മഹേഷ്
മഹേഷ്

ടുവീലറിൽ പ്രത്യേക അറ; വിൽപ്പന ഫോണിലൂടെ; കഞ്ചാവുമായി യുവാവ് പിടിയിൽ 

ഫോണിൽ ആവശ്യപ്പെടുന്നവർക്ക് പ്രത്യേക സ്ഥലം നിർദ്ദേശിച്ച് അവിടെ എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി
Published on

തൃശൂർ: കഞ്ചാവ് വിൽക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. നെല്ലായി ആനന്ദപുരം ആലത്തൂർ കോശേരി വീട്ടിൽ മഹേഷ് (31 വയസ്) അറസ്റ്റിലായത്. ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന്റെ സീറ്റിനടിയിൽ നിർമിച്ച പ്രത്യേക അറയിൽ നിന്ന് പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ ഇരുന്നൂറ്റമ്പത് ഗ്രാമോളം കഞ്ചാവ് പിടികൂടി. ഫോണിൽ ആവശ്യപ്പെടുന്നവർക്ക് പ്രത്യേക സ്ഥലം നിർദ്ദേശിച്ച് അവിടെ എത്തിച്ച് കൊടുക്കുന്നതാണ് ഇയാളുടെ രീതി.

കഴിഞ്ഞ വർഷം ജൂൺ മാസം ആലത്തൂർ സ്വദേശിയായ യുവാവിനെ മഹേഷിന്റെ നേതൃത്വത്തിൽ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ എക്സൈസിന് വിവരം നൽകി എന്നാരോപിച്ചായിരുന്നു ആക്രമണം. നിരപരാധിയായ യുവാവിനെ ആക്രമിച്ചു പ്പെടുത്താൻ ശ്രമിച്ചതിനെതിരെ പ്രദേശവാസികളിൽ അമർഷം രൂക്ഷമായതിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു.  

പിന്നാലെ പൊലീസ് കേസ് എടുത്ത് അറസ്റ്റ് ചെയ്ത മഹേഷും സംഘവും ഏതാനും ആഴ്ചകൾക്ക് ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. പൊലീസ് ഇയാളെ കർശനമായി നിരീക്ഷിച്ച് വരികയായിരുന്നു. അതിനാൽ കൊടകര പൊലീസ് സ്റ്റേഷൻ പരിധി വിട്ട് ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചാണ് ലഹരി വിൽപന നടത്തിയിരുന്നത്. ഇരിങ്ങാലക്കുട മാപ്രാണം സ്വദേശിയാണെന്ന വ്യാജേനയാണ് കഞ്ചാവിനായി പൊലീസ് മഹേഷിനെ ബന്ധപ്പെട്ടത്. തുടർന്ന് കഞ്ചാവ് നൽകാൻ പുറപ്പെട്ട മഹേഷിനെ വഴി മദ്ധ്യേ പിടികൂടുകയായിരുന്നു. പിടിയിലായ മഹേഷിനെ വൈദ്യ പരിശോധന നടത്തി കോടതിയിൽ ഹാജരാക്കി. 

ജില്ലയിൽ വ്യാജ മദ്യ- മയക്കുമരുന്ന് നിർമാണത്തിനും വിതരണത്തിനുമെതിരായി നടക്കുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി ചാലക്കുടി ഡിവൈഎസ്പി സിആർ സന്തോഷ്, കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലൻ എന്നിവരുടെ നേതൃത്വത്തിൽ കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. പ്രത്യേക പരിശോധനയുടെ ഭാഗമായി ഇരുപതോളം കേസുകളിലായി നിരവധി പേരാണ് പിടിയിലായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com