

കണ്ണൂര്‍: കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഒഴിവാക്കിയ മുൻ ആന്തൂർ നഗരസഭാ ചെയർമാനും തളിപ്പറമ്പിലെ നേതാവുമായ പി മുകുന്ദൻ സിപിഎം ജില്ലാ കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായി മുകുന്ദനെ ഉൾപ്പെടുത്തി. തളിപ്പറമ്പില്‍ നടന്ന കഴിഞ്ഞ കണ്ണൂര്‍ ജില്ല സമ്മേളനത്തിലാണ് പ്രായപരിധിയാൽ പി.മുകുന്ദനെ ജില്ല കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കിയത്. ഇത് പാർട്ടിക്കുള്ളിൽ കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
എന്നാല്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പി.മുകുന്ദന്‍ ഒരക്ഷരം പോലും പ്രതികരിച്ചിരുന്നില്ല. പൊതുപ്രവർത്തന രംഗത്ത് ക്ളീൻ ഇമേജുള്ള പി.മുകുന്ദന്‍ തളിപ്പറമ്പ് ഏരിയ സെക്രട്ടറി, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ എന്നീ നിലകളില്‍ മികവുറ്റ പ്രവര്‍ത്തനമാണ് കാഴ്ച്ചവെച്ചിരുന്നത്. തെറ്റ്തിരുത്തൽ പ്രക്രിയയുടെ ഭാഗമായി രണ്ടു ദിവസമായി നടന്ന വിപുലീകൃത ജില്ല കമ്മറ്റി എടുത്ത ഈ തീരുമാനത്തെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിറഞ്ഞ മനസോടെയാണ് സ്വാഗതം ചെയ്യുന്നത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലേറ്റ പരാജയമാണ് പാർട്ടി ജില്ലാ നേതൃത്വത്തെ തിരുത്തലിന് പ്രേരിപ്പിച്ചത്. ഇരിട്ടിയിലെ യുവനേതാവ് സക്കീർ ഹുസൈനെ ജില്ലാ സെക്രട്ടറിയേറ്റിലും ഏരിയാ സെക്രട്ടറിമാരായ എം സി രാഘവൻ, എം. ശ്രീധരൻ എന്നിവരെ ജില്ലാകമ്മിറ്റിയിലും ഉൾപ്പെടുത്തി. കെ നാരായണൻ എം സുകുമാരൻ, അഡ്വ എം രതീഷ്, സി.ടി അനീഷ് , എ കെ ബീന ടീച്ചർ, സി രജനി, ബാബു വാഴയിൽ എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ മറ്റു ക്ഷണിതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates