കൊച്ചി: മോൻസൻ മാവുങ്കൽ പുരാവസ്തുക്കളുടെ മറവിൽ നടത്തിയ തട്ടിപ്പിനെക്കുറിച്ച് ക്രൈംബ്രാഞ്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഒരേസമയം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മോൻസന്റെ കള്ളപ്പണമിടപാടുകൾ ഇഡി അന്വേഷിക്കണം. മറ്റു കാര്യങ്ങൾ ക്രൈംബ്രാഞ്ചും അന്വേഷിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.
ഐജി അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരേ ആരോപണമുള്ള കേസാണിത്. മോൻസന്റെ ബന്ധങ്ങളെ ലാഘവത്തോടെ കാണാനാകില്ല. ഇന്ത്യയിലും വിദേശത്തുമായി നടത്തിയ ഇടപാടുകളൊക്കെ അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
മോൻസൻ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും അന്വേഷിക്കുന്നതായി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ടിഎ ഷാജി അറിയിച്ചു. അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടാൽ കൂടുതൽ പേരെ പ്രതി ചേർക്കുമെന്നും സർക്കാർ വിശദീകരിച്ചു.
കേസിൽ വിശദീകണത്തിന് ഇഡി സമയം തേടി. അന്വേഷണ പുരോഗതിയെ സംബന്ധിച്ച റിപ്പോർട്ട് ഫയൽ ചെയ്യുമെന്ന് ഇഡിക്കായി ഹാജരായ കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ അറിയിച്ചു.
മോൻസനുമായി ബന്ധമുണ്ടെന്നതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത ഐജി ലക്ഷ്മണയെ കേസിൽ പ്രതിയാക്കിയോയെന്നു കോടതി ആരാഞ്ഞു. പരാതിയില്ലാത്തതിനാൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് വിശദീകരിച്ചു. മോൻസന്റെ മുൻ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആരോപണ വിധേയനായ സർക്കിൾ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തതായും സർക്കാർ അറിയിച്ചു.
പോലീസ് ദ്രോഹിക്കുന്നുവെന്ന് ആരോപിച്ച് മോൻസന്റെ മുൻ ഡ്രൈവർ അജിത് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്. 23-ന് ഹർജി വീണ്ടും പരിഗണിക്കും.
അതിനിടെ മോൻസന്റെ പേരിലുള്ള പോക്സോ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. എറണാകുളം പോക്സോ കോടതിയിൽ കേസ് രജിസ്റ്റർ ചെയ്ത് 59ാം ദിവസമാണ് 270 പേജുള്ള കുറ്റപത്രം നൽകിയത്. മോൻസന്റെ മുൻ ജീവനക്കാരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2019-ലാണ് കേസിനാസ്പദമായ സംഭവം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates