

വാഷിങ്ടണ്‍: കോവിഡിന്റെ ഉത്ഭവം ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന സിദ്ധാന്തത്തിന് ബലം നല്‍കി യു എസ് റിപ്പബ്ലിക്കന്‍ റിപ്പോര്‍ട്ട്. കൊറോണ വൈറസ് ചൈനയിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കോവിഡ് വൈറസ് വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് തന്നെയാണ് ചോര്‍ന്നത് എന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പബ്ലിക്കന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസ്, ചൈനീസ് വിദഗ്ധരുടെ സഹായവും യു.എസ് ധനസഹായവും ഉള്ള വുഹാന്‍ ലാബ് മനുഷ്യരെ ബാധിക്കുന്ന തരത്തില്‍ കൊറോണ വൈറസുകളെ പരിഷ്‌ക്കരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത്തരം വിവരങ്ങള്‍ മറച്ചുവെക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം കോവിഡിന്റെ പുതിയ വകഭേദം വുഹാനില്‍ നിന്നാണ് ചോര്‍ന്നതെന്ന വാദത്തെ ചൈന നിഷേധിച്ചു. 2019ല്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ചൈനയിലാണ്. എന്നാല്‍ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണ് എന്നത് വിദഗ്ധര്‍ക്കിടയില്‍ തെളിയിപ്പെടാത്ത ഒരു സിദ്ധാന്തമാണ്.
കോവിഡ് വൈറസ് ചോര്‍ന്നതിന് പ്രധാനമായും രണ്ട് സാധ്യതകളാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണക്കു കൂട്ടുന്നത്. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിനരികിലുള്ള മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് കോവിഡ് പടര്‍ന്നതാവാം അല്ലെങ്കില്‍ ചൈനയിലെ ലബോറട്ടറിയില്‍ നിന്ന് മനപ്പൂര്‍വ്വമല്ലാതെ പടര്‍ന്നതാവാം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 സെപ്തംബര്‍ 12ന് മുമ്പാണ് ഇത് സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates