മിസ്ത്രിയുടെ മില്യൺ ഡോളർ ചോദ്യവും സീറ്റുമോഹികളുടെ മറുപടിയും
1929-ലെ പൂർണ്ണ സ്വരാജ് പ്രഖ്യാപനം പോലെ,കോൺഗ്രസ് നടത്തിയ മറ്റൊരു പ്രഖ്യാപനമായിരുന്നു 2022-ലെ സമ്പൂർണ്ണ നവീകരണ പ്രഖ്യാപനം.‘നവ സങ്കൽപ്പ്’ എന്നു പേരിട്ടു നടത്തിയ ആ പ്രഖ്യാപനം രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നാണുയർന്നത്.അതിന്‍റെ കേരളാ എഡിഷന്‍റെ ഭാഗമായിട്ടായിരുന്നു കേരളത്തിൽ ഒരു സെമി കേഡർ പാർട്ടിയായി പുതുജൻമം എടുക്കാനുള്ള തീരുമാനം.
ഒരാൾക്ക് ഒരു പദവി എന്നൊക്കെ,രാജസ്ഥാനിൽ പ്രഖ്യാപിച്ചതിന്‍റെ പുറകെ,രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനമുണ്ടായിരുന്ന ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ രണ്ടും കൂടിയായിട്ടുതന്നെ,മുന്നോട്ട് എന്നു തീരുമാനിച്ചതുപോലെ കെ.സുധാകരൻ എന്ന കെ പി സി സി പ്രസിഡന്‍റിന്‍റെ സെമി കേഡർ സ്വപ്ന പദ്ധതിയും സ്വപ്നമായിത്തന്നെ അവസാനിച്ചു.സുധാകരന്‍റെ പേരു പറയാൻ തന്നെ മറക്കുന്ന അവസ്ഥയിലാണ് പാർട്ടിയിപ്പോൾ.
അതുപോലെ, ഇതാദ്യമായി നിർണ്ണായകമായ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് പാർട്ടി ഒരു പ്രൊഫഷണൽ കുപ്പായം തുന്നിയിട്ടിരിക്കുയാണ് ഇപ്പോൾ. അടിമുടി ‘പുത്തനായ’ കോൺഗ്രസ് അങ്ങനെയാണ് ചരിത്രത്തിൽ ആദ്യമായി ഒന്നിന് പിറകെ ഒന്നായി ശാസ്ത്രീയ സർവേകളുമായി കളംപിടിച്ചിരിക്കുന്നത്. ആളും അർത്ഥവുമുള്ള സിപിഎമ്മും ബിജെപിയും രംഗത്ത് ഇറങ്ങുന്നത് ആലോചിക്കുന്നതിന് ഒരു കൊല്ലം മുമ്പേ തന്നെ കോൺഗ്രസ് ഹൈക്കമാൻഡ് അതിന്റെ തെരഞ്ഞെടുപ്പ് വിദഗ്ധനായ സുനിൽ കനഗോലുവിനെ കേരളത്തിലേക്ക് അയക്കുകയും ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ നാല് സർവേകളാണ് കോൺഗ്രസ് കേരളത്തിൽ നടത്തിയത്. സുനിൽ കനഗോലുവിന്റെ രണ്ട് സർവ്വേ, കേരളത്തിൽ ഒരു ദശകത്തിന് ശേഷം യുഡിഎഫിനെ ഭരണത്തിൽ എത്തിക്കാൻ അരയും തലയും മുറുക്കി അണിയറയിൽ പ്രവർത്തിക്കുന്ന പാർട്ടിയുടെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേരിട്ട് മറ്റൊരു ഏജൻസിയെ കൊണ്ട് നടത്തിയ സർവേ,ഒടുവിൽ, കനഗോലുവിന്റെ നിർദ്ദേശ പ്രകാരം ചുമതലപെടുത്തിയ ഏജൻസി നടത്തിയ സർവേ എന്നിങ്ങനെയാണ് ഈ നാലെണ്ണം.ഇനി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപന ശേഷം അഞ്ചാമത്തേതും അവസാനത്തേതുമായ സർവേ നടക്കാനുള്ള സാഹചര്യവും നേതാക്കൾ തള്ളികളയുന്നില്ല.
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയപരാജയത്തിന്റെ ശാസ്ത്രീയ മാനദണ്ഡങ്ങൾ നോക്കാതെ ഗ്രൂപ്പ് വീതംവെപ്പോ, നേതാക്കളുടെ പെട്ടി ചുമക്കുന്നവർക്കോ സീറ്റ് കൊടുക്കലോ ഉണ്ടാവില്ലെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആറ് മാസം മുൻപ് തന്നെ പരസ്യമായി വ്യക്തമാക്കിയിരുന്നു. ജയം... അതൊന്ന് മാത്രമാണ് ഘടകം. അതിന് യോഗ്യതയുള്ളവർക്ക് അതായത്, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുകയും പൊതുസമ്മതരും ജനകീയരുമായി യുവതയ്ക്കും പരിചയ സമ്പന്നർക്കും വനിതകൾക്കും ആവും ടിക്കറ്റ് എന്ന് ഉറപ്പായതോടെ നിരാശഭരിതമായ നിരവധി നെടുവീർപ്പുകളാണ് പാർട്ടിക്കുള്ളിൽ നിന്ന് ഉയർന്ന് കേട്ടത്. എന്നുവെച്ചാൽ, അടുത്ത കാലത്തുവരെ ഉണ്ടായിരുന്ന ഉന്തും തള്ളും ഇനിയില്ലെന്ന്.
നേതൃത്വത്തിന്റെ സർവേ, സീറ്റുമോഹികളുടെ 'റീസർവേ'
എന്നാൽ, നേതാക്കൾ പ്രഖ്യാപിച്ചത് പോലെയാണോ തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപെട്ട് നടക്കുന്ന സംഭവങ്ങൾ.അല്ലേയല്ല.കോൺഗ്രസ് ആയതുകൊണ്ട് തീരുമാനിച്ചതും പ്രഖ്യാപിച്ചതും പോലെ തന്നെ നടക്കണമെങ്കിൽ,കോൺഗ്രസ് കോൺഗ്രസ് അല്ലാതാവണം.പാർട്ടി പ്രഖ്യാപിച്ച്,പ്രചാരണം തുടങ്ങിയ ശേഷം സ്ഥാനാർഥികളെ,മാറ്റി,പുതിയവരെ പ്രഖ്യാപിച്ച്,അവരെ ജയിപ്പിച്ചെടുത്തതാണ് കേരളത്തിലെ കോൺഗ്രസിന്‍റെ ചരിത്രവും പാരമ്പര്യവും.
ടിക്കറ്റ് നേടിയെടുക്കാൻ ആത്മഹത്യാ ഭീഷണി മുതൽ ബ്ലാക്ക്‌മെയിലിങ്, നേതാക്കളുടെ സേവ, മതമേലധ്യക്ഷരുടെ ശുപാർശ വരെ കഴിവുള്ളവർ നടത്തുമ്പോൾ രണ്ടു കൈയ്യും ഒരാത്മാവും മാത്രം ആശ്രയമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതാക്കൾ മുതൽ മണ്ഡലം ഭാരവാഹികളും മുൻ പഞ്ചായത്തംഗങ്ങളും വരെ ഹൈക്കമാൻഡ് പ്രതിനിധികളെ ആകർഷിക്കാനും നല്ല അഭിപ്രായം ഉണ്ടാക്കിയെടുക്കാനും ആയി പതിനെട്ട് അടവും പയറ്റുകയാണ്.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോറ്റ വനിതകൾ ഉണ്ടെങ്കിലും ഒരാൾ അന്തസോടെ ഹൈക്കമാൻഡ് ഗ്രൂപ്പിലേക്ക് മാറിയതോടെ അവരിൽ നിന്ന് തിക്കും തിരിക്കുമൊന്നും ടിക്കറ്റിനായി ഇല്ല. എന്നാൽ, മറ്റൊരു വനിതാ നേതാവ് എങ്ങനെയും ടിക്കറ്റിനായി പരക്കം പായുകയാണ്. കേരളത്തിൽ നിന്ന് വനിത കോൺഗ്രസ് പ്രസിഡന്റിനെയും വിളിച്ച് കൂട്ടത്തിൽ രണ്ട് മൂന്ന് നേതാക്കളെയും കൂട്ടി ഡൽഹിയിൽ പോയി. അതിനിടെ തന്റെ അനുഭാവികളെ കൊണ്ട് തന്നോട് പ്രചരണം തുടങ്ങികൊള്ളാൻ ഹൈക്കമാൻഡ് തന്നെ പറഞ്ഞുവെന്ന് പ്രചാരണം അഴിച്ചുവിട്ടു.
അതിനിടെ, തനിക്ക് പാരയെന്നൊണം എതിർ പാർട്ടിയിൽ നിന്ന് കടന്നു വന്ന വനിതാ നേതാവിനെ പരസ്യമായി ആശ്ലേഷിച്ചു. കേന്ദ്ര സ്‌ക്രീനിങ്ങ് കമ്മിറ്റി ചെയർമാന്റെ കാൽക്കൽ രാജവീഥിയിൽ വെച്ച് വീണു, നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചു. അപ്പോഴാണ്, അറിയുന്നത് കനഗോലു സർവേകളിൽ തനിക്കൊപ്പം തന്റെ എതിരാളിയായ യുവപോരാളിയും ഒപ്പത്തിനൊപ്പം അല്ലെങ്കിൽ ഒരു പൊടിക്ക് മുന്നിൽ. പോരെങ്കിൽ പുള്ളിക്ക് രാഷ്ട്രീയത്തിൽ സ്വന്തം സൽപ്പേരിന് പുറമെ അച്ഛന്റെ പാരമ്പര്യമായി ലഭിച്ച സൽപ്പേരും നേതാക്കളുടെ കണ്ണിലുണ്ണിയും. ഒടുവിൽ വനിതാ നേതാവ് അങ്ങ് കേന്ദ്രത്തിലെ നേതാവിനെ വിളിച്ച് ഭീഷണിപെടുത്തിയത്രേ 'ഇത്തവണ ടിക്കറ്റില്ലെങ്കിൽ എന്റെ ശവം കാണാം'.
സമുദായ നേതാക്കളോട് പോയി പണി നോക്കാൻ പറയുന്ന പാരമ്പര്യം ആണ് ഭാവി മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് മുന്നിൽ നിന്ന് മുന്നണിയെ നയിക്കുന്ന വിഡി സതീശൻ പറയുന്നതെങ്കിലും, അത് ഏറ്റുപറഞ്ഞ് കുഴിയിൽ ചാടാൻ തങ്ങളില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസിലെ ജെൻസി വിഭാഗത്തിൻ്റെ പ്രതിനിധികളായ പല ചെറുപ്പക്കാരും. സവർണ്ണ ക്രൈസ്തവരും നായന്മാരും കൂടുതലുള്ള മധ്യ കേരളത്തിലെ മണ്ഡലം തന്നെ തങ്ങളുടെ പയ്യന് കൊടുക്കണമെന്നാണ് ഒരു അരമനയിൽ നിന്ന് ഇന്ദിരാ ഭവനിലേക്ക് എത്തിയ കർശന നിർദ്ദേശം. ചങ്ങനാശേരിയിലെ നായന്മാരുടെ പോപ്പ് കുപിതനാവാതിരിക്കാൻ സംവരണ മണ്ഡലം ഒഴികെ എല്ലായിടത്തും വെറ്റില വെച്ച് നോക്കി കഴിഞ്ഞു നേതൃത്വം. കണിച്ചുകുളങ്ങരയക്ക് കഞ്ഞി ഇത്തവണയും കുമ്പിളിൽ തന്നെയാണോ എന്നത് സ്ഥാനാർഥി പട്ടിക വരുമ്പോഴേ അറിയാൻ മാർഗമുള്ളൂ.
മരുന്നും മന്ത്രവും പിന്നെ തന്ത്രവും
കേരളത്തിലെ നാല് എയർപോർട്ടിൽ നിന്നും ന്യൂഡൽഹിക്കുള്ള യാത്രാ ചാർജും ഇനി കുത്തനെ കൂടാനാണ് സാധ്യത. അമ്മാതിരിയാണ് ടിക്കറ്റ് ബുക്കിങ്. ചെറുപ്പക്കാരും ദിവസം ആറ് നേരമെങ്കിലും മരുന്നും മന്ത്രവും സേവിക്കുന്നവരും ഡൽഹിക്ക് പറക്കുകയാണ്. പാർലമെൻ്റ് സമ്മേളനം തീരും മുൻപ്, കോൺഗ്രസിലെ രണ്ടാമൻ കെസി വേണുഗോപാൽ കേരളത്തിലേക്ക് മടങ്ങി എത്തും മുൻപേ കണ്ട് കാര്യങ്ങൾക്ക് ഉറപ്പ് വരുത്താൻ ആണ് ഈ പറക്കൽ. പാർട്ടിയിലെ ചില മുതിർന്ന് മുറ്റിയ നേതാക്കൾ ആറ് മാസം മുൻപേ തങ്ങൾ മനസിൽ കുറിച്ചിട്ടുള്ള മണ്ഡലത്തിൻ്റെ ചുമതല "വേണ്ടപ്പെട്ടവരെ" ജില്ലക്ക് പുറത്ത് നിന്ന് തന്നെയുള്ള വിശ്വസ്തരെ ഏൽപ്പിച്ച് കഴിഞ്ഞു. ഇനി ഹൈക്കമാൻഡ് കനിഞ്ഞ് ടിക്കറ്റ് അടിച്ചു കൊടുത്താൽ മതി.
സ്ഥാനാർത്ഥിത്വത്തിനായി വളരെ മുൻപേ കരുക്കൾ ശ്രദ്ധയോടെ നീക്കിയ ചില പ്രമുഖർ ഉണ്ട്. എല്ലാ മാസവും ട്രെയിൻ പിടിച്ച് ഉദ്ദേശിച്ച് കണക്ക് കൂട്ടിയ മണ്ഡലത്തിൽ പോയി വേണ്ടപ്പെട്ടവരുടെ ചെലവിൽ പരിപാടികൾ തട്ടിക്കൂട്ടി പ്രസംഗിച്ച് മുന്നേറിയ ചില പ്രതിച്ഛായ ധീരന്മാർ. അവരിൽ ചിലരുടെ കാര്യമാണ് കഷ്ടം. അസുഖം ഒരു വില്ലനായി കടന്നു വന്നതോടെ അവരുടെ സ്വപ്നം ഇപ്പോൾ കാറ് മൂടിയ അവസ്ഥയിലാണ്. ചിലരാകട്ടെ നഷ്ടബോധത്തിൽ 30 വർഷം ഒരൊറ്റ നര പോലും ഇല്ലാതെ കറുപ്പിച്ച ഡൈ ഒഴിവാക്കാൻ കടുത്ത തീരുമാനം എടുത്തു കഴിഞ്ഞു.
മുഖ്യമന്ത്രി കുപ്പായം തുന്നിയിട്ട് ഇറങ്ങിയവരുടെയും കുപ്പായം തുന്നി അലമാരയിൽ തേച്ചു വെച്ചിരിക്കുന്നവരുടെയും അവസ്ഥയും ഏതാണ്ട് ഇത് പോലെ തന്നെ, അല്ലെങ്കിൽ ഇതിലും കഷ്ടമാണ്. സമുദായ നേതാക്കളോട് പോയി പണി നോക്കാൻ മൈക്കിന് മുന്നിൽ നാവ് വളച്ച പ്രമുഖരും പലരൂപത്തിൽ എത്തേണ്ടയിടങ്ങളിൽ എത്തുന്നുണ്ട്. ചിലർക്ക് ആധികൊണ്ട് ചെന്നിക്കുത്ത് പിടിച്ചതുപോലെയായി. വേറെ ചിലർക്ക് എപ്പോൾ, എങ്ങനെ ലാൻഡ് ചെയ്യണം എന്നതിൻ്റെ ഉൽക്കണ്ഠയാണ്.
കോൺഗ്രസ് വീണ്ടും 'കോൺഗ്രസായി'
തിരുവനന്തപുരത്ത് മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനാർത്ഥികളുടെ കരട് പട്ടിക തയ്യാറാക്കാനും സാധ്യതാ പട്ടികയിൽ മുൻപന്തിയിൽ ഉള്ള നേതാക്കളുടെ അഭിമുഖം നടത്താനുമായി യോഗം ചേർന്നതോടെ സെമി കേഡർ സ്വഭാവം പോയിട്ട് സ്ഥാനാർത്ഥി നിർണ്ണയത്തിലെ ശാസ്ത്രീയത ഒക്കെ മറന്ന് കോൺഗ്രസ് തനി കോൺഗ്രസായി.
കെപിസിസി പ്രസിഡന്റിന്റെ മുറിക്കുള്ളിലെ മുറിയിൽ മധുസൂധനൻ മിസ്ത്രിയുടെയും കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയുടെയും മുന്നിലേക്കാണ് സാധ്യതാ സ്ഥാനാർത്ഥി പട്ടികയിൽ മൂന്ന് സർവേകളിലും വിവിധ നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമത് എത്തിയവരെ അഭിമുഖ പരീക്ഷക്കായി വിളിച്ച് വരുത്തിയത്.
തന്റെ രണ്ടാം വരവിൽ മിസ്ത്രിയുടെ മുറിയിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചവർ അല്ലാഞ്ഞിട്ട് കൂടി കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെയും ഹൈറേഞ്ച് മുതൽ തീരദേശം വരെയുമുള്ള ഇടങ്ങളിൽ നിന്നുള്ള സീറ്റു മോഹികളുടെ ഒഴുക്കായിരുന്നു. സീറ്റ് മോഹിച്ച് ട്രെയിൻ പിടിച്ച് വന്ന ഒരാൾ ഏതാണ്ട് 50 പുറത്തിൽ കുറയാത്ത ബയോഡേറ്റയാണ് മിസ്ത്രിക്ക് മുന്നിൽ വെച്ചത്. കസേരയിൽ ഇരിക്കുകയായിരുന്ന മിസ്ത്രിയുടെ പിറകിൽ കൂടി വളഞ്ഞ് കിടന്ന് ഓരോ പേജും മറിച്ച് വിശദീകരിച്ച അദ്ദേഹത്തെ ഒടുവിൽ സ്ഥാനത്ത് 'ഇരുത്തേണ്ടി' വന്നു ഹൈകമാൻഡ് പ്രതിനിധിക്ക്.
വന്നവരുടെ അടിസ്ഥാന യോഗ്യത അറിയാനും തള്ളാനും വേണ്ട തന്ത്രവും ഹൈകമാൻഡ് പ്രതിനിധികൾക്കുണ്ടായിരുന്നു. ബയോഡേറ്റയുമായി സീറ്റ് മോഹിച്ച് വരുന്നവരോട് വളരെ നിസാരമായ ചോദ്യമാണ് മിസ്ത്രി ചോദിക്കുന്നത്. ഒറ്റ ചോദ്യം മാത്രം. അതൊരു മില്യൺ ഡോളർ ചോദ്യമാണെന്നാണ് ചോദ്യത്തോര വാചാ പരീക്ഷയിൽ തോറ്റമ്പി പുറത്തിറങ്ങിയവർ പറയുന്നത്. മിസ്ത്രിയുടെ ചോദ്യം സിംപിളാണ് പവർ ഫുള്ളും. അത് ഇത്രയേയുള്ളൂ. സ്ഥാനാർത്ഥി മോഹി ഏത് മണ്ഡലത്തിലാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നത് എന്ന് പറയുമ്പോൾ ആ
നിയോജക മണ്ഡലത്തിന്റെ നമ്പർ എത്ര ആണ് എന്ന് മിസ്ത്രി നൈസായി ചോദിക്കും. അത് അറിയാത്തവർക്ക് അപ്പോൾ തന്നെ പുറത്തേക്കുള്ള വഴി തെളിയുന്നു. അതുകൊണ്ട് വന്ന് കയറിയവരിൽ നല്ലൊരു പങ്കും ആദ്യ ചോദ്യത്തിൽ തന്നെ മുറിക്ക് പുറത്തായി.
സ്ഥാനമോഹികളിൽ മുൻപ് പഞ്ചായത്ത് മെമ്പർ ആയിരുന്നവരും മണ്ഡലം പ്രസിഡന്റ് ആയിരുന്നവരും ഉൾപ്പെടുന്നു. മുറിക്കുള്ളിലെ തിക്കും തിരിക്കും ഒഴിവാക്കാനായി ബയോഡേറ്റ തന്നവരോട് പുറത്ത് പോകാൻ മിസ്ത്രി അഭ്യർത്ഥിച്ചിട്ടും ചിലർ മുറിക്കുള്ളിൽ തന്നെ കറങ്ങുന്നത് കണ്ട അദ്ദേഹം എന്തേ ഇവിടെ? എന്ന് ചോദിച്ചു. പക്ഷേ അവരുടെ മറുപടി മിസ്ത്രിയുടെ ദേഷ്യം ഇല്ലാതാക്കി ചിരിയിലേക്ക് എത്തിച്ചു. ',ഞാൻ പുറത്ത് പോയാൽ അവർക്ക് അങ്ങയോട് സംസാരിക്കാനോ അങ്ങ് പറയുന്നത് എന്തെന്ന് മനിസലാക്കാനോ അവർക്ക് കഴിയില്ല'
കാര്യങ്ങൾ ഇത്രവരെ എത്തിയ സ്ഥിതിക്ക് നിരന്തര സർവേകൾ കൊണ്ട് വല്ല പ്രയോജനവും ഉണ്ടാകുമോ എന്ന സംശയമാണ് കോൺഗ്രസുകാർ തമ്മിൽ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന് സ്ഥാനാർത്ഥി നിർണ്ണയം ആകുമ്പോൾ കോൺഗ്രസിന്റെ സർവേ മയം എന്നത് സർവം മായം ആകുമോ എന്ന് മാത്രം നോക്കിയാൽ മതിയെന്നാണ് പാർട്ടിക്കുള്ളിലെ പരമരഹസ്യം.
Congress has conducted four surveys to finalize candidates for Kerala Assembly elections. Old seat rivalries resurface as candidate selection begins.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

