റിജിത്ത് വധം: 9 ആർഎസ്എസ് പ്രവർത്തകർക്കും ജീവപര്യന്തം; വിധി 19 വർഷത്തിന് ശേഷം

എല്ലാ പ്രതികൾക്കും 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്
rijith murder
റിജിത്ത് ഫയൽ
Updated on
1 min read

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. പ്രതികൾക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർ‌എസ്എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്.

കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്‌ (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌ (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ്‌ (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌ (47), സഹോദരൻ ശ്രീജിത്ത്‌ (43), തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്.

പ്രതികൾക്ക് 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി കോത്തില താഴെവീട്ടിൽ അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കണ്ണപുരം ചുണ്ട തച്ചങ്കണ്ടിയിൽ ക്ഷേത്രത്തിന് സമീപം കൊല്ലപ്പെട്ടത്.

19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി പ്രസ്താവം വന്നിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ആർഎസ്എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 2005 ഒക്ടോബർ മൂന്നിന് രാത്രി ഒൻപത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കൾക്കൊപ്പം നടന്നുവരുന്ന സമയത്ത് മാരകായുധങ്ങളുമായി ആർഎസ്എസ്-ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

സിപിഎമ്മിന്റെ കണ്ണപുരം ബ്രാഞ്ച് അം​ഗവും ഡിവൈഎഫ്ഐ പ്രവർത്തകനുമാണ് റിജിത്ത്. 25 വയസ്സുകാരനായ റിജിത്തിനെ കൊന്ന കേസ് അപൂർവങ്ങളിൽ അപൂർവം ആകാത്തതിനാലാണ് വധശിക്ഷ ഒഴിവായത്. വിധി കേൾക്കാൻ വൻ ജനക്കൂട്ടം തലശ്ശേരി കോടതി പരിസരത്തെത്തിയിരുന്നു. വിധി കേട്ട് റിജിത്തിന്റെ അമ്മയും സഹോദരിയും പൊട്ടിക്കരഞ്ഞു. പ്രതികൾക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് റിജിത്തിന്റെ അമ്മ ജാനകി പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ രഞ്ജിത്ത് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com