

തിരുവനന്തപുരം: ബിജെപി അവഗണന തുടരുമ്പോള്‍ എന്‍ഡിഎയില്‍ തുടരണോ എന്ന കാര്യം ആലോചിക്കേണ്ടി വരുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭാ നേതാവ് സി കെ ജാനു. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കും. എന്‍ഡിഎയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ല. ബിജെപിയും ബിഡിജെഎസും മാത്രമല്ല എന്‍ഡിഎയില്‍ നിരവധി കക്ഷികളുണ്ട്. സഖ്യകക്ഷികളെ കൂടെ നിര്‍ത്തേണ്ടതും എന്‍ഡിഎ എന്ന മുന്നണിയെ നില നിര്‍ത്തേണ്ടതും പ്രധാന കക്ഷിയെന്ന നിലയ്ക്ക് ബിജെപിയാണ്. എന്നാല്‍ അത്തരമൊരു ഇടപെടല്‍ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്ന് ജാനു ആരോപിച്ചു.
ആദിവാസി സമൂഹത്തിന്റെ പ്രതിനിധിയാണ് താന്‍. ആ പരിഗണന എന്‍ഡിഎയില്‍ നിന്നും ലഭിച്ചിട്ടില്ല. ആദിവാസി സമൂഹം കഴിഞ്ഞ കാലങ്ങളിലെല്ലാം അവഗണിക്കപ്പെട്ട, ഇരകളായ ആളുകളാണ്. അതുകൊണ്ട് തന്നെ എന്‍ഡിഎയില്‍ കൃത്യമായ പരിഗണന ലഭിക്കേണ്ടതായിരുന്നു ജാനു കുറ്റപ്പെടുത്തി. മുന്നണിയില്‍ ലഭിക്കേണ്ട സ്ഥാനമാനങ്ങളെപ്പറ്റി പലതവണ ചര്‍ച്ച ചെയ്തതാണ്. ബിജെപിയുടെ ആവശ്യപ്രകാരം കക്ഷികള്‍ തങ്ങളുടെ ആവശ്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയും ഉണ്ടായില്ല. തുഷാര്‍ വെള്ളാപ്പള്ളിയ്ക്ക് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് അവസാന നിമിഷം വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അത്തരമൊരു വാഗ്ദാനം ലഭിച്ചിരുന്നു എന്നാണ് അറിയുന്നത്. എന്നാല്‍ ഒടുവില്‍ തുഷാറിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് അറിയില്ല.
ആദിവാസികള്‍ക്കും കര്‍ഷകര്‍ക്കും കൃഷിയാവശ്യത്തിനായി ഭൂമി നല്‍കണം എന്ന് വനാവകാശ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. കേരളത്തില്‍ മാറിമാറി വന്ന സര്‍ക്കാരുകള്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് നീതി നല്‍കിയില്ല. യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ വനാവകാശ നിയമത്തെ അട്ടിമറിക്കാനാണ് ശ്രമിച്ചത്. വനാവകാശ നിയമം അനുസരിച്ച് 15 ഏക്കര്‍ ഭൂമി വരെ കൃഷി ചെയ്യാനായി ആദിവാസികള്‍ക്ക് നല്‍കണം. ഏറ്റവും കുറവ് അഞ്ച് ഏക്കര്‍ ഭൂമിയെങ്കിലും നല്‍കണം. എന്നാല്‍ ആദിവാസി വീടുകള്‍ക്ക് ചുറ്റും മൂന്ന് സെന്റ്, അഞ്ച് സെന്റ് വീതം കുറ്റിയടിച്ച് വനവകാശ നിയമത്തെ അട്ടിമറിക്കുകയാണ് ഇരു കൂട്ടരും ചെയ്തത്. ഇതിനെതിരെ കര്‍ഷക സമരം പോലെ വലിയ പ്രക്ഷോഭം തന്നെ ആദിവാസി സമൂഹം നടത്തേണ്ടതുണ്ടെന്നും ജാനു അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates