ശബരിമല സുവർണ്ണാവസരമാക്കാൻ ബിജെപിയും കോൺഗ്രസും; തിരച്ചടി കിട്ടാതെ തടിയൂരാൻ സിപി എമ്മും സർക്കാരും
കാലം, 2007-08. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതിയുടെ സുപ്രധാന വിധിയിലേക്ക് നയിച്ച നടപടികളുടെ തുടക്കക്കാലം. ആലപ്പുഴയിലെ ഒരു പ്രമുഖ താന്ത്രിക പണ്ഡിതന് ദിവസം രണ്ട് ഫോൺ കോളുകൾ വരുന്നു. ഉച്ചയ്ക്ക് വിളിച്ചത് ഹൈന്ദവ സംഘടനകളിലൊന്നിൻ്റെ അന്നത്തെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാൾ. (അദ്ദേഹം പിന്നീട് ബിജെപിയുടെ പ്രധാന സ്ഥാനത്തെത്തി). മറ്റൊരാൾ അന്ന് മന്ത്രി കൂടിയായിരുന്ന സിപിഎമ്മിന്റെ മുതിർന്ന ഒരു നേതാവ്. രണ്ടുപേർക്കും അറിയാൻ ഉണ്ടായിരുന്നത് ഒരു കാര്യം മാത്രം. സ്ത്രീ പ്രവേശന വിധിയിൽ താന്ത്രികമായി എന്താണ് പറയാനാകുക. രണ്ടുപേരോടും തന്ത്രി പറഞ്ഞത് ഒരു കാര്യം തന്നെ - താന്ത്രിക വിധിപ്രകാരം സ്ത്രീ പ്രവേശനത്തിന് അനുമതി നിഷേധിക്കാൻ ആകില്ല. തുടർന്ന് സിപിഎമ്മും ബിജെപിയും എങ്ങനെ മുന്നോട്ടുപോയതെന്നത് ചരിത്രം.
സ്ത്രീ പ്രവേശന വിധിയിൽ കേരളത്തിലെ ഇടതു സർക്കാർ ഒരിക്കൽ കൂടി ഏറ്റവും നിർണായകമായ ഒരു വഴിത്തിരിവിൽ എത്തി നിൽക്കുകയാണ്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധിയിൽ റിവ്യൂ പെറ്റീഷനുകൾ പരിഗണിക്കാനുള്ള നടപടികൾക്ക് സുപ്രീംകോടതി കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
കോടതിവിധിയും കേരളത്തിലെ കോലാഹലങ്ങളും
കോടതിവിധി നടപ്പിലാക്കാനുള്ള അന്നത്തെ ഇടതു സർക്കാരിന്റെ തീരുമാനവും അതിനെ തുടർന്നുണ്ടായ രാഷ്ട്രീയ സാമൂഹിക കോലാഹലങ്ങളും പുരോഗമന പ്രസ്ഥാനങ്ങളുടെയും ആചാര സംരക്ഷകരുടെയും ഏറ്റുമുട്ടലും നാമജപ ഘോഷയാത്രയും കേരളത്തിൻറെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തിൽ എന്നുമോർക്കുന്ന പുതിയൊരു അധ്യായമായി മാറിക്കഴിഞ്ഞു. ഇടതുപക്ഷം അതിന്റെ നിലപാടിൽ ഉറച്ചുനിന്ന് കോടതിവിധി അതേപടി നടപ്പിലാക്കാൻ തീരുമാനിച്ചതും തുടർന്നുണ്ടായ 2019 ലെ ലോക് സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയവും ചരിത്രത്തിൻറെ ഭാഗമാണ്. തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് വിശ്വാസ സംരക്ഷണം മുഖ്യ അജണ്ടയാണെന്ന് പ്രഖ്യാപിച്ച് വീട് വീടാന്തരം കയറിയിറങ്ങി സിപിഎം നടത്തിയ വിശദീകരണവും ആരും മറന്നിട്ടില്ല.
മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തിനിൽക്കെ ഒരിക്കൽ കൂടി സ്ത്രീ പ്രവേശനം ഇടതു സർക്കാരിനും സിപിഎമ്മിനും തലവേദനയാവുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സന്ദിഗ്ധഘട്ടത്തിൽ പഴയ നിലപാടിലുറച്ച് നിന്ന് ജനരോഷം വിളിച്ചു വരുത്തേണ്ട എന്നാണ് പാർട്ടിയിലെയും മുന്നണിയിലെയും പൊതു വികാരം.
സിപിഎമ്മും ഇടതുപക്ഷവും ഏതു തീരുമാനമെടുത്താലും അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ് യുഡിഎഫും ബിജെപിയും. മുൻ നിലപാടിൽ നിന്ന് പൊട്ടുന്ന അയഞ്ഞുനിൽക്കാൻ ഇടതുപക്ഷം തയ്യാറെടുക്കുമ്പോൾ അതിന് പാർട്ടിയുടെയും മുന്നണിയുടെയും മലക്കംമറിച്ചിലായി വിശദീകരിക്കാനുള്ള തത്രപ്പാടിലാണ് മറ്റു രണ്ട് മുന്നണികളും. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് സിപിഎം യു ടേൺ അടിക്കുമെന്ന് ബിജെപി പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ ആദ്യമേ പറഞ്ഞു കഴിഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ മലക്കംമറിയുന്നത് സിപിഎം മാത്രമാണോ?
രാഷ്ട്രീയ സാഹചര്യങ്ങളും സമ്മർദങ്ങളും കാരണം സിപിഎം നയിക്കുന്ന ഇടതുപക്ഷ മുന്നണി മുൻ നിലപാടിൽ നിന്ന് പിന്നാക്കം പോകാൻ നിർബന്ധിതമാകുമ്പോൾ ഈ വിഷയത്തിൽ പലതവണ മലക്കം മറിഞ്ഞ കോൺഗ്രസ്, ബിജെപി നേതാക്കളെ കുറിച്ചും ഓർക്കേണ്ടതുണ്ട്. 2018 സെപ്റ്റംബറിലെ സുപ്രീംകോടതി വിധി വന്ന ഉടൻ തന്നെ കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളും വലിയൊരു ശതമാനം നേതാക്കളും വിധിയെ സ്വാഗതം ചെയ്തിരുന്നു. അക്കൂട്ടത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയും ആർ എസ് എസിന്റെ സംസ്ഥാന നേതൃത്വവുമുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരുന്ന എ പത്മകുമാർ വിധി വന്ന ഉടനെ അതിനെ അനുകൂലിച്ചു. എങ്കിലും പിന്നീട് വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകുമെന്ന് വ്യക്തമാക്കി.
ഈ വിഷയത്തിൽ വളരെ പ്രസക്തമായ നിലപാട് സ്വീകരിച്ച നേതാവാണ് ബിജെപി നേതാവായ കെ സുരേന്ദ്രൻ. സ്ത്രീ പ്രവേശനത്തെ സർവാത്മനാ സ്വാഗതം ചെയ്തുകൊണ്ട് ബിജെപിയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന പിന്നീട് സംസ്ഥാന പ്രസിഡണ്ടായ കെ സുരേന്ദ്രൻ 2016ൽ രംഗത്ത് വന്നിരുന്നു. പരസ്യമായ ഒരു സമൂഹമാധ്യമ പോസ്റ്റിലൂടെ സുരേന്ദ്രൻ തൻറെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നൈഷ്കഠിക ബ്രഹ്മചാരിയായ അയ്യപ്പൻ സ്ത്രീ വിരോധിയല്ല എന്നും ആർത്തവ ചക്രം പ്രകൃതി നിയമമാണെന്നും അതുകൊണ്ടുതന്നെ അശുദ്ധമല്ല എന്നും പറഞ്ഞ സുരേന്ദ്രൻ സ്ത്രീ പ്രവേശനത്തെ പൂർണമായും അനുകൂലിക്കുന്ന നിലപാടാണ് അന്ന് എടുത്തിരുന്നത്.
മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് 90 കളിൽ പത്ര ലേഖനം എഴുതിയിട്ടുള്ള വ്യക്തിയാണ്. അതുപോലെതന്നെ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതിയെ സമീപിച്ചത് രണ്ട് പ്രമുഖ ഹിന്ദു സംഘടനകളാണ് - സ്വാമി ഭൂമാനന്ദ തീർത്ഥ നയിക്കുന്ന ഹിന്ദ് നവോഥാന പ്രതിഷ്ഠാൻ, നാരായണാശ്രമ തപോവൻ.
നിന്ന നിൽപ്പിൽ നിലപാട് മാറ്റിയ നേതാക്കൾ
വിധി വന്ന ഉടൻ തന്നെ സുപ്രീംകോടതിയുടെ തീരുമാനം അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ് എന്ന മട്ടിൽ പ്രതികരിച്ച ചെന്നിത്തല തുടർന്ന് രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാട് മാറ്റുന്നത് കേരളം കണ്ടു. കോടതി വിധിയോടെ മുൻനിലപാടുകളെല്ലാം അപ്രസക്തമായെന്നായിരുന്നു ചെന്നിത്തലയുടെ ആദ്യ പ്രതികരണം. ഒരുപക്ഷേ വിധിയിൽ പരസ്യമായി ആശങ്ക പ്രകടിപ്പിച്ച പ്രമുഖ നേതാക്കളിലൊരാൾ മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയായിരുന്നു. സുപ്രീംകോടതി വിധിയെ അംഗീകരിക്കുമ്പോൾ തന്നെ ആചാര അനുഷ്ഠാനങ്ങൾ പാലിക്കപ്പെടേണ്ടതുണ്ട് എന്ന നിലപാടാണ് ഉമ്മൻചാണ്ടി അന്ന് കൈക്കൊണ്ടത്.
