ലിറ്ററിൽ കുറവ്, പണക്കണക്കിൽ മുന്നിൽ; മലയാളിയുടെ മദ്യപാന ശീലത്തിലെ മാറുന്ന കാഴ്ചകൾ
കേരളത്തിൽ മദ്യപാനം അതിതീവ്രമായി കുറയുകയാണ്. വിശ്വാസമാകുന്നില്ലേ? ഓണത്തിനും ക്രിസ്തുമസിനും ന്യൂ ഇയറിനുമൊക്കെയുള്ള കച്ചവടത്തിന്റെ കണക്കുകൾ കേട്ട് തെറ്റിദ്ധരിക്കപ്പെടേണ്ട. ശരിയാണ്, ഉത്സവ-ആഘോഷ കാലത്ത് സംസ്ഥാനത്ത് മദ്യ വിൽപ്പനയിൽ വർഷാവർഷം വർദ്ധനവുണ്ടാകുന്നുണ്ട്. പക്ഷേ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ കണക്ക് നോക്കിയാൽ മദ്യവിൽപ്പന കുറവാണിപ്പോൾ.
ഇനി ചില കണക്കുകൾ കേൾക്കൂ. സംസ്ഥാനത്തെ മദ്യവില്പനയുടെ കുത്തക ബീവറേജ്‌സ് കോർപറേഷൻ അഥവാ 'ബെവ്കോ'യ്ക്കാണല്ലോ. കഴിഞ്ഞ പതിനഞ്ചു വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യ വില്പന നടന്നത് 2015-16, 2016-17 സാമ്പത്തിക വർഷങ്ങളിലാണ് - യഥാക്രമം 357 ലക്ഷം കെയ്‌സ് മദ്യവും, 356 ലക്ഷം കെയ്സും. ബെവ്കോയുടെ കണക്കുപ്രകാരം ഒരു കെയ്‌സ് മദ്യമെന്നാൽ ഒമ്പത് ( 09) ലിറ്റർ മദ്യമാണ് - ഏതു മദ്യമായാലും (ഐ എം എഫ് എൽ, ബിയർ, വൈൻ, ഫോറിൻ മെയ്‌ഡ് ഫോറിൻ ലിക്കർ, ഫോറിൻ വൈൻ) ഏതു അളവിലെ കുപ്പി ആയാലും.
ഇനി ഇക്കാലത്തെ കണക്കു നോക്കിയാൽ - കഴിഞ്ഞ മൂന്നു സാമ്പത്തിക വർഷങ്ങളിൽ നടന്ന വിൽപന അന്നത്തെക്കാൾ കുറവാണ്. 2022-23 സാമ്പത്തിക വർഷം 331 ലക്ഷം കെയ്‌സ് മദ്യം, 2023-24 ൽ 330 കെയ്‌സ്, 2024-25 ൽ 333 കെയ്‌സ്. അതായത് പത്ത് വർഷങ്ങൾക്ക് മുൻപ് 2015-16 ൽ നടന്നതിനേക്കാൾ 24 ലക്ഷം കെയ്‌സ് കുറവ്. ഇനി ഇത് ലിറ്റർ കണക്കിൽ പറഞ്ഞാൽ 2015-16 ൽ 3213 ലക്ഷം ലിറ്റർ മദ്യം വിറ്റ സ്ഥാനത്ത്, 2024-25 ൽ വിറ്റത് 2997 ലക്ഷം ലിറ്റർ മദ്യം. അതായത് കേരളത്തിൽ പത്ത് വർഷം കൊണ്ട് മദ്യ ഉപഭോഗത്തിൽ 2.16 കോടി ലിറ്റർ കുറവാണ് ഉണ്ടായത്.
കോവിഡിന് മുൻപുള്ള സാമ്പത്തിക വർഷം, 2019-20 ൽ, 335 കെയ്‌സുകളാണ് ബെവ്കോ വിറ്റത്. കോവിഡ് ബാധിച്ച പിന്നീടുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ 260, 267 കെയ്‌സുകളായി വില്പന കുറഞ്ഞു. പിന്നീട് 2022-23 മുതൽ 2024-25 വരെ വിൽപന ഉയർന്നു - യഥാക്രമം 331, 330, 333 കെയ്‌സുകൾ. പക്ഷേ, കോവിഡിന് മുൻപുള്ളതിനേക്കാൾ കുറവ് വിൽപനയാണ് ഈ വർഷങ്ങളിൽ ഉണ്ടായത്.
ബാർ കോഴ വിവാദത്തിന് ശേഷം ബിയർ വിൽപ്പന കൂടി
മലയാളിയുടെ മദ്യ അഭിരുചിയെത്തന്നെ മാറ്റിമറിച്ച സംഭവമാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ ബാറുകളുടെ കൂട്ട അടപ്പിക്കൽ. ഭൂരിപക്ഷം ബാറുകളും ബിയർ പാർലറുകൾ മാത്രമായപ്പോൾ ബിയറിന്റെ പ്രചാരം കൂടി, ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റേത് (ഐ എം എഫ് എൽ) കുറഞ്ഞു. 2010 മുതൽ 2014 വരെ ബെവ്കോ ആകെ വിൽക്കുന്ന മദ്യത്തിൽ (കെയ്‌സുകൾ) ശരാശരി 70 ശതമാനവും ഐ എം എഫ് എൽ ആയിരുന്നു. ബിയറിന്റെ വിഹിതം ശരാശരി 30 ശതമാനവും.
2015 ഏപ്രിലിൽ ബാറുകൾ പൂട്ടി, ബിയർ പാർലറുകൾ തുറന്നു. സ്വാഭാവികമായും ആ സാമ്പത്തിക വർഷവും അതിനടുത്ത വർഷവും ഐ എം എഫ് എല്ലിന്റെ വിപണി വിഹിതം കുറഞ്ഞു - 56 ശതമാനവും, 58 ശതമാനവുമായി. ബിയറിന്റെ വിഹിതം ഉയർന്നു 43 ശതമാനവും, 42 ശതമാനവും.
പക്ഷേ ബാറുകൾ പ്രവർത്തനം തുടങ്ങിയിട്ടും ഐ.എം.എഫ്.എല്ലിന് പഴയ പ്രതാപം വീണ്ടെടുക്കാനായില്ല. ബാർ പൂട്ടലിനു മുൻപുള്ള 70 ശതമാനം വിപണി വിഹിതം പിന്നീടൊരിക്കലും, ഒരു വർഷമൊഴിച്ച്, ആവർത്തിക്കാനായില്ല. ആ ചെറിയ തിരിച്ചുവരവ് കോവിഡ് മൂലം മദ്യവിൽപ്പന മൊബൈൽ ആപ്പിലൂടെ നിയന്ത്രിതമായി നടന്ന 2020-21 കാലത്തായിരുന്നു. അന്ന് ബിയറിന്റെ വിഹിതം 28 ശതമാനമായി കുറഞ്ഞു.
ബാർ പൂട്ടൽ കോലാഹലത്തിന് ശേഷമുള്ള മൂന്നു സാമ്പത്തിക വർഷങ്ങളിൽ (2017-18 മുതൽ 2019-20 വരെ) ഐ എം എഫ് എൽല്ലിന്റെ വിപണി വിഹിതം 64.23 ശതമാനമായിരുന്നു. ബിയറിന്റേതാവട്ടെ 35.32 ശതമാനവും. കോവിഡ് വർഷം മുൻപ് പറഞ്ഞത് പോലെ ഐ എം എഫ് എൽ വിൽപന കൂടി, ബിയർ കുറഞ്ഞു.
അതിനു ശേഷമുള്ള നാല് സാമ്പത്തിക വർഷങ്ങളിലെ ശരാശരി നോക്കിയാൽ, 2021-22 മുതൽ ഇക്കഴിഞ്ഞ 2024-25 വരെ, ഐ എം എഫ് എല്ലിന്റെ ശരാശരി വിപണി വിഹിതം കുറച്ചുയർന്നു, 67 ശതമാനം, ബിയറിന്റേത് 32 ശതമാനവും. പക്ഷേ ഐ എം എഫ് എല്ലിന് ബാർ പൂട്ടലിന് മുൻപുള്ള വിഹിതം ഇത് വരെ തിരിച്ചുപിടിക്കാനായിട്ടില്ല.
കുടിയന്മാരെ 'വാറ്റുന്ന' സർക്കാർ
മദ്യപാനികളുടെ എണ്ണം കുറയുമ്പോഴും സർക്കാരിന് മദ്യത്തിൽ നിന്നുള്ള വരുമാനം കൂടുകയാണ്. ആകെ പുരുഷന്മാരിൽ കുടിക്കുന്നവരുടെ എണ്ണം 37 ശതമാനത്തിൽ നിന്ന് 20 ശതമാനത്തിൽ താഴെയെത്തിയെന്നാണ് ഏറ്റവുമൊടുവിൽ നടന്ന ദേശീയ കുടുംബാരോഗ്യ സർവേയിൽ കണ്ടെത്തിയത്.
മദ്യപിക്കുന്ന സ്ത്രീകളുടെ എണ്ണമാവട്ടെ 1.6 ശതമാനത്തിൽ നിന്ന് 0.2 ശതമാനമായി കുറഞ്ഞു. 2019-20 ലെ സർവേയിലേതാണ് ഈ കണ്ടെത്തലുകൾ. കുടിയന്മാരുടെ എണ്ണം കുറയുന്നതിനനുസരിച്ച് സർക്കാരിന് മദ്യത്തിൽ നിന്നുള്ള വരുമാനം കുറഞ്ഞോ? ഇല്ലെന്നു മാത്രമല്ല വരുമാനം കൂടുകയാണ്. കാലാകാലം നികുതി കൂട്ടിയാണ് സർക്കാർ തങ്ങളുടെ വരുമാനം സംരക്ഷിക്കുന്നത്. ഏറ്റവുമൊടുവിൽ നികുതി കൂട്ടിയത് 2022 ലാണ് - 247 ശതമാനത്തിൽ നിന്ന് 251 ശതമാനമായാണ് കൂട്ടിയത്.
കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾ കൊണ്ട് ബെവ്കോയുടെ കച്ചവടം ഉയർന്നത് 1338 കോടിയിൽ നിന്ന് 20,000 കോടിയായാണ് - വളർച്ചാ നിരക്ക് 1374 ശതമാനം! ബെവ്കോയുടെ വില്പന പതിനായിരം കോടി കടന്നത് 2014-15 സാമ്പത്തിക വർഷമാണ്. കഴിഞ്ഞ 25 വർഷത്തെ ചരിത്രത്തിൽ ഒരു കൊല്ലം മാത്രമാണ് ബെവ്കോയുടെ വില്പന തലേ വർഷത്തേക്കാൾ കുറഞ്ഞത്. കോവിഡ് സമയത്ത് 2020-21 ൽ തലേ വർഷത്തേക്കാൾ 1500 കോടി കുറഞ്ഞു 13,212 കോടിയായി. നിലവിലെ സാമ്പത്തിക വർഷം വിറ്റുവരവ് 20,000 കോടി കടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആന്റണിയുടെ ഏപ്രിൽ ഫൂൾ !
1984 സ്ഥാപിതമായ ബെവ്കോയുടെ ശുക്രനുദിച്ചത് 1996 ൽ എ കെ ആന്റണി സർക്കാർ നടപ്പിലാക്കിയ ചാരായനിരോധനമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ലക്ഷ്യമിട്ട് ആന്റണി നടത്തിയ അറ്റകൈ പ്രയോഗമായിരുന്നു നിരോധനം.
1996 ഏപ്രിൽ ഒന്നിന് സംസ്ഥാനത്ത് ചാരായ നിരോധനം നടപ്പിലായി. മദ്യപാനം നിരുത്സാഹപ്പെടുത്താനായി മദ്യവില ഉയർത്തുകയെന്ന സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവും ആന്റണിയാണ്. ഇന്ത്യൻ മെയ്‌ഡ് ഫോറിൻ ലിക്കറിന്റെ എക്സൈസ് ഡ്യൂട്ടി 200 ശതമാനം വർധിപ്പിച്ചു. ബാറുകളുടെ വാർഷിക ലൈസൻസ് ആറ് ലക്ഷത്തിൽ നിന്ന് 10 ലക്ഷമാക്കി.
ചാരായ നിരോധനം പക്ഷെ തെരഞ്ഞെടുപ്പിൽ ആന്റണിയെ തുണച്ചില്ല. ആഴ്ചകൾക്കുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിൽ 80 എണ്ണത്തിലും വിജയിച്ച് എൽ ഡി എഫാണ് അധികാരത്തിൽ എത്തിയത്. പക്ഷെ മദ്യ മേഖലയിൽ ആന്റണി തുടങ്ങിവച്ച പരിഷ്‌കാരങ്ങൾ മാറ്റാനായി അന്നത്തെ നായനാർ സർക്കാരോ പിന്നീട് മാറിമാറി അധികാരത്തിൽ വന്ന ഇടത് -വലത് സർക്കാരുകളോ ധൈര്യപ്പെട്ടില്ല.
വീണ്ടുമൊരു ഏപ്രിൽ തമാശ !
ആന്റണിക്ക് ശേഷം മദ്യത്തിനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത് ഉമ്മൻ ചാണ്ടിയാണ്. 2011-16 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കണ്ടുപിടിത്തമാണ് എല്ലാ മാസവും ഒന്നാം തീയതിയുള്ള "ഡ്രൈ ഡേ". യഥാർത്ഥത്തിൽ "തന്റേതല്ലാത്ത കാരണത്താൽ", സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടുമാത്രം, മദ്യവിൽപ്പന വിരോധിയായ മനുഷ്യനായിരുന്നു ഉമ്മൻ ചാണ്ടി.
നിലവാരമില്ലെന്ന് സി എ ജി കണ്ടെത്തിയ ബാറുകൾ പൂട്ടണമെന്ന കോൺഗ്രസ് പ്രസിഡന്റ് വി എം സുധീരന്റെ കടുംപിടിത്തത്തെ തുടർന്നുണ്ടായ വലിയ വിവാദം ഉമ്മൻ ചാണ്ടിയെ മദ്യവിരുദ്ധ നിലപാടുകളെടുക്കാൻ നിർബന്ധിതനാക്കുകയായിരുന്നു.
സംസ്ഥാനത്ത് അന്നുണ്ടായിരുന്ന 752 ബാറുകളിൽ 418 എണ്ണത്തിന് നിലവാരമില്ലെന്നായിരുന്നു സി എ ജി റിപ്പോർട്ടിൽ. നിലവാരമില്ലാത്തവ പൂട്ടണമെന്ന കർശന നിലപാടെടുത്ത സുധീരനെ "പൂട്ടാനായി" ആകെയുള്ള 752 ബാറുകളും 2015 ഏപ്രിൽ ഒന്നുമുതൽ പ്രവർത്തനം നിർത്താൻ ഉമ്മൻ ചാണ്ടി സർക്കാർ ഉത്തരവിട്ടു. തീർന്നില്ല, എല്ലാമാസവും ഒന്നാം തീയതിയും, എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആചരിക്കും. ബെവ്കോയുടെ ഔട്‍ലെറ്റുകൾ പത്തു ശതമാനം വച്ച് എല്ലാ വർഷവും കുറയ്ക്കാനും തീരുമാനമായി. പത്തു വർഷങ്ങൾ കൊണ്ട് സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു.
സുപ്രീം കോടതി ഇടപെടൽ, സി എ ജി റിപ്പോർട്ടിലില്ലാത്ത ബാറുകളുടെ താൽക്കാലിക തുറക്കൽ, വീണ്ടും അടയ്ക്കൽ, ബാർ കോഴ, ബജറ്റ് അവതരണത്തിനിടെയുള്ള തമ്മിൽത്തല്ല് എന്നിങ്ങനെ സംഭവബഹുലമായ മാസങ്ങളായിരുന്നു പിന്നീട്. രാഷ്ട്രീയ അഭ്യാസങ്ങൾക്കിടയിൽ കുടുങ്ങി വലഞ്ഞത് മദ്യപരും മദ്യ-വിനോദസഞ്ചാര മേഖലകളിലെ തൊഴിലാളികളുമായിരുന്നു.
ആന്റണിയുടെ ചാരായ നിരോധനം നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് ആറായിരത്തോളം ചാരായ ഷോപ്പുകൾ ഉണ്ടായിരുന്നെന്നാണ് സർക്കാർ കണക്കുകൾ. ഇവയിലെല്ലാം കൂടി പണിയെടുത്തിരുന്നവർ പതിമൂവായിരത്തോളം. ഉമ്മൻ ചാണ്ടിയുടെ ബാർ നിരോധന കാലത്ത് കഷ്ടത്തിലായത് നൂറുകണക്കിന് ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണ്.
ചാരായം നിരോധിച്ചു, മദ്യത്തിന് വില കൂട്ടി, കേരളത്തിന് ലഹരി കുറഞ്ഞോ?
ചാരായ നിരോധനം മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചോ, മദ്യ വില ഉയർത്തുന്നതും ബാർ പൂട്ടിയതും ലഹരി ഉപയോഗത്തെ കുറച്ചോ ഈ രണ്ട് ചോദ്യങ്ങളും വളരെ പ്രസക്തമായി ഉയർന്നു വന്നു. സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളാണ് ഈ ചോദ്യങ്ങളായി ഉയർന്നത്. ചാരായ നിരോധനം മദ്യനിരോധനത്തിനെ പ്രോത്സാഹിപ്പിച്ചില്ലെന്നാണ് അനുഭവം.
ചാരായ ഉപഭോഗം പൊതുസമൂഹത്തിൽ ഒരു നികൃഷ്ട സ്വഭാവമായാണ് കണ്ടിരുന്നതെങ്കിൽ വിദേശ മദ്യ ഉപഭോഗത്തിന് ഒരു സാമൂഹികാംഗീകാരം കിട്ടി. ഇതിന് പല കാരണങ്ങൾ ചൂണ്ടിക്കാണിക്കാനുണ്ടാകും. ആഗോളവൽക്കരണത്തിന് ശേഷം ഉയർന്നുവന്ന വിനോദ, ടൂറിസം മേഖലകളിലെ വളർച്ച. മലയാളികൾ കൂടുതൽ ആഗോള പൗരരായി മാറിയതിലൂടെ വന്ന മാറ്റം എന്നിവയൊക്കെ ഇതിലെ ഘടകങ്ങളായിരുന്നു.
ചാരായ വിൽപ്പന കേന്ദ്രങ്ങൾ പോലെയല്ല, മദ്യ വിൽപ്പന കേന്ദ്രങ്ങൾ അവ കുറച്ചു കൂടെ സാമൂഹികാംഗീകരമുള്ളവയാണ് എന്നതിനാൽ തന്നെ അവിടെ പോയി മദ്യപിക്കുക എന്നത് ചാരായം കഴിക്കുന്നത് പോലെ മോശമായി പരിഗണിച്ചില്ല എന്നതുകൊണ്ടാവണം ചാരായം പോലൊരു വിപത്തായി ആന്റണി പോലും കണ്ടില്ല. അതുകൊണ്ടാകണം പിന്നീട് 2001 ൽ അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം ചാരായം നിരോധിച്ച ആവേശമൊന്നും മദ്യം നിരോധിക്കാൻ കാണിച്ചില്ല.
ഇടതു വലതുഭേദമില്ലാതെ മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ മദ്യത്തിന്റെ നികുതിയിൽ നടത്തിയ അമിതമായ വർദ്ധനവും അതുവഴിയുള്ള വിലവർദ്ധനവും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ മദ്യ നിരോധനവും ഒക്കെ ചേർന്ന് മദ്യപാനത്തോട് കൂടുതൽ അകന്നതിന് കാരണമാകാം.
എന്നാൽ, അതുവഴി കേരളത്തിലെ ലഹരി ഉപയോഗം കുറഞ്ഞില്ലെന്ന് മാത്രമല്ല, അപകടകരമായ നിലയിൽ ലഹരിമരുന്ന ഉപയോഗത്തിലേക്കാണ് കൂടുതൽ പേരും കടന്നത്. ഇതോടെ കേരളത്തിലെ ലഹരിക്കച്ചവടവും അത് സംബന്ധിച്ച പൊലീസ് കേസുകളും വർദ്ധിച്ചതായും കാണാം.
ഓപ്പറേഷൻ ഡി ഹണ്ട് എന്ന പേരിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി പൊലീസ് സംസ്ഥാന വ്യാപകമായി ലഹരി വേട്ട നടത്തുകയും ചെയ്യുന്നു എന്നത് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചുരുക്കി പറഞ്ഞാൽ മദ്യത്തിനുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് കൊണ്ടോ നിരോധനം കൊണ്ടോ വിലവർദ്ധനവു കൊണ്ടോ സമൂഹത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായിട്ടില്ല. മറിച്ച് കൂടുതൽ അപകട സാധ്യതകളിലേക്കുള്ള വഴികൾ തുറക്കുക എന്നത് മാത്രമേ സംഭവിച്ചിട്ടുള്ളൂ.
In the last 15 years, alcohol consumption in Kerala has dropped significantly. However, during the same period, the government’s revenue from alcohol has continued to rise.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

