

കോഴിക്കോട്: കഴിഞ്ഞ രണ്ടാഴ്ച മമ്മൂട്ടിയെ ആണ് കൊലവിളിച്ചതെങ്കില്‍ അടുത്ത രണ്ട് ആഴ്ച മോഹന്‍ലാലിനെ ആയിരിക്കുമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. 'ആരു നല്ലതു ചെയ്താലും നല്ലതു പറഞ്ഞാലും അങ്ങനെ തന്നെ വേണം. ഇതു കേരളം ഇവിടെ ഇതൊന്നും നടപ്പില്ല. അവരോടെല്ലാം ഒന്നേ പറയാനുള്ളൂ, തുല്യനിന്ദാ സ്തുതിര്‍ മൗനി. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ പന്നിക്കൂട്ടങ്ങളോട് യുദ്ധം ചെയ്ത് സ്വന്തം ശരീരത്തില്‍ ചെളി തെറിപ്പിക്കാതിരിക്കുക' - കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്നലെ കോഴിക്കോട് കേസരി ഹാളില്‍ നടന്ന പരിപാടിയില്‍ ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സൈബര്‍ ആക്രമണം മോഹന്‍ലാലിന് എതിരായാകുമെന്ന ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്റെ മുന്നറിയിപ്പ്. 'കഴിഞ്ഞ രണ്ടാഴ്ച മമ്മൂട്ടിയെ കൊലവിളിച്ചു. ഉറപ്പായും അടുത്ത രണ്ടാഴ്ച മോഹൻലാലിന്റെ പിന്നാലെ ആയിരിക്കും. ആരു നല്ലതു ചെയ്താലും നല്ലതു പറഞ്ഞാലും അങ്ങനെ തന്നെ വേണം. ഇതു കേരളം ഇവിടെ ഇതൊന്നും നടപ്പില്ല. അവരോടെല്ലാം ഒന്നേ പറയാനുള്ളൂ, തുല്യനിന്ദാ സ്തുതിർ മൗനി. പച്ച മലയാളത്തിൽ പറഞ്ഞാൽ പന്നിക്കൂട്ടങ്ങളോട് യുദ്ധം ചെയ്ത് സ്വന്തം ശരീരത്തിൽ ചെളി തെറിപ്പിക്കാതിരിക്കുക' - കുറിപ്പില്‍ പറയുന്നു
പത്രപ്രവര്‍ത്തനത്തെ വിശാലമായ സാമൂഹിക-സാംസ്‌കാരിക ഇടപെടലുകളുമായി സമന്വയിപ്പിക്കാന്‍ ആഗ്രഹിച്ച സംഘപ്രവര്‍ത്തകരുടെ മുന്‍കൈയിലാണ് 'കേസരി' സ്ഥാപിതമായതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. 'ദേശസ്‌നേഹത്തിലും ദേശീയബോധത്തിലും വേരുറപ്പിച്ച മാധ്യമപ്രവര്‍ത്തനവും സാമൂഹിക ഇടപെടലുമായിരുന്നു ഈ സംരംഭത്തിന് തിരികൊളുത്തിയമനീഷികളായ സംഘപ്രവര്‍ത്തകരുടെ ലക്ഷ്യം സ്വപ്‌നവും. സംഘം അവിടെ ഒരു സാംസ്‌കാരിക കര്‍ത്തവ്യം നിറവേറ്റുകയായിരുന്നു. രാജ്യം നിലനിന്നാല്‍ മാത്രമേ ഈ സംസ്‌കൃതി നിലനില്‍ക്കു. ഈ സത്യം കേസരി അതിന്റെ ഓരോ പ്രവര്‍ത്തനത്തിലൂടെ എല്ലാ കാലത്തും സമൂഹത്തോട് ഉറക്കെ വിളിച്ചുപറഞ്ഞു. ആ ബോധത്തെ അത് തന്റെ കൂടി അടയാളമാക്കി ഉയര്‍ത്തിപ്പിടിച്ചു. ഭാരതമെന്ന സംസ്‌കൃതിയുടെ പാഠങ്ങള്‍ കേസരി തലമുറകളിലേക്ക് പകര്‍ന്നു നല്‍കി. രാജ്യസ്‌നേഹികളും നിസ്വാര്‍ഥരും അറിവിന്റെ ആഴമുള്ളവരുമായ എത്രയോ മനുഷ്യരായ ലക്ഷ്യബോധമുള്ള ഈ യാത്രയെ അര്‍ഥപൂര്‍ണമാക്കി. അവരില്‍ പി പരമേശ്വര്‍ജിയെ ഞാന്‍ പ്രത്യേകം സ്മരിക്കുന്നു' - മോഹന്‍ ലാല്‍ പറഞ്ഞു.
സായുധ സേനാംഗങ്ങളുടെ ജീവിതവും ഉത്തരവാദിത്തങ്ങളും ചിത്രീകരിക്കുന്ന സിനിമകളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. സിനിമാ ചിത്രീകരണത്തിനിടെ സൈനിക കേന്ദ്രങ്ങളിലും അതിര്‍ത്തി പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനങ്ങള്‍ അവിടെയുള്ള സൈനികര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസ്സിലാക്കാന്‍ തനിക്ക് അവസരമൊരുക്കിയതായും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരിയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ നടത്തിയ രക്ഷാദൗത്യത്തെ ആസ്പദമാക്കി ഒരുങ്ങുന്ന തന്റെ പുതിയ ചിത്രമായ 'ഓപ്പറേഷന്‍ ഗംഗ'യെക്കുറിച്ചും അദ്ദേഹം അവിടെ പരാമര്‍ശിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates