
കലൂര്‍ സ്റ്റേഡിയത്തില്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് നിര്‍ഭാഗ്യകരമായ ഒരു സംഭവമുണ്ടായി. ഒരു പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ താഴെവീഴുകയും സാരമായ പരുക്കേല്‍ക്കുകയും ചെയ്തു. അവര്‍ക്ക് ആ പരുക്കുകളെ അതിജീവിക്കാന്‍ കഴിയട്ടെ എന്ന് രാഷ്ട്രീയ കക്ഷിഭേദമെന്യേ അന്ന് ഏവരും ആഗ്രഹിച്ചു. മാസങ്ങള്‍ക്കുശേഷം, പരുക്കുകളില്‍നിന്നും വിമോചിതയായ അവര്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് വേദിയില്‍ ഒപ്പം ഉണ്ടായിരുന്ന 'സാംസ്‌കാരിക മന്ത്രിക്ക് സംസ്‌കാര'മുണ്ടോ എന്നു താന്‍ സംശയിക്കുന്നു എന്നാണ്. അവര്‍ മന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണത്തിന്റെ വാസ്തവം അവിടെ നില്‍ക്കട്ടെ. 'സംസ്‌കാരമുണ്ടോ?' എന്ന ചോദ്യത്തിലെ രാഷ്ട്രീയമാണ് ഉണര്‍ന്നിരിക്കുന്ന തലച്ചോറുകളെ പ്രകോപിതമാക്കുന്നത്. എന്തെന്നാല്‍ വര്‍ഗാധീശത്വം നിലനില്‍ക്കുന്ന സമൂഹങ്ങളില്‍ സംസ്‌കാരമില്ലാത്തവര്‍ ജീവിക്കാന്‍പോലും അര്‍ഹതയില്ലാത്തവരാണ്. അത്തരം സമൂഹങ്ങളില്‍ സംസ്‌കാരം എന്നാല്‍ പരിഷ്‌കാരമാണ്. 'അപരിഷ്‌കൃതരാ'യവര്‍ മിക്കപ്പോഴും വംശീയോന്മൂലനങ്ങള്‍ക്ക് വരെ വിധേയമാകുന്നു. പരിഷ്‌കൃതികളുടെ വിപുലീകരണത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യം.
നാഗരിക പരിഷ്‌കാരങ്ങളുടെ വക്താക്കള്‍ പലപ്പോഴും ബലംപ്രയോഗിച്ചുപോലും നാഗരികതകളുടെ വിപുലീകരണം നടപ്പാക്കാറുണ്ട്. നവലിബറല്‍ മുതലാളിത്തം സകല പ്രതാപത്തോടുംകൂടി വാഴുന്ന നമ്മുടെ നാട്ടിലും ഇതിന് ഉദാഹരണങ്ങളുണ്ട്. നമ്മുടെ ചരിത്രത്തിലും പുരാണത്തിലും പഴമ്പാട്ടുകളിലുമെല്ലാം എമ്പാടും 'അപരിഷ്‌കൃത ജനത'കളുടെ വംശീയോന്മൂലനത്തിന്റെ കഥകളുണ്ട്. മഹാഭാരതത്തിലെ രണ്ട് പ്രധാനപ്പെട്ട വംശീയോന്മൂലന സംഭവങ്ങളാണ് ജനമേജയന്റെ സര്‍പ്പസത്രവും ഖാണ്ഡവവന ദാഹവും. തന്റെ പിതാവ് പരീക്ഷിത്ത് രാജാവ് തക്ഷകനില്‍നിന്നും വിഷദംശനമേറ്റു മരിച്ചതിന്റെ പ്രതികാരമായി നാഗവംശത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ലക്ഷ്യമിട്ട് ജനമേജയന്‍ നടത്തിയ യാഗമാണ് സര്‍പ്പസത്രം. അഗ്‌നിദേവന്റെ വിശപ്പ് മാറ്റാനായി കൃഷ്ണന്റേയും അര്‍ജുനന്റേയും സഹായത്തോടെ ഖാണ്ഡവവനം അഗ്‌നിക്കിരയാക്കിയ സംഭവമാണ് ഖാണ്ഡവവന ദാഹം. ജനമേജയന്റെ സര്‍പ്പസത്രത്തില്‍ നിരവധി നാഗങ്ങള്‍ ഹോമകുണ്ഡത്തില്‍ വീണു മരിച്ചു. എന്നാല്‍, ആസ്തികന്‍ എന്ന ബ്രാഹ്മണന്റെ ഇടപെടല്‍ മൂലം ജനമേജയന്‍ യാഗം അവസാനിപ്പിക്കുകയും നാഗവംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തില്‍നിന്നു പിന്തിരിയുകയും ചെയ്തുവെന്നുമാണ് കഥ.
തക്ഷകന്റെ മകനായ അശ്വസേനന്‍, ചില സാരംഗ പക്ഷികള്‍, ശില്പിയായ മയന്‍ എന്നിവര്‍ മാത്രമാണത്രേ അഗ്‌നിയില്‍നിന്നു രക്ഷപ്പെട്ടത്. മയന്‍ പിന്നീട് വനത്തിന്റെ ചാരത്തില്‍ പാണ്ഡവര്‍ക്കായി മനോഹരമായ ഒരു കൊട്ടാരം പണിതു. സുയോധനനില്‍ സ്ഥലജലഭ്രമം സൃഷ്ടിച്ച അകത്തളങ്ങളുള്ള സൗധം. ആ സൗധം പണിത ഇടമാണത്രേ ഇന്ദ്രപ്രസ്ഥമായി-ഇപ്പോഴത്തെ ഡല്‍ഹി മാറുന്നത്. അവിടത്തെ അധികാരത്തിന്റെ അകത്തളങ്ങളില്‍ ഇപ്പോഴും പലരും കാല്‍തെറ്റി വീഴാറുണ്ടല്ലോ.
ഖാണ്ഡവവന ദഹനം കേവലം പൗരാണികമായ ഒരു യുദ്ധത്തിന്റെ കഥയല്ല. ഇന്‍ഡോ-ഗംഗാ സമതലത്തിലെ കൃഷിയുടെ വ്യാപനത്തോടനുബന്ധിച്ചുള്ള പാരിസ്ഥിതിക നാശത്തിന്റെ ഒരു ചരിത്ര സത്യത്തെ മാത്രമല്ല, ഖാണ്ഡവനത്തിന്റെ നാശം പ്രതീകവല്‍ക്കരിക്കുന്നത്. ബി.സി 1000-ഓടെ ഇരുമ്പ് ഉപയോഗിച്ച് നിര്‍മിച്ച ഉപകരണങ്ങളാലുള്ള വ്യാപക വനനശീകരണത്തിന്റേയും വലിയ വനങ്ങള്‍ കൃഷിയിടങ്ങള്‍ക്ക് വഴിമാറുന്നതിന്റേയും ചിത്രമാണ് ആ കഥ നല്‍കുന്നത്. അഗ്‌നിയും ഉരുക്കും ഭരണകൂടശക്തിയും ഭൂമിയേയും ജനങ്ങളേയും ദൈവസൃഷ്ടമായ സന്തുലിതാവസ്ഥയേയും മാറ്റിയെഴുതിയ കാലത്തെയാണ് ആ കഥ കുറിയ്ക്കുന്നത്.
ദേവന്മാരുടെ രാഷ്ട്രീയം, പ്രതികാരം, യാഗം എന്നിവയില്‍ വേരൂന്നിയ സംഭവമാണ് ഖാണ്ഡവവന ദഹനം. ഇക്കാലത്ത് ഭരണാധികാരികള്‍ക്കുള്ള വികസനഭ്രാന്ത് പോലെ അക്കാലത്ത് യജ്ഞഭ്രാന്തായിരുന്നു രാജാക്കന്മാരുടെ സവിശേഷത. അത്തരത്തില്‍ യജ്ഞഭ്രാന്ത് മൂത്ത ഒരാളായിരുന്നു ശ്വേതകി രാജാവ്. അദ്ദേഹം സംഘടിപ്പിച്ച യാഗങ്ങളുടെ ആധിക്യം നിമിത്തം അമിതമായി നെയ്യ് ഭക്ഷിച്ചതിനാല്‍ അഗ്‌നിദേവനു കടുത്ത ദഹനക്കേടുണ്ടായി. മരുന്നൊന്നും ഫലിക്കാത്തതിനാല്‍ അഗ്‌നിദേവന്‍ ബ്രഹ്മാവില്‍ അഭയം തേടുന്നിടത്താണ് കഥ തുടങ്ങുന്നത്. ദേവന്മാര്‍ക്ക് ഭീഷണിയായി കണക്കാക്കുന്ന ജീവികളുടെ വാസസ്ഥലമായ ഖാണ്ഡവവനം ഭക്ഷിച്ചാല്‍ ദഹനക്കേട് മാറുമെന്ന് ബ്രഹ്മാവ് അദ്ദേഹത്തെ ഉപദേശിക്കുന്നു. എന്നാല്‍, കനത്ത മഴയും കാറ്റും മൂലം അഗ്‌നിയുടെ ഖാണ്ഡവവന ദഹനശ്രമങ്ങള്‍ നിരന്തരം പരാജയപ്പെടുന്നു. തക്ഷകന്‍ എന്ന നാഗത്തിനു സൗഹൃദത്തിന്റെ പേരില്‍ ഇന്ദ്രന്‍ അഭയം നല്‍കിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. നിരാശനായ അഗ്‌നിദേവന്‍ ഇക്കാര്യത്തിന് കൃഷ്ണന്റേയും അര്‍ജുനന്റേയും സഹായം തേടുകയാണ് തുടര്‍ന്നുണ്ടായത്. അവര്‍ ദിവ്യായുധങ്ങള്‍ ഉപയോഗിച്ച് വനത്തിനു തീയിടാന്‍ സഹായിക്കുന്നു. മാരി പെയ്യിക്കാനൊരാള്‍, ശരമാരി പെയ്യിക്കാന്‍ മറ്റൊരാള്‍ എന്ന മട്ടില്‍ ഇന്ദ്രനും ഇന്ദ്രപുത്രനായ അര്‍ജുനനും മുഖാമുഖം നില്‍ക്കുന്നു. കൃഷ്ണാര്‍ജുനന്മാരുടെ സംയുക്തശ്രമത്തിനെതിരെ ദേവന്മാര്‍, ഗന്ധര്‍വന്മാര്‍, നാഗങ്ങള്‍, രാക്ഷസന്മാര്‍, മറ്റു ജീവികള്‍ എന്നിവരടങ്ങുന്ന ഒരു അസാധാരണസഖ്യം ഇതിനെതിരെ രൂപപ്പെടുന്നു. ഒരു 'മഴവില്‍ സഖ്യം' എന്നും പറയാം. എന്നാല്‍, ഈ 'മഴവില്‍ സഖ്യ'ത്തിനു വനത്തേയോ വനവാസികളേയോ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മദ്ധ്യപൂര്‍വദേശത്തുനിന്നുള്ള നന്മ-തിന്മ ദ്വന്ദ്വങ്ങളുടെ സംഘര്‍ഷകഥകള്‍ കേട്ടുശീലിച്ചതുകൊണ്ടാകാം ഇന്ത്യക്കാരും ഇപ്പോള്‍ രാക്ഷസര്‍ എന്നു കേള്‍ക്കുമ്പോള്‍ തിന്മയുടെ മൂര്‍ത്തീകരണഭാവങ്ങള്‍ എന്ന നിലയിലാണ് മനസ്സിലാക്കുന്നത്. എന്നാല്‍, അതങ്ങനെയല്ല. ബ്രഹ്മാവിന്റെ പുത്രന്‍മാരിലൊരാളായ പുലത്സ്യനില്‍നിന്നത്രേ രാക്ഷസന്മാര്‍ ഉദ്ഭവിക്കുന്നത്. രാമായണമനുസരിച്ച് ബ്രഹ്മാവില്‍നിന്ന് പുലത്സ്യനും പുലത്സ്യനില്‍നിന്നും വിശ്രവസ്സും അദ്ദേഹത്തില്‍നിന്ന് രാക്ഷസന്മാരും യക്ഷന്മാരും ഉണ്ടായി. ദേവന്മാര്‍ അസുരന്മാരുമായി യുദ്ധം ചെയ്തതുപോലെ, രാക്ഷസന്മാര്‍ യക്ഷന്മാരുമായിട്ട് യുദ്ധം ചെയ്തു. രാവണനായിരുന്നു രാക്ഷസന്മാരുടെ നേതൃത്വം. യക്ഷന്മാരുടേത് കുബേരനും. രാക്ഷസന്മാര്‍ തെക്ക് താമസിച്ചപ്പോള്‍ യക്ഷന്മാര്‍ വടക്കന്‍ പ്രദേശങ്ങളില്‍ ജീവിച്ചു. ഋഷിമാര്‍ക്ക് മിക്കപ്പോഴും രാക്ഷസന്മാരില്‍നിന്നും ആക്രമണങ്ങള്‍ നേരിടേണ്ടിവന്നു. ആയതിനാല്‍ അസുരന്മാരെ രാക്ഷസന്മാരുമായി സമീകരിച്ചുകാണാന്‍ തുടങ്ങി. മഹാഭാരതത്തില്‍ പാണ്ഡവരേയും വൈദിക ജീവിതരീതിയേയും എതിര്‍ക്കുന്ന വനവാസികളെല്ലാം തന്നെ-ബകന്‍, ഹിഡിംബന്‍, ജടന്‍, കിര്‍മീരന്‍-അസുരന്മാരായത് അങ്ങനെയാണ് എന്ന് പ്രശസ്ത മിഥോളജിസ്റ്റും എഴുത്തുകാരനുമായ ദേവ്ദത്ത് പട്ടനായിക് ചൂണ്ടിക്കാട്ടുന്നു. വൈദിക ജീവിതരീതി യാഗത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. കൈമാറ്റത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥയാണ് അത്. അതേസമയം രാക്ഷസന്മാരുടെ ജീവിതരീതിയാകട്ടെ, പിടിച്ചെടുക്കുകയും പങ്കിടുകയും ചെയ്യുന്ന സമ്പ്രദായമായിരുന്നു. പഴയകാല ഗോത്ര വ്യവസ്ഥയെയാണ് ഇതു സൂചിപ്പിക്കുന്നത്. വാസ്തവത്തില്‍ വനത്തിന്റെ രക്ഷയ്ക്ക് അധികാരമുള്ളവരത്രേ രാക്ഷസര്‍. കൃഷിയും കച്ചവടവും പ്രധാന വ്യവഹാരങ്ങളായുള്ള പരിഷ്‌കൃത സമൂഹവും പഴയ വേട്ടയാടല്‍-ശേഖരിക്കല്‍ രീതികള്‍ ഇഷ്ടപ്പെടുന്ന രാക്ഷസന്മാരും തമ്മിലുള്ള സംഘര്‍ഷമാണ് പുരാണങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഒരിടത്ത് താമസമുറപ്പിച്ച സമൂഹങ്ങളും നാടോടികളായ ഗോത്രവര്‍ഗക്കാരും തമ്മിലാണ് ഈ സംഘര്‍ഷം.
ഏതായാലും അക്കാലത്ത് ആധുനികരീതിയിലുള്ള പൊലിസിംഗും പൊലിസില്‍നിന്നും കേട്ടെഴുത്ത് ശീലമാക്കിയ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നില്ല എന്നു പ്രത്യേകം പറയേണ്ടതില്ല. ഉണ്ടായിരുന്നെങ്കില്‍ അവരെ രാക്ഷസര്‍ എന്നതിനുപകരം 'കുറുവ സംഘം' എന്നൊക്കെയായിരിക്കും വിശേഷിപ്പിക്കുക. ഏതാനും ചില ആളുകള്‍ മോഷ്ടാക്കളായതിനാല്‍ ഒരു ഗ്രാമത്തില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകളേയും അധിക്ഷേപിക്കുന്ന പ്രയോഗമാണത്. കൊളോണിയല്‍ വാഴ്ചക്കാലത്ത് ഉണ്ടായിരുന്ന നോട്ടിഫൈഡ് ട്രൈബുകള്‍ എന്ന ഏര്‍പ്പാടിനെ അനുസ്മരിപ്പിക്കുന്നത്.
ഖാണ്ഡവവനത്തിലെ കാടുകളില്‍ താമസിച്ചിരുന്ന നാഗന്മാര്‍ എന്ന വിഭാഗം രാക്ഷസര്‍ എന്നു വിളിക്കപ്പെടുന്നവരുമായി അടുത്ത ബന്ധമുള്ളവരാണ്. ഈ നാഗന്മാര്‍ പാമ്പുകളെ ആരാധിച്ചിരുന്ന ഗോത്രവര്‍ഗക്കാരായിരുന്നു. അവര്‍ വടക്കേ ഇന്ത്യയില്‍നിന്നും വിന്ധ്യനും കടന്നുവന്ന് തെക്കേ ഇന്ത്യയിലേയ്ക്ക് പില്‍ക്കാലത്ത് കുടിയേറി. ഇന്നും തെക്കേ ഇന്ത്യയില്‍, കാവുകളിലും നാഗപ്രതിഷ്ഠയുള്ള ആരാധനാലയങ്ങളിലും അവരെ ആരാധിക്കുന്നു. നാഗമണ്ഡലം പോലുള്ള ആചാരങ്ങള്‍ അവര്‍ക്കുവേണ്ടി നടത്തപ്പെടുന്നു പില്‍ക്കാലത്ത് ആര്യസ്വാധീനത്തിനു വഴങ്ങിയ നമ്മുടെ നാട്ടിലെ നായന്മാര്‍ ഇവരുടെ പിന്മുറക്കാരാകണം. അംബേദ്കര്‍ പറയുന്നത് നാഗന്മാര്‍ ആര്യാധിനിവേശത്തിനു വഴിപ്പെടാന്‍ വിസമ്മതിച്ച ജനവിഭാഗമാണ് എന്നാണ്. എന്തായാലും ഇന്ത്യയിലെമ്പാടുമുള്ള 'നാഗ'യിലാരംഭിക്കുന്ന സ്ഥലനാമങ്ങള്‍ പ്രാചീനമായ ഒരു ജനപദത്തിന്റെ സാന്നിദ്ധ്യത്തെ കുറിക്കുന്നുണ്ട്.
ഏതായാലും ഖാണ്ഡവവനത്തില്‍നിന്നും ദണ്ഡകാരണ്യത്തിലേയ്ക്ക്, ഇതിഹാസ കാലത്തില്‍നിന്നും ആധുനിക ഇന്ത്യയിലേയ്ക്ക് ഉള്ള ദൂരം അത്ര ദീര്‍ഘിച്ചതല്ല. ദണ്ഡകാരണ്യത്തിന് രാമായണം എന്ന ഇതിഹാസത്തിനോടാണ് ബന്ധം. ഋഷിമാര്‍ക്ക് സംരക്ഷണമൊരുക്കുന്നതിനായി ഇവിടെവെച്ചാണ് രാക്ഷസന്മാരെ രാമന്‍ നേരിടുന്നത്. ശൂര്‍പണഖയുടെ മൂക്കും മുലയും അരിയുന്നതും. ഒരു ദാക്ഷിണ്യവും കൂടാതെയാണ് അനാര്യന്മാരെ രാമന്‍ ഇവിടെവെച്ച് നേരിടുന്നത്. ഒരുതരം 'Cleansing.'
