തിരുവനന്തപുരം: സോളാര്‍ കേസില്‍ അനാവശ്യ പഴി സംസ്ഥാന സര്‍ക്കാര്‍ കേള്‍ക്കേണ്ട കാര്യമില്ല എന്നതിനാലാണ് പരാതിക്കാരിയുടെ ആവശ്യം അംഗീകരിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സോളാര്‍ കേസില്‍ കേസെടുത്തത് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. ഇപ്പോള്‍ കെട്ടിപ്പൊക്കാന്‍ ശ്രമിക്കുന്നതും അതും തമ്മില്‍ ബന്ധിപ്പിക്കുന്നതെങ്ങനെയാണ്?. സ്വര്‍ണക്കടത്തു കേസ് സര്‍ക്കാര്‍ അട്ടിമറിക്കുന്നു എന്ന് എങ്ങനെ ആക്ഷേപിക്കാനാകും. സംസ്ഥാന സര്‍ക്കാരല്ലല്ലോ കേസ് അന്വേഷിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
രഹസ്യമൊഴി തിരുത്തിക്കാന്‍ സര്‍ക്കാര്‍ ഇടനിലക്കാര്‍ ശ്രമിച്ചു എന്ന ആക്ഷേപം എതെങ്കിലും തരത്തിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലാണോ പ്രതിപക്ഷം ഉന്നയിച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. 164 പ്രകാരമുള്ള രഹസ്യമൊഴി ആദ്യമായിട്ടല്ല നല്‍കിയിട്ടുള്ളത്. മുമ്പും രഹസ്യമൊഴി നല്‍കിയിരുന്നു. ഇടനിലക്കാര്‍ മുഖേന ശ്രമിച്ചു എന്നത് കെട്ടുകഥയാണ്. രഹസ്യമൊഴിയില്‍ എന്തുണ്ടെന്നാണ് പ്രമേയ അവതാരകന്‍ മനസ്സിലാക്കിയത്. ഏതിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പ്രതിപക്ഷത്തിന് ലഭിച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.
മൊഴി തിരുത്തിയാല്‍ മാത്രം തീര്‍ന്നുപോകുന്ന കേസാണോ സ്വര്‍ണക്കടത്തെന്ന് മുഖ്യമന്ത്രി ചോദിച്ചു. മൊഴി മാറ്റിയാല്‍ ഇല്ലാതാകുന്ന കേസാണോ ഇത്. ഓരോ ദിവസവും മാറ്റിപ്പറയാന്‍ കഴിയുന്നതാണോ 164 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്. കേസില്‍ പ്രതിയായ യുവതിക്ക് വ്യക്തമായ ഭൗതിക സാഹചര്യം ഒരു സംഘടന ഒരുക്കിക്കൊടുക്കുന്നുണ്ട്. വിശദമായി പരിശോധിച്ചാല്‍ സംഘപരിവാര്‍ ബന്ധം വ്യക്തമാകും. ജോലി, ശമ്പളം, താമസം, വക്കീല്‍, പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ ഹെഡ് വരെ സംഘടന നല്‍കുന്നു. ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്നു എന്ന പഴമൊഴിക്ക് തുല്യമാണത്.
കേസിലെ പ്രതിയായ ഈ വ്യക്തിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിന് വേദവാക്യമായി മാറുന്നത്. സംസ്ഥാനത്തെ പൊതു അന്തരീക്ഷം കലുഷിതമാക്കാനുള്ള അന്തരീക്ഷമാണെന്ന് പ്രഥമദൃഷ്ട്യാ തെളിവു ലഭിക്കുമ്പോള്‍ പൊലീസ് കേസെടുക്കും. പ്രതികള്‍ നിയമത്തിന്റെ വഴി തേടിയിട്ടുമുണ്ട്. പ്രതികള്‍ക്ക് മേല്‍ ഏതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദമുണ്ടെങ്കില്‍ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. നിയമത്തിന്‍രെ വഴികളിലൂടെയാണ് സര്‍ക്കാര്‍ സഞ്ചരിച്ചിട്ടുള്ളത്. ചില പ്രത്യേക ലക്ഷ്യത്തോടെ കേസില്‍ പ്രതിയായ വ്യക്തി, രാഷ്ട്രീയ നേതാക്കളെയും ഭരണകര്‍ത്താക്കള്‍ക്കുമെതിരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്ന ആരോപണം ഉന്നയിക്കുമ്പോള്‍, അന്വേഷണം നടത്തുന്നതിന് വേവലാതിപ്പെടുന്നത് എന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനുമായി സംസാരിച്ചതിനെക്കുറിച്ചാണ് പ്രതിപക്ഷം പറയുന്നത്. ഇതിന്റെ ഉത്തരവാദിത്തവും സര്‍ക്കാരിന്റെ മേല്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. ഒരു വിഷയത്തിലും ഇടനിലക്കാരനെ വെക്കേണ്ട ആവശ്യം സര്‍ക്കാരിനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നും തെറ്റായ ഇടപെടലുണ്ടായതായി ബോധ്യപ്പെട്ടാൻ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാരിന് മടിയില്ല. സത്യം വെളിച്ചത്തുവരണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പ്രതിപക്ഷത്തിന്റെ തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാര്‍. ഇതില്‍ ഒരാള്‍ ബിജെപിയുമായി സഹകരിക്കുന്നയാളാണ്. മറ്റൊരാള്‍ നേരത്തെ ജയ്ഹിന്ദ് ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. പൊതുരംഗത്തു നില്‍ക്കുന്ന രാഷ്ട്രീയക്കാരെ എന്തും വിളിച്ചു പറയാമെന്ന അവസ്ഥ വരുന്നത് ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ആരെയെങ്കിലും ബാക്കി വെച്ചേക്കുമായിരുന്നോ?'
മൂന്ന് പ്രബല കേന്ദ്ര ഏജന്‍സികള്‍ രണ്ടു വര്‍ഷം അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല. നാലു കേന്ദ്ര എജന്‍സി ഉഴുതു മറിച്ചു നോക്കിയിട്ടും ഒരു കച്ചിത്തുരുമ്പെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഇവിടെ ആരെയെങ്കിലും ബാക്കി വെച്ചേക്കുമായിരുന്നോ?. തീയില്ലാത്തയിടത്ത് പുകയുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം. അതല്ലാതെ പ്രമേയത്തിന് യാതൊരു പ്രസക്തിയുമില്ല. സംഘപരിവാര്‍ ചെല്ലും ചെലവും കൊടുക്കുന്ന, സംഘപരിവാറിന്റെ ആളുകളുടെ ശബ്ദം സഭയില്‍ ഉയര്‍ത്താനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വല്ലാതെ ദുര്‍ബലപ്പെടുന്നു. കൂടെയുള്ളവരെ സംരക്ഷിക്കുന്നവരാണ് സംഘപരിവാര്‍ എന്ന് അവിടെയുള്ള ആര്‍ക്കെങ്കിലും തോന്നലുണ്ടോയെന്ന് ഇതു കാണുമ്പോള്‍ സംശയം തോന്നുന്നുവെന്ന് മുഖ്യമന്ത്രി
സ്വര്‍ണം കൊടുത്തയച്ചത് ആര്‍ക്ക്?. സ്വര്‍ണം കിട്ടിയത് ആര്‍ക്ക്, സ്വാഭാവികമായും ഉയരുന്ന ചോദ്യമൊന്നും കോണ്‍ഗ്രസ്, ബിജെപി, അവരോടു ബാന്ധവമുള്ള ആരും ചോദിച്ചില്ല. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒരു ചോദ്യവും ഉയരില്ല. കേരള പൊലീസിന്‍രെ സുരക്ഷ വേണ്ട എന്നു പറയാന്‍ മാത്രം അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ശക്തമായത് ആര് എന്നും മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോള്‍ ചെല്ലും ചെലവും നല്‍കുന്നത് ബിജെപിയാണെന്ന് പറയുന്നു. അതിന് മുമ്പ് ചെല്ലും ചെലവും നല്‍കിയത് സര്‍ക്കാരാണ്. നിങ്ങള്‍ രണ്ടു കൂട്ടരും നല്‍കിയതിന് പ്രതിപക്ഷത്തിന് മേല്‍ പഴി ചാരുന്നതെന്തിനെന്ന് മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ വി ഡി സതീശന്‍ ചോദിച്ചു. മുമ്പ് അവര്‍ക്ക് ചെല്ലും ചെലവും നല്‍കിയത് കോണ്‍സുലേറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി'
വീണ വിജയനെക്കുറിച്ചുള്ള മാത്യു കുഴല്‍നാടന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി ക്ഷോഭിച്ചു. അതങ്ങ് മനസ്സില്‍ വെച്ചാല്‍ മതി. തന്റെ മകള്‍ വീണ പിഡബ്ലിയുസി ഡയറക്ടര്‍ മെന്ററാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. മകളെപ്പറ്റി പറഞ്ഞാല്‍ ഞാന്‍ കിടുങ്ങിപ്പോകുമെന്നാണോ ധരിച്ചത്?. വെറുതെ വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കരുത്. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതാണോ സംസ്‌കാരമെന്നും മുഖ്യമന്ത്രി ചോദിച്ചു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയം സഭ തള്ളി. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഒന്നിനും സര്‍ക്കാര്‍ മറുപടി പറഞ്ഞില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിന് തയ്യാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് വെല്ലുവിളിച്ചു. തുടര്‍ന്ന് ഭരണപക്ഷ-പ്രതിപക്ഷ അംഗങ്ങള്‍ മുന്‍നിരയിലെത്തി പ്രതിഷേധിച്ചു. ബഹളത്തെത്തുടര്‍ന്ന് നിയമസഭ പിരിഞ്ഞു. സഭ ഇനി 30 ന് വീണ്ടും സമ്മേളിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates