും ഒലിച്ചു പോകുന്ന കാഴ്ചയ്ക്കാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ സംസ്ഥാനം സാക്ഷിയായത്. 14ൽ അഞ്ച് ജില്ലകളിൽ ഇടതുപക്ഷത്തെ ജനം പാടെ കൈയൊഴിയുന്ന അമ്പരപ്പിക്കുന്ന ഫലമാണ് പുറത്തു വന്നത്. മലപ്പുറം, വയനാട്, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ യുഡിഎഫ് തൂത്തുവാരി. കാസർകോട്, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിൽ ഒരോ സീറ്റ് മാത്രമാണ് എൽഡിഎഫിനു കിട്ടിയത്.
മന്ത്രിമാരടക്കം നിരവധി അതികായരാണ് ഇത്തവണ പരാജയം രുചിച്ചത്. ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, പാലായിൽ ജോസ് കെ മാണി, ഏറ്റുമാനൂരിൽ വിഎൻ വാസവൻ, ആറൻമുളയിൽ വീണ ജോർജ്, പത്തനാപുരത്ത് കെബി ഗണേഷ് കുമാർ, നേമത്ത് വി ശിവൻകുട്ടി, തിരൂരിൽ വി അബ്ദുറഹിമാൻ, തൃത്താലയിൽ എംബി രാജേഷ്, പേരാമ്പ്രയിൽ ടിപി രാമകൃഷ്ണൻ, പേരാവൂരിൽ കെകെ ശൈലജ, തവനൂരിൽ കെടി ജലീൽ അടക്കമുള്ളവരെല്ലാം തോൽവി അറിഞ്ഞു.
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളിൽ അഞ്ചിടത്ത് എൽഡിഎഫ് ആണ്. കഴക്കൂട്ടം, നേമം മണ്ഡലങ്ങളിൽ എൻഡിഎ അക്കൗണ്ട് തുറന്നു. ഏഴിടത്ത് യുഡിഎഫും വിജയം സ്വന്തമാക്കി. 2021ൽ 14ൽ 13ഉം എൽഡിഎഫ് വിജയിച്ചിരുന്നു. കോവളത്ത് എം വിൻസന്റ് മാത്രമാണ് അന്ന് കോൺഗ്രസിനു ആശ്വാസമായി നിന്നത്. ഇത്തവണ അതെല്ലാം മാറുന്ന കാഴ്ചയായിരുന്നു.
കൊല്ലത്ത് 11 മണ്ഡലങ്ങളിൽ എട്ടിടത്താണ് യുഡിഎഫ് ജയിച്ചത്. രണ്ടിടത്ത് എൽഡിഎഫ്. ചാത്തന്നൂരിൽ ചരിത്രത്തിലാദ്യമായി എൻഡിഎ അക്കൗണ്ട് തുറന്നു. പത്തനംതിട്ടയിൽ അഞ്ചിൽ നാലും യുഡിഎഫിനു. കോന്നി മാത്രമാണ് എൽഡിഎഫിനു ആശ്വസിക്കാനുള്ളത്.
ആലപ്പുഴയിൽ കഴിഞ്ഞ തവണ എട്ട് എംഎൽഎമാരാണ് എൽഡിഎഫിനുണ്ടായിരുന്നത്. ഇത്തവണ ഒൻപതിൽ ആറിടത്ത് യുഡിഎഫാണ്. മൂന്നിടത്ത് എൽഡിഎഫും.
കോട്ടയത്ത് ഒൻപതിൽ ഒൻപത് സീറ്റും, ഇടുക്കിയിൽ അഞ്ചിൽ അഞ്ച് സീറ്റും യുഡിഎഫിന്റെ തേരോട്ടത്തിൽ ഒപ്പം നിന്നു. ഇടുക്കിയിൽ കഴിഞ്ഞ തവണ അഞ്ച് സീറ്റും എൽഡിഎഫിനായിരുന്നു. ഇതാണ് ഒറ്റയടിക്ക് യുഡിഎഫ് സ്വന്തമാക്കിയത്.
എറണാകുളത്തും ക്ലീൻ സ്വീപ്പാണ്. 14ൽ 14 സീറ്റും യുഡിഎഫിനൊപ്പം നിന്നു ഇത്തവണ. 2021ൽ ജില്ലയിൽ 5 സീറ്റുകളാണ് ഇടതു മുന്നണി ജയിച്ചു കയറിയത്. ഇത്തവണ ആ അഞ്ചും കൈവിടേണ്ടി വന്നു.
തൃശൂരിൽ 13ൽ ഒൻപതിടത്താണ് എൽഡിഎഫ് ജയിച്ചത്. നാലിടത്ത് യുഡിഎഫും. കഴിഞ്ഞ തവണ 13ൽ 12 സീറ്റുകളും എൽഡിഎഫിനായിരുന്നു. അതാണ് 9ലേക്ക് ചുരുങ്ങിയത്. ജില്ല കണക്കാക്കി കണക്കെടുത്താൽ എൽഡിഎഫിനു അൽപ്പം ആശ്വാസമായി നിൽക്കുന്നതും തൃശൂരാണ്. പാലക്കാട് 12ൽ ഏഴിടത്ത് എൽഡിഎഫും അഞ്ചിടത്ത് യുഡിഎഫുമാണ്.
തൃശ്ശൂരിൽ പതിമൂന്നിൽ ഒമ്പതിടത്ത് എൽഡിഎഫ് ജയിച്ചു. നാലിടത്ത് യുഡിഎഫും. പതിമൂന്നിൽ പന്ത്രണ്ട് സീറ്റുകളുള്ളിടത്ത് നിന്നാണ് എൽഡിഎഫ് ഒമ്പതിലേക്ക് വീണത്. മന്ത്രി ആർ. ബിന്ദു അടക്കമുള്ളവർ തോറ്റു.
എൽഡിഎഫിനെ തീർത്തും കൈവിട്ട ജില്ലകളിൽ മറ്റൊന്നാണ് മലപ്പുറം. 16ൽ പതിനാറും യുഡിഎഫിനൊപ്പം നിന്നു. മുസ്ലീം ലീഗിന്റെ മിക്ക സ്ഥാനാർഥികൾക്കും മൃഗീയ ഭൂരിപക്ഷവും ജില്ലയിൽ നിന്നു കിട്ടി.
മലബാറിൽ കനത്ത അടി ഇടതുപക്ഷത്തിനു കിട്ടിയത് കോഴിക്കോടാണ്. അപ്രതീക്ഷിത തിരിച്ചടിയാണ് ഇവിടെ. 13ൽ 12 മണ്ഡലങ്ങളും യുഡിഎഫ് നേടി. ബേപ്പൂരിൽ മുഹമ്മദ് റിയാസ് ജയിച്ചതു മാത്രമാണ് ആശ്വാസം. വയനാട്ടിൽ മൂന്നിൽ മൂന്നും യുഡിഎഫിനു.
കണ്ണൂരിൽ 11ൽ ആറിടത്താണ് എൽഡിഎഫ്. അഞ്ചിടത്ത് യുഡിഎഫ്. കഴിഞ്ഞ തവണ 9 എംഎൽഎമാർ ജില്ലയിൽ നിന്നു എൽഡിഎഫിനുണ്ടായിരുന്നു. കാസർകോട് അഞ്ചിൽ നാലും യുഡിഎഫ് നേടി. കാഞ്ഞങ്ങാട് മാത്രമാണ് ഇടതുപക്ഷത്തിനു ആശ്വസിക്കാനുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates