'ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എന്നെ ലൈംഗികമായി പീഡിപ്പിച്ചു'; ഇന്‍സ്റ്റയില്‍ പോസ്റ്റിട്ട യുവാവ് ലോഡ്ജില്‍ മരിച്ചനിലയില്‍

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട യുവാവ് തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍
Anandu
അനന്തു അജി
Updated on
3 min read

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട യുവാവ് തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍. സോഫ്റ്റ്വെയര്‍ എന്‍ജിനിയര്‍ ആയ കോട്ടയം പൊന്‍കുന്നം വഞ്ചിമല ചാമക്കാലായില്‍ അനന്തു അജിയെ (24) തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജ് മുറിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയിക്കുന്നത്. ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ നിന്നുള്ള ആവര്‍ത്തിച്ചുള്ള ലൈംഗികാതിക്രമത്തെ തുടര്‍ന്ന് താന്‍ കടുത്ത മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നതായി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അനന്തു ആരോപിച്ചു.

മരണശേഷം പുറത്തുവരുന്ന രീതിയില്‍ ഷെഡ്യൂള്‍ ചെയ്താണ് അനന്തു പോസ്റ്റിട്ടത്. വിഷാദം ഉള്‍പ്പെടെയുള്ള ഗുരുതരമായ മാനസികാരോഗ്യ വൈകല്യങ്ങളുമായി വര്‍ഷങ്ങളായി പോരാടിയ ശേഷം ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായി അനന്തു പറഞ്ഞു. കുട്ടിക്കാലത്ത് തനിക്ക് നേരിടേണ്ടിവന്ന ഭയാനകമായ ലൈംഗികാതിക്രമമാണ് ഈ അസ്വസ്ഥതകള്‍ക്ക് കാരണമെന്നും അനന്തു ആരോപിക്കുന്നു.

'ഞാന്‍ ആത്മഹത്യ ചെയ്യുന്നത് ഏതെങ്കിലും പെണ്‍കുട്ടി, പ്രണയം, കടം, അല്ലെങ്കില്‍ അതുപോലുള്ള മറ്റെന്തെങ്കിലും കാരണത്താലല്ല. എന്റെ ഉത്കണ്ഠയും വിഷാദവും മൂലമാണ് ഞാന്‍ ഇത് ചെയ്യുന്നത്. കൂടാതെ, മരുന്നുകള്‍ കാരണം എനിക്ക് എന്റെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല,'- യുവാവ് പറഞ്ഞു. കുട്ടിക്കാലത്ത് ആര്‍എസ്എസില്‍ ചേര്‍ന്ന അനന്തു, കുട്ടിക്കാലത്ത് അനുഭവിച്ച ആവര്‍ത്തിച്ചുള്ള ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലമുണ്ടായ തന്റെ മാനസിക രോഗങ്ങള്‍ക്ക് ആര്‍എസ്എസ് ആണ് ഉത്തരവാദിയെന്നും ആരോപിച്ചു.

'ഒരു വ്യക്തിയോടും ഒരു സംഘടനയോടും ഒഴികെ എനിക്ക് ആരോടും ദേഷ്യമില്ല. സംഘടന ആര്‍എസ്എസ് ആണ്, എന്റെ അച്ഛനാണ് എന്നെ ഇതിലേക്ക് കൊണ്ടുവന്നത്. അവിടെയാണ് എനിക്ക് ആ സംഘടനയിലുള്ള ആ വ്യക്തിയില്‍ നിന്നും ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വന്ന മാനസികാഘാതം നേരിടേണ്ടി വന്നത്'- അനന്തു കുറിച്ചു.

ലൈംഗികാതിക്രമത്തിന് ഇരയായ വ്യക്തിയായി സ്വയം വിശേഷിപ്പിച്ചാണ് അനന്തു, തന്റെ ദുരനുഭവങ്ങള്‍ വിശദീകരിച്ചത്. 'ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ ഒരാള്‍ എന്നെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ചു. ആര്‍എസ്എസിലെ നിരവധി പ്രവര്‍ത്തകരും എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. അവര്‍ ആരാണെന്ന് എനിക്കറിയില്ല. പക്ഷേ, എനിക്ക് 3-4 വയസ്സുള്ളപ്പോള്‍ എന്നെ പീഡിപ്പിച്ച വ്യക്തിയെ ഞാന്‍ തുറന്നുകാട്ടും. ആര്‍എസ്എസിന്റെയും ബിജെപിയുടെയും സജീവ അംഗവും അയല്‍ക്കാരനും സഹോദരനെപ്പോലെ വിശ്വസിച്ചിരുന്നതുമായ 'എന്‍എം' എന്ന വ്യക്തിയാണ് എന്നെ പീഡിപ്പിച്ചത്. പീഡനം മൂലം പില്‍ക്കാലത്ത് എനിക്ക് ഒബ്‌സസീവ്-കംപല്‍സീവ് ഡിസോര്‍ഡര്‍ (ഒസിഡി) രോഗം ഉണ്ടായി. അയാള്‍ എന്നെ നിരന്തരം പീഡിപ്പിച്ചു. ഞാന്‍ അദ്ദേഹത്തിന് ഒരു ലൈംഗിക ഉപകരണം പോലെയായിരുന്നു. ദുഃഖകരമായ കാര്യം, എനിക്ക് ഒസിഡി ഉണ്ടെന്ന് കണ്ടെത്തിയപ്പോഴാണ് ഈ പീഡനമാണ് എന്റെ മാനസിക പ്രശ്‌നത്തിന് കാരണമായത് എന്ന് ഞാന്‍ മനസ്സിലാക്കിയത്. അതുവരെ, അത് എനിക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിച്ചിരുന്നത്. അദ്ദേഹം ഒരു സഹോദരനെപ്പോലെയായിരുന്നു, എന്റെ കുടുംബം അദ്ദേഹത്തെ ഒരു ബന്ധുവിനെപ്പോലെയാണ് കണക്കാക്കിയിരുന്നത്,'- അനന്തു പറഞ്ഞു.

ആര്‍എസ്എസ് ക്യാമ്പുകളില്‍ പ്രവര്‍ത്തകര്‍ തന്നെ ലൈംഗികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും അനന്തു ആരോപിച്ചു.'ആര്‍എസ്എസ് ക്യാമ്പുകളില്‍ വെച്ച് ഞാന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അവരുടെ പേരുകള്‍ എനിക്ക് ഓര്‍മ്മയില്ല, പക്ഷേ ഐടിസി, ഒടിസി ക്യാമ്പുകളില്‍ വച്ച് ഞാന്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ശാരീരിക പീഡനത്തിനും ഞാന്‍ വിധേയനായി. ഒരു കാരണവുമില്ലാതെ അവര്‍ എന്നെ വടികൊണ്ട് അടിക്കാറുണ്ടായിരുന്നു,'- അനന്തു കുറിച്ചു. ആര്‍എസ്എസിനെ കടുത്ത പീഡനത്തിന്റെയും വിദ്വേഷത്തിന്റെയും ഉറവിടമായി വിശേഷിപ്പിച്ച അനന്തു, സംഘടനയിലെ പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിനെതിരെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ മുന്നറിയിപ്പും നല്‍കി.

'ഞാന്‍ തീര്‍ത്തും വെറുക്കുന്ന മറ്റൊരു സംഘടനയില്ല. ഇത്രയും വര്‍ഷങ്ങളായി ഞാന്‍ അവരോടൊപ്പം പ്രവര്‍ത്തിച്ചതിനാല്‍ എനിക്കത് നന്നായി അറിയാം. ഒരിക്കലും ഒരു ആര്‍എസ്എസ് അംഗവുമായും സൗഹൃദം സ്ഥാപിക്കരുത്. സുഹൃത്ത് മാത്രമല്ല, അത് നിങ്ങളുടെ കുടുംബമായാലും നിങ്ങളുടെ പിതാവായാലും സഹോദരനായാലും മകനായാലും അവര്‍ നിങ്ങളുടെ ജീവിതത്തെ വെട്ടിമുറിക്കുന്നു. അവര്‍ വളരെയധികം വിഷം വഹിക്കുന്നു. അവരാണ് യഥാര്‍ത്ഥ പീഡകര്‍,'- അനന്തു ആരോപിച്ചു.

ആര്‍എസ്എസ് ക്യാമ്പുകളില്‍ സമാനമായ അനുഭവങ്ങള്‍ അനുഭവിച്ച നിരവധി കുട്ടികളെ തനിക്ക് അറിയാമെന്നും അനന്തു ആരോപിച്ചു. 'ഞാന്‍ വിവരിച്ചത് അവര്‍ എന്നോട് ചെയ്ത കാര്യങ്ങള്‍ മാത്രമാണ്. അവര്‍ ധാരാളം കുട്ടികളെ ലൈംഗികമായും ശാരീരികമായും ദുരുപയോഗം ചെയ്തിട്ടുണ്ട്. ഞാന്‍ സംഘടനയില്‍ നിന്ന് പുറത്തുപോയതിനാലാണ് എനിക്ക് ഇത് തുറന്നു പറയാന്‍ കഴിയുന്നത്. എനിക്ക് തെളിവുകളില്ലാത്തതിനാല്‍ ആരും എന്നെ വിശ്വസിക്കില്ലെന്ന് എനിക്കറിയാം. പക്ഷേ എന്റെ ജീവിതം തന്നെയാണ് എന്റെ തെളിവ്. ഞാന്‍ അനുഭവിച്ച ദുരിതത്തിലൂടെ ഇനി ഒരു കുട്ടിയും കടന്നുപോകരുതെന്ന് കരുതിയാണ് ഞാന്‍ ഇത് ചെയ്യുന്നത്,' - അനന്തു പറഞ്ഞു. അത്തരം കുട്ടികളെ രക്ഷിക്കാനും അവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനും അധികാരികളോട് അഭ്യര്‍ത്ഥിച്ച അനന്തു, മാതാപിതാക്കള്‍ അവരുടെ കുട്ടികള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും നല്ലതും ചീത്തയുമായ സ്പര്‍ശനങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പ്രാപ്തരാക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

'ലോകത്തിലെ ഒരു കുട്ടിയും ഞാന്‍ അനുഭവിച്ച ദുരിതത്തിലൂടെ കടന്നുപോകരുത്. മാതാപിതാക്കള്‍ അത് ഉറപ്പാക്കണം. ഒരു പീഡനത്തിന് ശേഷം കുട്ടികള്‍ക്ക് തുറന്നുപറയാന്‍ കഴിഞ്ഞേക്കില്ല, കാരണം അവര്‍ ഭയപ്പെടും. മാതാപിതാക്കള്‍ കുട്ടിയുമായി ഒരു ബന്ധം സ്ഥാപിക്കണം, അങ്ങനെ അവര്‍ക്ക് എല്ലാം നിങ്ങളുമായി പങ്കിടാന്‍ കഴിയും,'- അദ്ദേഹം പറഞ്ഞു.

പതിനഞ്ച് പേജുള്ള കത്തില്‍, ഒരുകാലത്ത് താന്‍ അടുപ്പം പുലര്‍ത്തിയിരുന്നവര്‍ പോലും തന്നോട് ദേഷ്യപ്പെടുന്നതായി അനന്തു പറഞ്ഞു. ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചതുകൊണ്ടാണോ അതോ സഹോദരിയുടെ ഇതരജാതിയിലുള്ള യുവാവുമായുള്ള ബന്ധത്തെ പിന്തുണച്ചതുകൊണ്ടാണോ ഇവരില്‍ നിന്ന് ഇത്തരം പെരുമാറ്റം നേരിടേണ്ടി വന്നതെന്നും അനന്തു സംശയം പ്രകടിപ്പിച്ചു. 'എല്ലാവരും മനുഷ്യരാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് ആളുകളെ വിലയിരുത്താന്‍ കഴിയില്ല, ചുറ്റുമുള്ള എല്ലാവരും മനുഷ്യരാണ്,'- അനന്തു പറഞ്ഞു. തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിന് ചിലര്‍ തന്റെ സഹോദരിയെ കുറ്റപ്പെടുത്തിയേക്കാമെന്നും അനന്തു ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ സഹോദരി തെറ്റുകാരിയല്ലെന്നും അനന്തു പറഞ്ഞു. താന്‍ ഇങ്ങനെയൊരു കടുത്ത തീരുമാനം എടുത്തതിന് അമ്മയോടും സഹോദരിയോടും അളിയനോടും ക്ഷമാപണം നടത്തുന്നതായും അനന്തുവിന്റെ പോസ്റ്റില്‍ പറയുന്നു.

Anandu
'സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം'; സുരേഷ് ഗോപി

ഇക്കാര്യത്തില്‍ കുറ്റക്കാരായ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും പിടികൂടണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ വാഴൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഗൗതം ബാലചന്ദ്രന്‍ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കു പരാതി നല്‍കി. അസ്വാഭാവിക മരണമായി കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് മരണത്തിന്റെ സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Anandu
'റെഡ് ബ്രിഗേഡ് സേന'; അപകടങ്ങളില്‍ ഇനി സിഐടിയു തുണയാകും
Summary

Kerala IT professional found dead; 'final insta post' alleges sexual abuse by multiple RSS members

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com