ദ്വീപിലെ ഇരുട്ടും, ഇരുട്ടിലെ വെളിച്ചവും
ഒരു ദിവസം അപ്രതീക്ഷിതമായാണ് ദ്വീപില്‍ വൈദ്യുതി നിലച്ചത്. രാത്രി ഒമ്പത് മണിയോടെ ഞാന്‍ താമസിച്ചിക്കുന്ന ദ്വീപാകെ ഇരുട്ടിലായി. വൈദ്യതി ഉല്‍പ്പാദിപ്പിക്കുന്ന ഡീസല്‍ പ്ലാന്റിലെ എന്‍ജിന്‍ തകരാറ് കാരണം കറന്റ് കട്ട് ഉണ്ടാകുമെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നതിനാല്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് എല്ലാം സാധാരണപോലെയാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അന്ന് രാത്രി മാത്രമല്ല, അടുത്ത പകലും പിറ്റേന്ന് രാത്രിയും കറന്റ് വന്നില്ല. പ്ലാന്റില്‍ നിലവില്‍ തകരാറില്ലാത്ത എന്‍ജിനുകള്‍ക്ക് ദ്വീപിന്റെ ഓരോ ഭാഗത്തും ദിവസം രണ്ട് മണിക്കൂര്‍ മാത്രമേ വൈദ്യതി നല്‍കാന്‍ സാധിക്കുമായിരുന്നുള്ളൂ.
സാങ്കേതികവിദ്യ നല്‍കുന്ന സൗകര്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മനുഷ്യന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒലിച്ചുപോകും എന്നതിന് ഉദാഹണമായിരുന്നു ഈ സംഭവം. സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ എപ്പോഴും പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള മുന്‍കരുതലുകള്‍ എടുക്കാറുണ്ടല്ലോ എന്ന് നാം ചിന്തിക്കും. വിമാനങ്ങളിലും മറ്റും രണ്ട് എന്‍ജിനുകള്‍ ഉപയോഗിക്കുന്നതും ഡിജിറ്റല്‍ ഡാറ്റ സൂക്ഷിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ സെര്‍വറുകള്‍ സ്ഥാപിക്കുന്നതുമെല്ലാം പെട്ടെന്ന് ഓര്‍മ്മയില്‍ വന്നേക്കാം.
യന്ത്രങ്ങള്‍ നിലയ്ക്കുന്നത് മനുഷ്യ ജീവന് ഏത് തോതിലാണ് ഭീഷണിയാകുന്നത് എന്നതും അത് സൃഷ്ടിക്കുന്ന നഷ്ടങ്ങള്‍ മനുഷ്യജീവിതത്തെ എത്രമാത്രം പ്രതികൂലമായി ബാധിക്കും എന്നും കണക്കാക്കിയാണ് മുന്‍കരുതലുകള്‍ നിശ്ചയിക്കുന്നത്. എത്രതന്നെ മുന്‍കരുതലുകള്‍ എടുത്താലും യന്ത്രങ്ങള്‍ ക്രമരഹിതമാകുന്ന അവസരങ്ങളുണ്ട്. അതിലൊന്നായിരുന്നു ഈ യന്ത്രത്തകരാര്‍.
ആദ്യദിവസം രാത്രി കറന്റ് പോയി അടുത്ത ദിവസം കാലത്ത് എഴുന്നേറ്റപ്പോഴേയ്ക്കും മിക്ക ആളുകളുടേയും മൊബൈല്‍ ഫോണിന്റെ ചാര്‍ജ്ജ് ഏതാണ്ട് അടിവറ്റിയിരുന്നു. ഒരു ദ്വീപിലെ ജനങ്ങളില്‍ നിന്ന് പെട്ടെന്ന് മൊബൈല്‍ ഫോണ്‍ എടുത്ത് മാറ്റിയതിന് സമാനമായിരുന്നു ഈ സംഭവം. അനിശ്ചിതത്വത്തെ ആസ്വദിക്കാനുള്ള ദ്വീപ് ജനങ്ങളുടെ അപാര ശേഷി തന്നെയാണ് ഈ അവസരത്തിലും തെളിഞ്ഞ് നിന്നത്.
ഇരുപത്തിനാല് മണിക്കൂറും ഒപ്പമുണ്ടായിരുന്ന മൊബൈല്‍ ഫോണിനെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഉപേക്ഷിക്കാന്‍ സാധിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മൊബൈല്‍ ഫോണ്‍ ടവറുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നെങ്കിലും ഭരണസംവിധാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ മാത്രമേ അതിനെ ആശ്രയിച്ചുള്ളൂ. സാധാരണ ജനങ്ങള്‍ അദൃശ്യമായ മൊബൈല്‍ ഫോണ്‍ സിഗ്‌നലുകളുടെ സാന്നിധ്യത്തെ അതിവേഗം മറുന്നു.
ഇത് കേരളത്തിലോ മറ്റോ ആണെങ്കില്‍ ജനജീവിതം നിശ്ചലമായി എന്നോ ജീവിതം താറുമാറായി എന്നോ പത്രങ്ങള്‍ തലക്കെട്ട് കൊടുക്കും. ഇവിടെ പത്രങ്ങളില്ലാത്തതിനാല്‍ അതിനെപ്പറ്റി കാര്യമായ വാര്‍ത്തയൊന്നും വന്നില്ല. സത്യത്തില്‍ ഇവിടെ ജനജീവിതം നിലച്ചുപോവുകയോ താറുമാറാവുകയോ ചെയ്തതുമില്ല. പകരം എല്ലാം ക്രമപ്പെടുകയാണുണ്ടായത്. പകല്‍ സമയത്ത് അവധി ദിവസങ്ങളിലെന്ന പോലെ റോഡുകളില്‍ ആള്‍ത്തിരക്ക് കുറവായിരുന്നു. എല്ലാ ഓഫീസുകളും തുറന്നിരുന്നെങ്കിലും അവിടം നിശ്ശബ്ദവും ശാന്തവുമായിരുന്നു.
വൈകുന്നേരമായതോടെ ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങി. രാത്രിയില്‍ ആഘോഷദിവസമെന്നതുപോലെ ആളുകള്‍ ബീച്ചുകളിലെ മണല്‍പ്പരപ്പുകളില്‍ നിറഞ്ഞു. മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാത്തതിനാല്‍ ആളുകള്‍ പരസ്പരം സംസാരിക്കുകയും കുട്ടികള്‍ പൂഴിമണലില്‍ തിമര്‍ക്കുകയും ചെയ്തു. രാത്രിയില്‍ ആളുകള്‍ ഇരുട്ടിനെ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞിരുന്നു. വീട്ടിലെ ടിവിയും മറ്റ് വിനോദോപാധികളും നിലച്ചു പോയതിനാല്‍ അവര്‍ കടലിനേയും കടല്‍ത്തിരകളേയും തിരിച്ചുപിടിക്കാന്‍ തുടങ്ങി.
ഇതില്‍ സാമാന്യവല്‍ക്കരണം നടത്തുന്നത് യുക്തിസഹമല്ല. വൈദ്യതിയില്ലാതെ വലഞ്ഞവര്‍ കുറേയുണ്ടാവും. പൂഴിമണലില്‍ കടല്‍ക്കാറ്റ് കൊണ്ട് രാത്രി ചെലവഴിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ വീട്ടിനുള്ളിലെ ചൂട് മുറിയില്‍ വെന്തുരുകുന്നുണ്ടാവും. എങ്കിലും ആളുകള്‍ ഇതിലൊന്നും പ്രതിഷേധിക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല.
കടല്‍ക്ഷോഭം പോലെയോ കൊടുങ്കാറ്റുപോലെയോ ഒരു പ്രകൃതിപ്രതിഭാസമായാണ് ഈ സാങ്കേതികത്തകരാറിനോടും ആളുകള്‍ പ്രതികരിച്ചത്. ജീവിതസാഹചര്യങ്ങളില്‍ ചുറ്റുമുള്ള പരിസ്ഥിതി പൂര്‍ണ്ണമായും ഇടപെടുകയും എപ്പോഴും അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യുന്നത് അനുഭവിക്കുന്നവരില്‍ ഇത് തീര്‍ച്ചയായും സാധാരണമാണ്. എന്നാല്‍ വ്യക്തിപരമായി ഞാന്‍ ഇരുട്ടില്‍ ലയിക്കുകയായിരുന്നു.
ചുറ്റുപാടുനിന്നും വെളിച്ചം വരാതെ എങ്ങും ഇരുട്ടുള്ള രാത്രി എത്രയോ വര്‍ഷം മുമ്പുള്ള അനുഭവമായിരുന്നു. ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ദ്വീപില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെ എല്ലാ രാത്രികളും ഇരുട്ട് നിറഞ്ഞതായിരുന്നു എന്ന് ഞാന്‍ പെട്ടെന്ന് ഓര്‍ത്തു.
കല്‍പ്പേനി ദ്വീപിന്റെ തെക്കേ അറ്റത്ത് കടലിനോട് ചേര്‍ന്നായിരുന്നു ഞങ്ങളുടെ സാറ്റലൈറ്റ് സ്റ്റേഷന്‍. ഏകദേശം ഒരു കിലോമീറ്റര്‍ അകലെയാണ് മറ്റൊരു വീടുണ്ടായിരുന്നത്. ചുറ്റും തെങ്ങിന്‍ കാടുകള്‍. തെങ്ങില്‍ നിന്ന് വീണ തേങ്ങ സ്വയം മുളച്ച് പൊന്തി കൂട്ടം കൂടി നില്‍ക്കുന്ന തെങ്ങുകളെ എല്ലാവരും കാട് എന്നുതന്നെയാണ് വിളിച്ചിരുന്നത്. മറ്റൊരു വശത്ത് കടല്‍.
ഓഫീസ് കടലെടുത്ത് പോകാതിരിക്കാന്‍ ദ്വീപില്‍ ലഭ്യമായ പവിഴക്കലുകളും വന്‍കരയില്‍ നിന്ന് കൊണ്ടുവന്ന കരിങ്കല്ലുകളും ഒരു മതില്‍ പോലെ കൂട്ടിയിട്ടിരുന്നു. അതില്‍ തിരവന്ന് തല്ലുന്നതിന്റെ ശബ്ദം എപ്പോഴും കേള്‍ക്കാമായിരുന്നു. സ്റ്റേഷന് പിന്നിലെ കല്‍ത്തിട്ടയില്‍ കയറിയിരുന്നാല്‍ കടലിന്റെ ശബ്ദവും ഇരുളും മാത്രമാവും നമുക്ക് ചുറ്റും.
രാത്രികളില്‍ അവിടെ ചന്ദ്രപ്രകാശം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അമാവാസി ദിവസങ്ങളില്‍ രാത്രികള്‍ പിന്നെയും ഇരുളുമായിരുന്നു. ആ രാത്രികളില്‍ ആകാശത്ത് നക്ഷത്രങ്ങള്‍ പളുങ്കുമണികള്‍ പോലെ തിളങ്ങുന്നത് കാണാം. വലിയ ഗോട്ടി വലുപ്പത്തില്‍ കാണാവുന്ന വ്യാഴം എന്ന് ഗ്രഹം തൊട്ടുനോക്കാന്‍ തോന്നിക്കുന്ന അത്രയും മനോഹരമായിരുന്നു. നക്ഷത്രങ്ങളെ തൊട്ടുനോക്കാന്‍ തോന്നുമായിരുന്നു. ആ രാത്രികളിലാണ് ഞാന്‍ ഇരുട്ട് വളരെയേറെ ആസ്വദിച്ചത്.
ഇരുട്ടിനെപ്പറ്റി അക്കാലത്ത് എന്നെ ഏറെ ചിന്തിപ്പിച്ചത് ഓഷോയുടെ 'രഹസ്യങ്ങളുടെ പുസ്തകം' ( Book of secrets) എന്ന ധ്യാനസംബന്ധിയായ പുസ്തകമാണ്. അതില്‍ ഇരുട്ടിനെ ധ്യാനിക്കുന്നതിന്റെ രീതികളെപ്പറ്റിയും ആ ധ്യാനപ്രകാരത്തിന്റെ ദാര്‍ശനിക തലങ്ങളും വിശദീകരിക്കുന്നുണ്ടായിരുന്നു. ഇത്തരം വായനകള്‍ അറിവ് മാത്രമേ തരുന്നുള്ളൂ, അനുഭവമാകുകയില്ല എന്ന് ഓഷോ തന്നെ പുസ്തകത്തില്‍ പലയിടത്തായി പറയുന്നുണ്ട്. ധ്യാനത്തിന്റെ ആഴമോ നിഗൂഢസൗന്ദര്യമോ അനുഭവിച്ചറിയാത്ത ഒരാളെന്ന നിലയില്‍ അറിവിന്റെ ഉപരിതലം മാത്രമേ എനിക്ക് അന്ന് ദൃശ്യമായിരുന്നുളളൂ. എങ്കിലും ഇരുട്ടില്‍ ലയിക്കുക എന്നത് കണ്ണടച്ചുകൊണ്ടുള്ള ഒരു പ്രക്രിയയല്ല എന്ന് അതില്‍ സൂചനയുണ്ടായിരുന്നു.
കണ്ണടയ്ക്കുമ്പോള്‍ നാം മറ്റൊരു ഇരുട്ടിനെയാണ് കാണുന്നത്. കണ്ണുതുറന്നുകൊണ്ട് ഇരുട്ടിലേക്ക് നോക്കിയിരിക്കുമ്പോള്‍ നാം സാവധാനം ഇരുളിന്റെ ഭാഗമായി മാറുന്നു. അത് മനസ്സിന്റെ ഓരോ അറകളിലും ചെന്ന് നിറയുന്നു. സാധാരണയായി ധ്യാനം ഉള്‍വെളിച്ചത്തിന്റെ ശാന്തനൈര്‍മല്യമാണ് പ്രദാനം ചെയ്യുന്നതെങ്കില്‍ ഇരുട്ടിനെ ധ്യാനിക്കുമ്പോള്‍ ജീവിതത്തോളം പ്രധാനമാണ് മരണവും എന്ന് വെളിപ്പെടുന്നു.
മനസ്സിലെ മരണഭയത്തിലേക്ക് പ്രകൃതിയിലെ ഇരുട്ട് നിറയുന്നു. മനുഷ്യന്റെ അതിജീവനതന്ത്രമായ ഇരുള്‍ഭയത്തിലേക്ക് ഇരുട്ട് ചെന്ന് കയറുന്നു. പ്രപഞ്ചത്തിലെ അനാദിയായ ഇരുട്ടിന്റെ ഭാഗമാകുമ്പോള്‍ വെളിച്ചം ദുര്‍ലഭമായ അനുഗ്രഹമാണെന്ന് മനസ്സിലാകും. ഒടുവില്‍ മരണവും ഭയവും പലവട്ടം അനുഭവിച്ച ഒരാളിലേക്ക് ഇരുട്ടിനെ ധ്യാനിക്കുന്നവര്‍ പരിണമിക്കുന്നു.
അപ്രതീക്ഷിതമായി ദ്വീപില്‍ കറന്റ് പോയപ്പോള്‍ ഞാന്‍ ഇരുട്ട് മനസ്സില്‍ നിറഞ്ഞിരുന്ന ഒരു കാലത്തിന്റെ സ്മൃതിയിലക്കാണ് ഉണര്‍ന്നത്. മനസ്സ് പെട്ടെന്ന് എവിടെയോ ചെന്നുടക്കിയ അനുഭവം. എത്രയോ വര്‍ഷമായി ഇരുട്ട് കണ്ടിട്ട് എന്ന് അപ്പോഴാണ് ഓര്‍ത്തത്. രാത്രിയിലെ വെളിച്ചങ്ങള്‍ കാരണം ഉറക്കത്തില്‍ ലയിച്ച് ചേരാനാവുന്നില്ല എന്നും അതുകൊണ്ട് ഒരുപാട് ശാരീരിക വിഷമതകള്‍ നേരിടുന്നു എന്നും ഒരിക്കല്‍ എഴുത്തുകാരിയായ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു.
ഫ്ളാറ്റില്‍ ജീവിച്ചുകൊണ്ടിരുന്ന ഞാനും അതേ പ്രശ്നത്തിലായിരുന്നു.നഗരത്തിലെ പരസ്യലൈറ്റുകളും ഷോപ്പിങ്ങ് മാളുകള്‍ രാത്രിയിലും തിളങ്ങി നില്‍ക്കുന്നതും വെളിച്ചം നിറഞ്ഞ ആകാശം സൃഷ്ടിച്ചുകൊണ്ടിരുന്നു. ദ്വീപിലെത്തിയപ്പോഴും വെളിച്ചത്തിന്റെ ഒരു തുടര്‍ച്ച നിലനിന്നിരുന്നു. ചുറ്റുപാടുമുള്ള വീടുകളില്‍ നിന്നും തെരുവ് വിളക്കുകളില്‍ നിന്നും ആകാശത്തേക്ക് വെളിച്ചം പടര്‍ന്ന് കയറി. രാത്രിയില്‍ കടലോരത്ത് പോയിരിക്കുമ്പോള്‍ ഹാര്‍ബറിലെ വൈദ്യുതി വിളക്കുകള്‍ കടലിലെ ഇരുട്ടില്‍ വെളിച്ചത്തിന്റെ കസവ് വിരിക്കുന്നത് കാണാം. വെളിച്ചത്തില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള സ്ഥലം മാറ്റത്തിനിടയില്‍ ഇരുട്ടിനെപ്പറ്റി ഞാനധികം ആലോചിച്ചിരുന്നില്ല.
ഒരിക്കല്‍ കേരളത്തിലെ ഒരു സഹപാഠിയുടെ ഫ്ളാറ്റ് സന്ദര്‍ശിച്ചപ്പോള്‍ വെളിച്ചത്തെപ്പറ്റി മറ്റൊരു കാഴ്ച കിട്ടിയത്. ഞാന്‍ ലക്ഷദ്വീപിലെ ഇരുട്ടില്‍ വച്ച് ഓര്‍ത്തു. സഹപാഠിയുടെ ഫ്ളാറ്റില്‍ ബള്‍ബുകള്‍ക്ക് മുനിഞ്ഞ് കത്തുന്ന വിളക്കിന്റെ വെളിച്ചം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്വീകരണമുറിയിലടക്കം ഇരുട്ട് കനത്ത് നില്‍ക്കുന്നുണ്ടായിരുന്നു. ബള്‍ബ് കത്തുന്നതിന്റെ ചുറ്റുമുള്ള ചുമരില്‍ ഒരു ചെറിയ വട്ടം സൃഷ്ടിച്ചതൊഴിച്ചാല്‍ അതുകൊണ്ട് മുറിയില്‍ തിളക്കമുണ്ടായിരുന്നില്ല.
''ഞാന്‍ കാലത്ത് ഇവിടുന്ന് ഇറങ്ങിയാല്‍ രാത്രിയാകുന്നത് വരെ ഹോസ്പിറ്റലിലെ വെളിച്ചത്തിനുള്ളിലാണ്. കൃത്രിമ വെളിച്ചത്തില്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത് വല്ലാത്ത സ്ട്രെയിനാണ്. അല്പം ഇരുട്ടിനായി ഇവിടെ വെളിച്ചം കുറച്ച് വച്ചിരിക്കുകയാണ്.'' സഹപാഠിയുടെ ഭര്‍ത്താവ് പറഞ്ഞു. ഡോക്ടറായ അദ്ദേഹം കണ്ണിന് ആയാസം ലഭിക്കാന്‍ വീട്ടില്‍ വെളിച്ചം പരമാവധി ഒഴിവാക്കിയിരിക്കുകയാണ്. സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ചില സുഹൃത്തുക്കള്‍ സൂര്യപ്രകാശം കാണാന്‍ കൊതിക്കുന്നതിനെപ്പറ്റി പറയാറുള്ളത് ഇതിന് സമാനമായിരുന്നു. വെളിച്ചം എപ്പോഴും നമ്മെ സന്തോഷിപ്പിക്കുന്നില്ല എന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അത്.
ഇരുട്ടിനെപ്പറ്റിയുള്ള ആലങ്കാരിക പ്രയോഗങ്ങളില്‍ അമ്മയുടെ ഉദരത്തിലെ ഇരുട്ടിലെ സുരക്ഷിതത്വത്തിലേക്ക് തിരിച്ചുപോകാനാകാനാഗ്രഹിക്കുന്ന മനുഷ്യ മനസ്സിനെപ്പറ്റി പലപ്പോഴും പറയാറുണ്ട്. എന്നാല്‍ അമ്മയുടെ വയറ്റിനുള്ളിലെ ജീവിതകാലത്ത് നാം അത്രമേല്‍ ഇരുട്ടിലായിരുന്നില്ല എന്ന് പഠനങ്ങള്‍ പറയുന്നു.
ഉദരസമാനമായ ടിഷ്യൂ കൃത്രിമമായി നിര്‍മ്മിച്ച് സാധാരണ വെളിച്ചം കടത്തിവിട്ട് നടത്തിയ പഠനങ്ങളില്‍ നിലാവെട്ടത്തിന് സമാനമായി തെളിച്ചം അമ്മയുടെ വയറിനുള്ളില്‍ എത്തുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. പുറത്തുനിന്നുള്ള വെളിച്ചം അത്രയും ഉള്ളിലെത്തുന്നതിനാല്‍ ഗര്‍ഭപാത്രത്തിലെ ഇരുട്ട് എന്നതിനേക്കാള്‍ ഉചിതം ഗര്‍ഭപാത്രത്തിലെ നിലാവെളിച്ചം എന്നതാണ്. ദ്വീപില്‍ വൈദ്യതി നിലച്ചപ്പോള്‍ ആകാശത്ത് നേര്‍ത്ത നിലാവെളിച്ചമുണ്ടായിരുന്നു. ചുറ്റുപാടുമുള്ള ഇരുട്ടിനുളളില്‍ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും വളരെ നേര്‍ത്ത ചാന്ദ്രപ്രകാശവും ഒരു കവചം കണക്കെ ദ്വീപിന് മുകളില്‍ വലയം ചെയ്തിരുന്നു.
ദ്വീപിലെ വെളിച്ചങ്ങള്‍ നഷ്ടമായപ്പോഴാണ് എത്ര ആയാസത്തോടെയാണ് ഇവിടെ വൈദ്യുതി സൃഷ്ടിക്കുന്നത് എന്നോര്‍ത്തത്. ഡീസല്‍ പ്ലാന്റുകളാണ് ഇവിടുത്തെ പ്രധാന വൈദ്യുതി സ്രോതസ്സ്. പ്ലാന്റുകളിലേക്കുള്ള ഡീസല്‍ സാധനങ്ങള്‍ കടത്താനുപയോഗിക്കുന്ന കപ്പലുകളായ ബാര്‍ജുകളില്‍ കയറ്റി വേണം ഇവിടെയെത്തിക്കാന്‍.
മറ്റേത് കപ്പലും നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധികളും അനിശ്ചിതത്വവും ഇവയ്ക്കും ബാധകമാണ്. കാലാവസ്ഥ മോശമായാല്‍ കപ്പലുകള്‍ക്ക് ദ്വീപുകളില്‍ എത്താന്‍ സാധിക്കാതെ വരും. അത് കണക്കാക്കി മുന്‍കൂട്ടി ഡീസലുകള്‍ ശേഖരിച്ച് വെക്കേണ്ടി വരും. കപ്പലില്‍ നിന്ന് ബാരലുകള്‍ ഇറക്കുക, അത് ഇവിടുത്തെ റോഡുകളില്‍ ഉപയോഗിക്കാറുള്ള ചെറിയ ലോറികളില്‍ കയറ്റി പ്ലാന്റുകളില്‍ എത്തിക്കുക തുടങ്ങി മനുഷ്യാദ്ധ്വാനം ആവശ്യമുള്ള ജോലികള്‍ ഏറെയുണ്ട്.
അത് മാത്രമല്ല, എന്തെങ്കിലും തരത്തില്‍ എന്‍ജിന് തകരാറ് വന്നാല്‍ വിദഗ്ധരെ എത്തിക്കാന്‍ അടിയന്തിര സാഹചര്യത്തില്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഭാരമേറിയ എന്‍ജിന്‍ ഭാഗങ്ങള്‍ വന്‍കരയില്‍ നിന്ന് തന്നെ എത്തിക്കേണ്ടതുണ്ട്. ഇവിടെ ഏതൊരു യന്ത്രത്തെ സംബന്ധിച്ചും ഇത് ബാധകമാണ്. അതുകൊണ്ട് ഇവിടെവച്ച് കേടാവുന്ന ഉപകരണങ്ങള്‍, പ്രത്യേകിച്ചു സാങ്കേതിക സങ്കീര്‍ണതകള്‍ ആവശ്യമുള്ളവ, നന്നാക്കിയെടുക്കല്‍ പ്രയാസമേറിയ കാര്യമാണ്.
ദ്വീപുകളില്‍ പൊതുവെ വൈദ്യുതി നിര്‍ബാധം ലഭിക്കുകയും ഒട്ടും പവര്‍ കട്ട് ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിന് പിന്നില്‍ വലിയ മനുഷ്യാദ്ധ്വാനവും സാങ്കേതിക വൈദഗ്ധ്യവും അനേകം മുന്‍കരുതലുകളും ആസൂത്രണവും ഉണ്ടെന്ന കാര്യം അപൂര്‍വ്വമായി സംഭവിക്കുന്ന ഇരുട്ടിലാണ് ഓര്‍ത്തത്. ദ്വീപുകളിലെ മറ്റൊരു ഊര്‍ജ്ജസ്രോതസ്സായ സോളാര്‍ പാനലുകള്‍ക്ക് ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ ചെറിയ ഒരു ഭാഗം മാത്രം നല്‍കാനേ സാധിക്കുന്നുള്ളൂ എന്നതിനാല്‍ ഡീസല്‍ പ്ലാന്റുകളാണ് വൈദ്യുതോര്‍ജ്ജത്തിന്റെ നെടുംതൂണ്‍.
ഇരുട്ട് ചൂഴ്ന്ന് നിന്ന് ദിവസങ്ങള്‍ക്ക് ശേഷം വൈദ്യതി പ്രതിസന്ധി പരിഹരിക്കപ്പെട്ടു. അടുത്ത ദിവസം മുതല്‍ എല്ലാം സാധാരണഗതിയിലായി. മൊബൈല്‍ ഫോണുകള്‍ ഓണായി. ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ആളുകള്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തി. താല്‍ക്കാലികമായി ഇവിടെയെത്തിയ ഒരു സഞ്ചാരിയുടെ മനസ്സുള്ളവര്‍ മാത്രം ഇതൊക്കെ ശ്രദ്ധിക്കുന്നു. ഇതിനേക്കാള്‍ പ്രയാസമുള്ള ജീവിതസന്ദര്‍ഭങ്ങള്‍ക്കിടയില്‍ ഇവിടുത്തുകാര്‍ എല്ലാം മറക്കുന്നു. അല്ലെങ്കില്‍ ഇതിലൊക്കെ ഓര്‍ക്കാനെന്തിരിക്കുന്നു എന്നാണ് ദ്വീപിലെ മനുഷ്യരുടെ ചിന്ത. അതാണ് ഇവരുടെ ജീവിതത്തിന്റെ കാതലും.
How does electricity find its way to Lakshadweep? Reflections on the islands where light and darkness share space.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

