

കണ്ണൂര്‍: റാപ്പര്‍ വേടനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വേടന്റെ പാട്ടുകേള്‍ക്കുമ്പോള്‍ ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയാണെന്നും ആധുനിക സംഗീതത്തിന്റെ പടത്തലവനാണ് വേടനെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. നായനാര്‍ അക്കാദമിയില്‍ ഇകെ നായനാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേടന്റെ പാട്ട് കലാഭാസമാണെന്നും ജാതി ഭീകരതയാണെന്നുമാണ് സനാതനവക്താക്കളായ ആര്‍എസ്എസുകാര്‍ പറയുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. 'ആധുനികമായ മ്യൂസിക് സംവിധാനത്തിന്റെ പടനായകനാണ് വേടന്‍. റാപ് എന്നതിന്റെ അര്‍ഥം അടുത്താണ് ഞാന്‍ നോക്കിയത്. അത് വളരെ ലളിതമാണ്. റിഥം ആന്റ് പോയട്രി എന്നാണ്. പദ്യം വളരെ മനോഹരമായി സമന്വയിപ്പ് താളാത്മകമായി പാടുന്നതാണ് റാപ് മ്യൂസിക്. ഇതിനെയാണ് ആര്‍എസ്എസ് കലാഭാസം എന്നുപറയുന്നത്. ഇവര്‍ക്കെന്ത് കല? എന്ത് കലാസ്വാദനം?. ഒരു കലയെ പറ്റിയും വ്യക്തതയില്ല. ജാതി അധിക്ഷേപം ഉള്‍പ്പെടയുള്ള സവര്‍ണ മേധാവിത്വത്തിന്റെ നിലപാടുകളെ ചരിത്രപരമായ അവബോധത്തോടെയാണ് വേടന്‍ അവതരിപ്പിക്കുന്നത്. വേടന്റെ പാട്ട് ലക്ഷക്കണക്കിനാളുകളെ ആകര്‍ഷിക്കുമ്പോള്‍ പലര്‍ക്കും സഹിക്കില്ലെന്ന് നമുക്ക് അറിയാം. ചാതുര്‍വര്‍ണ്യത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്ന് പറയുന്നവരാണ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷിയായ ബിജെപി. അവര്‍ക്ക് ഇത് സഹിക്കില്ല. അധസ്ഥിതരായ മനുഷ്യരുടെ അവസ്ഥകള്‍ വേടന്‍ പാടുമ്പോള്‍ അതിനൊരു കരുത്തുണ്ട്. ശക്തിയുണ്ട്. അങ്ങനെയാണ് അയാള്‍ പ്രശസ്തനായത്'
'ആറ് ഗ്രാം കഞ്ചാവുമായാണ് വേടനെ പിടികൂടിയത്. അയാളുടെ സംഘത്തില്‍ എട്ട് പേരുണ്ട്. കഞ്ചാവ് കൈയില്‍ വച്ചത് തെറ്റാണെന്ന് വേടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എനിക്ക് പറഞ്ഞുതരാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നുമാണ് അദ്ദേഹം പറഞ്ഞത്. അപ്പോഴാണ് ചില ഉദ്യോഗസ്ഥര്‍ക്ക് കണ്ണുകടിയുണ്ടായത്. വേടന്റെ ശരീരത്തില്‍ ഒരു മാല കണ്ടു. അപ്പോള്‍ അതിന്റെ പേരിലായി കേസ്, ജാമ്യം കിട്ടാത്ത വകുപ്പ് ചുമത്തേണ്ട കാര്യമുണ്ടോ? ഒരാള്‍ സമ്മാനമായി തന്ന മാലയാണെന്ന് പറഞ്ഞിട്ടും അവര്‍ കേള്‍ക്കുന്നുണ്ടോ? ആ സമയത്ത് സിപിഎം വ്യക്തമായ നിലപാട് സ്വീകരിച്ച് വേടനൊപ്പം നിന്നു. അധസ്ഥിത വിഭാഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന് ഈ കേരളം കണ്ട ഏറ്റവും പ്രമുഖനായ റാപ്പ് മ്യൂസിക്കിന്റെ വക്താവാണ് വേടന്‍. കേരളീയ സമൂഹം വേടനൊപ്പമാണെന്ന് പറഞ്ഞപ്പോഴാണ് ചിത്രം മാറിയത്'.
'ഇടുക്കിയില്‍ സര്‍ക്കാരിന്റെ പരിപാടിയുടെ ഭാഗമായി വേടന്റെ പരിപാടി വച്ചിരുന്നു. കേസ് വന്നതിന് പിന്നാലെ സംഘാടകര്‍ എന്നോട് വിളിച്ചു ചോദിച്ചു. എന്താണ് ചെയ്യുക. ഒരു സംശയവുമില്ല. തെറ്റ് തിരുത്താമെന്ന് അയാള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആ പരിപാടി നടത്തണം. എന്തൊരു ജനകീയമുന്നേറ്റമാണ് അവിടെ സൃഷ്ടിക്കപ്പെട്ടത്. ഇത് സവര്‍ണമേധാവികളുടെ ബോധപൂര്‍വമായ കടന്നാക്രമണമാണ്. സനാതനധര്‍മത്തിന്റെ പേര് പറഞ്ഞ് കലാകാരന്‍മാരെ വേട്ടയാടാന്‍ കേരളീയ സമൂഹം അനവദിക്കില്ല. ഇത് വര്‍ഗീയ വത്കരണത്തിന്റെയും ജാതീയതുടെയും കടന്നാക്രമണമാണ്. ഇത്തരം ആളുകളെ ദേശവിരുദ്ധരെന്നാണ് ആര്‍എസ്എസുകാര്‍ വിളിക്കുന്നത്. ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തില്‍ ബ്രീട്ടീഷുകാര്‍ക്കൊപ്പം നിന്നവരാണ് ആര്‍എസ്എസുകാര്‍. അവര്‍ ഇടതുപക്ഷക്കാരെ ദേശീയത പഠിപ്പിക്കണ്ട'- ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