ബസ്തറിലുദിച്ച 'സാഹോദര്യഭാവം'
സഹോദരഹത്യയാണ് ഭാരതത്തിലുടനീളം. ധര്‍മാധര്‍മങ്ങളുടെ പേരില്‍ അവ ന്യായീകരിക്കപ്പെടുന്നു. രാമായണത്തിലുമുണ്ട് അത്. സമാനരായ മനുഷ്യര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്നു ഭ്രാതൃഭാവം. ഭീമപുത്രനാണെങ്കിലും കാട്ടാളനാണെന്നും യജ്ഞവിദ്വേഷിയാണെന്നും രാക്ഷസ പ്രകൃതിയാണെന്നും ബ്രാഹ്മണ ശത്രുവാണെന്നും എന്നെങ്കിലും കൊല്ലേണ്ടിവരുമായിരുന്നെന്നും ചത്തതു രണ്ടു നിലയ്ക്കും നന്നായെന്നും ഘടോല്‍ക്കചന്‍ കൊല്ലപ്പെട്ട വാര്‍ത്തയോട് എം.ടിയുടെ 'രണ്ടാമൂഴ'ത്തില്‍ കൃഷ്ണന്‍ പ്രതികരിക്കുന്നുണ്ട്. രക്തബന്ധവും സാഹോദര്യവുമെല്ലാം വര്‍ണവ്യവസ്ഥയുടെ കര്‍ശനമായ നിയമങ്ങള്‍ക്കതീതമാകാന്‍ കഴിയില്ലെന്നാണ് മഹാഭാരതകഥകള്‍ വ്യക്തമാക്കുന്നത്. ''നീ മാത്രമാണ് ആശ്രയം'' എന്ന വൈകാരികമായ അഭ്യര്‍ത്ഥനകൊണ്ട് കര്‍ണനടുത്തേയ്ക്ക് കൃഷ്ണന്‍ പറഞ്ഞുവിടുന്നുണ്ട് ഘടോല്‍ക്കചനെ. വൈകാരികമായി അഭിസംബോധന ചെയ്തുകൊണ്ട് മനുഷ്യരെ ആപത്തുകളിലേയ്ക്ക് തള്ളിവിടുന്നത് ഒരു അധികാരതന്ത്രമാണ്.
ഇടതു തീവ്രവാദം ചോരകൊണ്ടു നനയ്ക്കുന്ന വര്‍ഗസമരത്തിന്റെ വിളഭൂമികളിലൊന്നായ ബസ്തറില്‍ ഏറ്റവും ഒടുവില്‍ സന്ദര്‍ശനത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ മാവോയിസ്റ്റുകളെ വിളിച്ചത് സഹോദരന്മാരെന്നാണ്. ''നക്‌സലൈറ്റ് സഹോദരന്മാര്‍ ആയുധംവെച്ച് കീഴടങ്ങി മുഖ്യധാരയിലേയ്ക്ക് വരണം. നിങ്ങള്‍ ഞങ്ങളുടെ സ്വന്തമാണ്. ഒരു നക്‌സലൈറ്റ് കൊല്ലപ്പെടുമ്പോള്‍ ആര്‍ക്കും സന്തോഷം തോന്നുന്നില്ല. നിങ്ങളുടെ ആയുധങ്ങള്‍വെച്ച് കീഴടങ്ങി മുഖ്യധാരയില്‍ ചേരുക.'' ഇതായിരുന്നു അമിത് ഷാ പറഞ്ഞത്. സഹോദരരെന്ന് അഭിസംബോധന ചെയ്യുമ്പോള്‍ ആര്‍ക്കാണ് അതിലെ മസൃണത മനസ്സിലാകാതെ വരിക? എന്തായാലും ബസ്തറിലെ അമിത് ഷായുടെ സന്ദര്‍ശനത്തിനു വലിയ വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയത്. മാവോയിസ്റ്റ് ആധിപത്യമുള്ള ബസ്തര്‍ മാവോയിസ്റ്റുകളില്‍നിന്നു മുക്തമായിരിക്കുന്നു എന്ന സന്ദേശം പുറംലോകത്തേയ്ക്ക് നല്‍കാനായിരുന്നു അദ്ദേഹം അവിടെ ഒരു രാത്രി തങ്ങിയത്.