സുപ്രീംകോടതി വിധി വന്ന ഉടൻതന്നെ സ്വാഗതം ചെയ്തവരിൽ പ്രമുഖൻ ആർഎസ്എസിന്റെ മുതിർന്ന നേതാവ് പി ഗോപാലൻകുട്ടി മാസ്റ്റർ എല്ലാ കാലത്തും ആർഎസ്എസിന്റെ നിലപാട് സ്ത്രീ പ്രവേശനത്തിന് അനുകൂലമാണ് എന്ന് വ്യക്തമാക്കിയ അദ്ദേഹം കോടതി വിധി മാനിക്കുന്നതായി വ്യക്തമാക്കി. വിശ്വാസികൾക്ക് ജാതി, ലിംഗ ഭേദമില്ലാതെ ക്ഷേത്ര ദർശനത്തിന് അവകാശമുണ്ടന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി വിധി വിശ്വാസികൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ യുഡിഎഫ്, ബിജെപി നേതൃത്വങ്ങൾ പിന്നീട് വിധി നടപ്പിലാക്കാൻ തീരുമാനിച്ച ഇടതു സർക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നു ഒരുപക്ഷേ രാഷ്ട്രീയമായ തിരിച്ചടി ഉണ്ടാകും എന്ന് അറിവായിരിക്കണം പാർട്ടികളെ പെട്ടെന്നുള്ള നിലപാട് മാറ്റത്തിന് പ്രേരിപ്പിച്ചത്. അക്കാലത്താണ് കോടതി വിധിയെ തുടർന്ന് കേരളത്തിൽ വിവാദം ഉയർന്നപ്പോൾ ബിജെപിക്ക് ഒരു സുവർണാവസരമാണെന്ന് പാർട്ടി അണികളോട് അന്നത്തെ പ്രസിഡന്റ് എസ് ശ്രീധരനെ പിള്ള പറഞ്ഞത്.
മറ്റൊരർത്ഥത്തിൽ ശബരിമല സ്ത്രീ പ്രവേശന വിധിയിൽ നിലപാട് മാറ്റിയ വ്യക്തിയാണ് പ്രമുഖ കവയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി. സ്ത്രീപ്രവേശനം ആചാരവുമായി ബന്ധപ്പെട്ട വിഷയമല്ല അതുകൊണ്ടുതന്നെ അതിനെ ഒരു മനുഷ്യാവകാശ പ്രശ്നമായി കാണേണ്ടതില്ല എന്ന് ഒരിക്കൽ നിലപാട് എടുത്തിരുന്ന സുഗതകുമാരി പിന്നീട് സുപ്രീംകോടതി വിധി ലിംഗഭേദമില്ലാതെ തുല്യ അവകാശം ഉറപ്പുവരുത്തുന്നു എന്ന് അഭിപ്രായപ്പെട്ടു.
നിലവിലെ സാഹചര്യത്തിലേക്ക് തിരിച്ചു വരാം. സ്ത്രീ പ്രവേശനം വീണ്ടും ചർച്ചയാകുമ്പോൾ കേരളത്തിലെ ഇടതും വലതുമുള്ള രാഷ്ട്രീയപാർട്ടികൾ ഏറ്റവും അവധാനതയോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. 2019ലെ രാഷ്ട്രീയ നേട്ടം ആവർത്തിക്കാം എന്ന് സ്വപ്നം കാണുന്ന യുഡിഎഫും ഇത്തവണയെങ്കിലും സുവർണ്ണാവസരം കൈവിട്ടു പോകരുത് എന്ന് കരുതുന്ന ബിജെപിയും ഈ വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ സിപിഎം എങ്ങനെയാണ് അതിനെ പ്രതിരോധിക്കുക?
2007ൽ അന്നത്തെ വിഎസ് സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം അതേപടി നിലനിർത്താനാക്കും പിണറായി സർക്കാർ ശ്രമിക്കുക. ഭരണഘടനാപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യണം എന്ന് ആവശ്യപ്പെടുമ്പോൾ തന്നെ ആചാരവും വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത്തരം വിഷയങ്ങളിൽ അറിവുള്ളവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് സത്യവാങ്മൂലം പറയുന്നുണ്ട്. ഇതിലൂടെ തീരുമാനമെടുക്കുന്ന ഉത്തരവാദിത്വത്തിൽ നിന്ന് സർക്കാരിന് മാറിനിൽക്കാം. ഒപ്പം തന്നെ കോടതിയുടെ അന്തിമ തീർപ്പ് വരുന്നതുവരെ സ്ത്രീ പ്രവേശന വിധി അതേപടി നടപ്പിലാക്കാതെയും ഇരിക്കാം. ഇതുവഴി തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവരുന്ന വെല്ലുവിളിയെ മറികടക്കാൻ ആകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.
വീണ്ടുമൊരു തെരഞ്ഞെടുപ്പ് എത്തുമ്പോൾ ശബരിമല സ്ത്രീ പ്രവേശനവും അതു ഉയർത്തുന്ന വെല്ലുവിളികളും ഇടത് വലത് രാഷ്ട്രീയ മുന്നണികൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്നു കാണാം.
Will the CPM and the state government maintain their earlier position or reconsider their stand in the Supreme Court review petition on Sabarimala women’s entry?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

