

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള ഗവര്‍ണര്‍, നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് മടങ്ങിപ്പോയത് നിയമസഭയോടുള്ള പൂര്‍ണമായ അവഹേളനമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിയമസഭ നടപടിക്രമങ്ങളോടും ഭരണഘടനാ നിര്‍ദേശങ്ങളോടും പൂര്‍ണമായ അവഗണനയും അവഹേളനവുമാണ് ഗവര്‍ണര്‍ നടത്തിയത്. ഇതില്‍ പ്രതിപക്ഷം ശക്തമായി പ്രതിഷേധിക്കുന്നതായി വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ കുറേ നാളുകളായി നടക്കുന്ന രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമാണ് നിയമസഭയില്‍ നടന്നത്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗത്തില്‍ ഒരു കാര്യവും ഇല്ല. ഈ സര്‍ക്കാരിന്റെ സ്ഥിതി മുഴുവന്‍ പ്രതിഫലിക്കുന്ന നയപ്രഖ്യാപന പ്രസംഗമാണ് സര്‍ക്കാര്‍ തയ്യാറാക്കിയത്.
ഈ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിനെതിരെ കാര്യമായ ഒരു വിമര്‍ശനവുമില്ല. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോയ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ പേടിച്ച് പ്രക്ഷോഭം സമ്മേളനമാക്കി മാറ്റിയ ദയനീയമായ കാഴ്ചയാണ് കണ്ടത്. പ്രതിപക്ഷത്തെ ക്ഷണിച്ചത് കേന്ദ്രത്തിനെതിരെ സമരം ചെയ്യാനാണ്. എന്നാല്‍ ഒരുമിച്ചു സമരത്തിന് പ്രതിപക്ഷം തയ്യാറല്ലെന്ന് അറിയിച്ചു.
എന്നാല്‍ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചു. പക്ഷെ മണിക്കൂറുകള്‍ക്കുള്ളില്‍ സമരം പൊതു സമ്മേളനമാക്കി മാറ്റുകയായിരുന്നു. ഇത് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ ഭയന്നാണ് മുഖ്യമന്ത്രി ഇങ്ങനെ ചെയ്തത്. നയപ്രഖ്യാപനപ്രസംഗത്തില്‍ കേന്ദ്ര ഏജന്‍സികളെക്കുറിച്ച് ഒരു വിമര്‍ശനവുമില്ല. കേരളീയത്തെക്കുറിച്ചും നവകേരള സദസ്സിനെക്കുറിച്ചുമാണ് പറയുന്നത്. കണക്കു നല്‍കാതെയുള്ള കള്ളപ്പിരിവു നടത്തിയിട്ടുള്ള പരിപാടിയാണ് കേരളീയവും നവകേരള സദസ്സുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
