വധശിക്ഷ വിധിക്കപ്പെട്ട് 16 വര്‍ഷമായി സൗദി ജയിലില്‍; മലയാളിയ്ക്ക് മോചനത്തിന് വേണ്ടത് 33 കോടിരൂപ

2006 ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്
അബ്ദു റഹീം
അബ്ദു റഹീം
Updated on
2 min read

റിയാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യയില്‍ 16 വര്‍ഷമായി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചനത്തിന് 33 കോടി രൂപ (ഒന്നര കോടി റിയാല്‍) ദയധനമായി ആവശ്യപ്പെട്ട് മരിച്ച സൗദി ബാലന്റെ കുടുംബം. അപ്പീല്‍ കോടതയിലുള്ള കേസില്‍ അന്തിമ വിധി വരുന്നതിന് മുമ്പ് പണം നല്‍കിയാല്‍ മാപ്പ് നല്‍കാമെന്നും അല്ലെങ്കില്‍ കോടതി വിധി അനുസരിച്ച് ശിക്ഷ സ്വീകരിക്കേണ്ടിവരുമെന്നും കേസില്‍ ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് വേങ്ങാട്ടിനെ കുടുംബം അറിയിച്ചു.

കോടമ്പുഴ മച്ചിലകത്ത് പീടിയേക്കല്‍ വീട്ടില്‍ പരേതനായ മുല്ല മുഹമ്മദ്കുട്ടിയുടെ മകന്‍ അബ്ദുറഹീമിനെ സൗദി പൗരന്റെ മകന്‍ അനസ് അല്‍ശഹ്റി എന്ന ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 10 വര്‍ഷം മുമ്പാണ് സൗദി കോടതി വധശിക്ഷക്ക് വിധിച്ചത്. കേസ് ഇപ്പോള്‍ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്. 

2006 നവംബര്‍ 28ന് 26-ാം വയസ്സിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലെത്തിയത്. സ്പോണ്‍സര്‍ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്‍ അല്‍ശഹ്രിയുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. തലയ്ക്ക് താഴെ ചലനശേഷിയില്ലാതിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്‍കിയിരുന്നത് കഴുത്തില്‍ പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഇടയ്ക്കിടെ വീല്‍ ചെയറില്‍ പുറത്തും മാര്‍ക്കറ്റിലും കൊണ്ടുപോവുകയും ആവശ്യമായ സാധനങ്ങള്‍ വാങ്ങിച്ചു തിരിച്ചു വീട്ടില്‍ കൊണ്ടുവരികയും ചെയ്തിരുന്നു. ഇടക്കിടെ പ്രകോപിതനാവുന്ന സ്വഭാവം അനസിനുണ്ടായിരുന്നു.

2006 ഡിസംബര്‍ 24 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റിയാദ് ശിഫയിലെ വീട്ടില്‍നിന്ന് അസീസിയിലെ പാണ്ട ഹൈപര്‍ മാര്‍ക്കറ്റിലേക്ക് പോകവേ സുവൈദിയിലെ ട്രാഫിക് സിഗ്നലില്‍ പ്രകോപനമൊന്നുമില്ലാതെ അനസ് വഴക്കിടുകയായിരുന്നു. ട്രാഫിക് സിഗ്‌നല്‍ കട്ട് ചെയ്തു പോകാന്‍ അനസ് ബഹളം വെച്ചു. നിയമലംഘനം നടത്താന്‍ ആവില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ അബ്ദുറഹീം വാഹനവുമായി അടുത്ത സിഗ്നലില്‍ എത്തിയപ്പോള്‍ അനസ് വീണ്ടും ബഹളം വെക്കാന്‍ തുടങ്ങി. പിന്‍സീറ്റിലായിരുന്ന കുട്ടിയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ പിന്നോട്ട് തിരിഞ്ഞപ്പോള്‍ റഹീമിന്റെ മുഖത്തേക്ക് അനസ് പലതവണ തുപ്പി. തടയാനായി ശ്രമിച്ച അബ്ദുറഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടി. തുടര്‍ന്ന് കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നീട് യാത്ര തുടര്‍ന്ന റഹീം അനസിന്റെ ബഹളമൊന്നും കേള്‍ക്കാതായപ്പോള്‍ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്.

ഉടന്‍ ബന്ധുവായ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് നസീറിനെ വിളിച്ചുവരുത്തി. എന്തുചെയ്യണമെന്ന് അറിയാതെ പരിഭ്രമത്തിലായ രണ്ടുപേരും ചേര്‍ന്ന് ഒരു കഥയുണ്ടാക്കി. പണം തട്ടാന്‍ വന്ന കൊള്ളക്കാര്‍ റഹീമിനെ കാറില്‍ ബന്ദിയാക്കി അനസിനെ ആക്രമിച്ചുവെന്ന് കഥ ചമയ്ക്കുകയും നസീര്‍ റഹീമിനെ സീറ്റില്‍ കെട്ടിയിട്ടു പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസെത്തി റഹീമിനെയും ചോദ്യം ചെയ്യലിന് ശേഷം നസീറിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് വഴി തിരിച്ചുവിടാന്‍ ശ്രമിച്ചത് ഇരുവര്‍ക്കും വിനയായി. നസീര്‍ 10 വര്‍ഷത്തിന് ശേഷം ജാമ്യത്തിലിറങ്ങി.

വിവിധ ഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്. ആ വിധി ഇപ്പോഴും നിലനില്‍ക്കുകയാണ്. റിയാദിലെ വിവിധ സാമൂഹിക സംഘടന പ്രതിനിധികള്‍ ഉള്‍പ്പെട്ട നിയമസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. സൗദി ഭരണാധികാരിക്ക് ദയാഹരജിയും നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ എംബസി പ്രതിനിധിയായി യൂസുഫ് കാക്കഞ്ചേരി റഹീമിന്റെ മോചനത്തിന് പല ഇടപെടലുകളും നടത്തിവരികയാണ്.

അതേ സമയം കുട്ടിയുടെ ബന്ധുക്കള്‍ ദയാധനം വേണമെന്ന്? ആവശ്യപ്പെട്ടിരിക്കുന്നതിനാല്‍ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് റിയാദിലെ പൊതുസമൂഹം. റഹീമിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ സൗദി കുടുംബവുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കും. നാട്ടില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മുഖ്യ രക്ഷാധികാരിയായും കേന്ദ്ര മന്ത്രി വി മുരളീധരന്‍, എംപിമാരായ എംകെ രാഘവന്‍, എളമരം കരീം, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്?ദുല്‍ വഹാബ്, എംഎല്‍എമാരായ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീര്‍ രക്ഷാധികാരികളുമായി സഹായസമിതി രൂപീകരിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com