തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നതിനിടെ ഇടുക്കി അണക്കെട്ടിലേക്ക് എത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞു. വൃഷ്ടിപ്രദേശത്ത് നേരിയ രീതിയില്‍ മഴ കുറഞ്ഞതും വെള്ളം ഷട്ടറുകളിലൂടെ
ഒഴുകിപ്പോകുന്നതുമാണ് ജലനിരപ്പ് താഴാന്‍ കാരണമായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2401.20 അടിയാണ് നിലവിലെ ജലനിരപ്പ്. ഇന്നലെ രാത്രിയില്‍ 2401. 68 അടിയായിരുന്നു. സെക്കന്റില്‍ എട്ട് ലക്ഷം ലിറ്റര്‍ വെള്ളം ഇന്നും തുറന്ന് വിടാന്‍ തീരുമാനമായിട്ടുണ്ട്.
സംസ്ഥാനത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടങ്ങുന്ന സംഘം ഇന്ന് സന്ദര്‍ശിക്കും. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് ഹെലികോപ്ടറിലെത്തുന്ന സംഘം ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങും നാളെ
കേരളത്തിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
ആലുവയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി സൈന്യം വെള്ളിയാഴ്ച വൈകുന്നേരത്തോടെ എത്തിയിരുന്നു. ' ഓപറേഷന്‍ സഹായോഗ്' എന്നാണ് മിഷന് നല്‍കിയിരിക്കുന്ന പേര്. വിവിധ ജില്ലകളിലായി 53,501 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂഴിയാര്‍ മണിയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ പമ്പാ നദിയും കരകവിഞ്ഞിട്ടുണ്ട്. ഇതോടെ അപ്പര്‍ കുട്ടനാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചു.
അതിനിടെ കര്‍ക്കിടക വാവുബലി ആചരിക്കാനെത്തുന്നവര്‍ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അപകടമുണ്ടാകാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്നും സഹകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നദീതീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.
പ്രളയക്കെടുതിയില്‍ ഇതുവരെ 29 മരണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് പതിനൊന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം,ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates