ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

റഷ്യൻ ബാങ്കുകളെ ഉപരോധിച്ച് യുഎസ്, യുകെ, യൂറോപ്യൻ യൂണിയൻ; യുക്രൈന് കൂടുതൽ ആയുധങ്ങൾ

സെൻട്രൽ ബാങ്ക് അടക്കമുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ ഉപരോധമേർപ്പെടുത്താനുള്ള നീക്കം അമേരിക്കയും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങൾ ആരംഭിച്ചു

കീവ്: യുക്രൈനെതിരായ യുദ്ധം കടുപ്പിച്ചതിന് പിന്നാലെ റഷ്യക്കെതിരെ കൂടുതൽ നടപടികളുമായി മറ്റ് രാജ്യങ്ങൾ. അമേരിക്ക, ബ്രിട്ടൻ, യുറോപ്യൻ യൂണിയൻ രാജ്യങ്ങൾ റഷ്യയെ സാമ്പത്തികമായി സമ്മർദത്തിലാക്കാനുള്ള ശ്രമം ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.  

സെൻട്രൽ ബാങ്ക് അടക്കമുള്ള റഷ്യയിലെ ബാങ്കുകൾക്ക് മേൽ ഉപരോധമേർപ്പെടുത്താനുള്ള നീക്കം അമേരിക്കയും ഇറ്റലിയും അടക്കമുള്ള രാജ്യങ്ങൾ ആരംഭിച്ചു. ലോകത്തിലെ ബാങ്കുകൾ തമ്മിൽ വലിയ തുക കൈമാറാനുള്ള സ്വിഫ്റ്റ് മെസേജിങ് സംവിധാനത്തിൽ നിന്ന് റഷ്യൻ ബാങ്കുകളെ ഒഴിവാക്കാൻ ഇതിനോടകം തന്നെ ഇവർ സംയുക്തമായി തീരുമാനിച്ചു. റഷ്യൻ സെൻട്രൽ ബാങ്കിനെതിരേ തുടങ്ങിയ നടപടി മറ്റ് ബാങ്കുകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് തീരുമാനം. എന്നാൽ, റഷ്യയെ സാമ്പത്തികമായി ബാധിക്കുന്ന ഈ തീരുമാനം യൂറോപ്യൻ യൂണിയന് തിരിച്ചടിയാവാത്ത തരത്തിലുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നാണ് അമേരിക്കൻ വൃത്തങ്ങൾ പറയുന്നത്.

റഷ്യയിലേയ്ക്കുള്ള ഒരു ചരക്ക് കപ്പൽ ഇംഗ്ലീഷ് കനാലിൽ തടഞ്ഞുകൊണ്ട് ഫ്രാൻസ് ഉപരോധത്തിന്റെ ആദ്യ സൂചനകൾ നൽകിയിരുന്നു. കാറുകളുമായി സെന്റ് പീറ്റേഴ്‌സ്ബർഗിലേയ്ക്ക് യാത്ര തിരിച്ച ചരക്കു കപ്പലാണ് ഫ്രഞ്ച് കസ്റ്റംസും നാവിക സേനയും ചേർന്ന് തടഞ്ഞത്.

അതേസമയം റഷ്യ കീവ് ലക്ഷ്യമിട്ട് പോരാട്ടം കടുപ്പിച്ചതോടെ യുക്രൈന് കൂടുതൽ ആയുധങ്ങളും മറ്റും നൽകാൻ തയ്യാറായി വിവിധ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. ടാങ്ക്‌വേധ മിസൈലുകൾ, വിമാനവേധ സംവിധാനങ്ങൾ, സുരക്ഷാ കവചങ്ങൾ എന്നിവയടക്കം 350 ദശലക്ഷം ഡോളറിന്റെ സഹായമാണ് അമേരിക്ക നൽകുന്നത്. 

അടിയന്തര സഹായമായി ടാങ്കുകൾ തകർക്കാൻ ശേഷിയുള്ള ആയിരം ഗ്രനേഡ് വിക്ഷപിണികളും 500 മിസൈലുകളും ജർമനി നൽകും. ടാങ്കുകൾ തകർക്കാൻ സഹായിക്കുന്ന 50 പാൻസർഫോസ്റ്റ് വിക്ഷപിണികളും മൂന്ന് ടാങ്ക്‌വേധ ആയുധങ്ങളും 400 റോക്കറ്റുകളും നൽകാമെന്നാണ് നെതർലൻഡ്‌സിന്റെ വാഗ്ദാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com