തീര്‍ച്ചയായും അമിത് ഷായുടെ ആ അഭിസംബോധന ആത്മാര്‍ത്ഥമെന്നു നമുക്കു കരുതാം. എന്നാല്‍, മാവോയിസ്റ്റുകളെ കൊല്ലുന്നത് അസുഖകരവും ഖേദകരവുമായിട്ട് നമ്മുടെ ആഭ്യന്തരമന്ത്രിക്ക് തോന്നുന്നുവെങ്കില്‍ കൊലപാതകങ്ങളെ കൂടുതല്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ മാവോയിസ്റ്റുകളെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഒരു സംവിധാനം എന്തിനാണ്? പ്രതിഫലത്തുകയുടെ പ്രലോഭനം സുരക്ഷാ സേനകള്‍ക്കിടയില്‍ ഒരു മത്സരത്തിനു കാരണമാവുകയും കൊലപാതകങ്ങളുടെ എണ്ണത്തില്‍ അസാധാരണമായ വര്‍ദ്ധനയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, സുരക്ഷാസേനകളാല്‍ മാവോയിസ്റ്റുകള്‍ തന്നെയാണോ കൊല്ലപ്പെടുന്നത് എന്ന മറ്റൊരു ചോദ്യവും അവിടെ ഉയരുന്നുണ്ട്. ഇടതുപക്ഷ തീവ്രവാദത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചുവെന്നാണ് ഗവണ്‍മെന്റുകള്‍ പറയുന്നത്. മാവോയിസ്റ്റുകളെന്ന പേരില്‍ വിശേഷിച്ച് രാഷ്ട്രീയ പക്ഷപാതിത്വമൊന്നുമില്ലാത്ത ആദിവാസികള്‍ മാത്രമല്ല വേട്ടയാടപ്പെടുന്നത്. സിപിഐ നേതാവ് മനീഷ് കുഞ്ചത്തെപ്പോലെ പാര്‍ലമെന്ററി മാര്‍ഗങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന സമീപകാല റെയ്ഡ് എല്ലാ ഗോത്രവര്‍ഗക്കാരോടും പറയുന്നത് അവര്‍ക്ക് രാഷ്ട്രീയപരമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ഭരണകൂടത്തിന്റെ കല്പനകള്‍ അനുസരിക്കുക മാത്രമാണ് അവര്‍ ചെയ്യേണ്ടതെന്നും ആണ്. ഭരണകൂടം മാവോയിസ്റ്റുകളെ നേരിടുന്നു എന്ന പേരില്‍ നടപ്പാക്കുന്നത് ഒരു സര്‍പ്പസത്രമാണ്. ഖാണ്ഡവവന ദഹനമാണ്.
യഥാര്‍ത്ഥത്തില്‍ സഹോദരഭാവേന സംസാരിക്കുന്നവര്‍ നടപ്പാക്കുന്ന ബസ്തറിലെ വംശഹത്യയ്ക്ക് ഇതിഹാസ പ്രതിപാദ്യങ്ങളായ നാഗരുടേയും രാക്ഷസന്മാരുടേയും കൂട്ടക്കൊലകള്‍ക്ക് സമാനതകളുണ്ട്. ധാതുലവണങ്ങളാല്‍ സമ്പന്നമായ ഒരിടമാണ് ദണ്ഡകാരണ്യം. നാഗരിക പരിഷ്‌കാരം തീണ്ടാത്ത നാഗരുടേയും രാക്ഷസരുടേയും പിന്‍ഗാമികളാണ് അവിടെ ജീവിക്കുന്നത്. സമ്പന്നമായ പ്രകൃതിവിഭവങ്ങള്‍ മൂലധനാര്‍ത്തിയുടെ അഗ്‌നിക്ക് മുന്‍പാകെ ഹവിസ്സായി സമര്‍പ്പിക്കപ്പെടുന്നതിനു തടസ്സം യഥാര്‍ത്ഥത്തില്‍ ആദിവാസി സമൂഹത്തിന്റെ സാന്നിദ്ധ്യമാണ്. മാവോയിസ്റ്റുകള്‍ എന്ന ദഹനക്കേടിന്റെ തൊടുന്യായത്തില്‍ ഭരണകൂടം ദണ്ഡകാരണ്യത്തിനും തീയിട്ടിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക