

കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 166 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 88 പേരെ മാത്രമാണ് തിരിച്ചറിയാനായത്. ചാലിയാര്‍ തീരത്ത് 10 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിരുന്നു. മീന്‍മുട്ടിക്ക് സമീപം 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇന്നു രാവിലെ നടത്തിയ തിരച്ചിലില്‍ ഇതുവരെ 31 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 143 മൃതദേഹങ്ങളുടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി.
മുണ്ടക്കൈയില്‍ നിന്നും അഞ്ച് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മുണ്ടക്കൈ മഹല്ല് കമ്മിറ്റി സെക്രട്ടറി അലിയുടെ മൃതദേഹവും കണ്ടെടുത്തവയില്‍പ്പെടുന്നു. മുണ്ടക്കൈയില്‍ നിന്നുമാത്രം ഇതുവരെ 91 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. പോത്തുകല്ലില്‍ നിന്ന് ഇതുവരെ 67 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാത്തവര്‍ക്കായി മുണ്ടക്കൈയില്‍ സംയുക്ത സംഘം രാവിലെ മുതല്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യല്‍ ഏറെ ദുഷ്‌കരമാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഉരുള്‍പൊട്ടല്‍ മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളില്‍ കനത്ത നാശമാണ് വിതച്ചത്. മുണ്ടക്കൈ ഗ്രാമത്തെ അപ്പാടെ ഉരുള്‍ വിഴുങ്ങുകയായിരുന്നു. മുണ്ടക്കൈയില്‍ 540 ഓളം വീടുകളുണ്ടായിരുന്നു. ഇതില്‍ 30 വീടുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നതെന്ന് പഞ്ചായത്ത് അംഗം കെ ബാബു പറയുന്നു. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിനിടെ കണ്ടുവെന്ന് ബാബു കൂട്ടിച്ചേര്‍ത്തു. ജീവന്റെ കണികയുണ്ടായിരുന്നവരെ പോലും മാറ്റിയിട്ടുണ്ട്. മൃതശരീരങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ബാബു പറയുന്നു.
ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ കുട്ടികളെക്കൂടാതെ 860 പേര്‍ മുണ്ടക്കൈയിലുണ്ടായിരുന്നതായാണ് ഏകദേശ കണക്ക്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും ഇതുകൂടാതെയുണ്ടാകും. കുടുങ്ങിക്കിടന്ന ഇരുന്നോറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയെന്നും ബാബു വ്യക്തമാക്കി. ആദ്യത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ ഒന്നും സംഭവിച്ചില്ല, കുഴപ്പമില്ല എന്നു പറഞ്ഞവര്‍ രണ്ടാമത്തെ ഉരുളില്‍ മറഞ്ഞുവെന്ന് ചൂരല്‍മല സ്വദേശി ബേബി പറയുന്നു. ദുരന്തസ്ഥലത്ത് 218 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 3069 പേരാണ് കഴിയുന്നത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് ഞെട്ടല്‍ മാറാതെ ഇനി എന്ത് ചെയ്യണമെന്നറിയാതെ ക്യാമ്പുകളില്‍ കഴിയുകയാണ് രക്ഷപ്പെട്ടവര്‍.
രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ടെട്രാ ട്രക്കുകളെത്തിക്കും. ചെളിയില്‍ പുതഞ്ഞുപോയവരെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ നിന്നും സ്‌നിഫര്‍ ഡോഗുകളെയും എത്തിക്കും. ഏഴിമല നാവിക അക്കാദമിയില്‍ നിന്നും 60 അംഗ സംഘം രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ നാലു സംഘങ്ങളായി തിരിഞ്ഞാണ് കര-നാവിക സേനകള്‍ തിരച്ചില്‍ നടത്തുന്നത്. പരിശീലനം സിദ്ധിച്ച നായകളെയും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. ചൂരല്‍മലയില്‍നിന്ന് മുണ്ടക്കൈയിലേക്ക് ബെയ്ലി പാലം നിര്‍മിക്കാനുള്ള ഉപകരണങ്ങളുമായി സൈന്യം ഉച്ചയോടെ ദുരന്തഭൂമിയിലേക്കെത്തുമെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates