രണ്ടാംഘട്ട സമാധാന ചര്‍ച്ച ഇന്ന്; വെടിനിര്‍ത്തലും ചര്‍ച്ചയാകാമെന്ന് റഷ്യ; കീവില്‍ സ്‌ഫോടനങ്ങള്‍
By സമകാലിക മലയാളം ഡെസ്ക് | Published: 03rd March 2022 06:37 AM |
Last Updated: 03rd March 2022 06:37 AM | A+A A- |

യുക്രൈന്‍ അഭയാര്‍ത്ഥിസംഘത്തിലെ കുട്ടിയെ കൈയിലെടുത്ത് സൈനികന്‍/ പിടിഐ ചിത്രം
കീവ്: സൈനിക ആക്രമണം ശക്തമായി തുടരുന്നതിനിടെ, റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തല്‍ അടക്കം ചര്‍ച്ചയാകാമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
റഷ്യന്‍ സംഘത്തലവന്‍ വ്‌ലാഡിമിര്‍ മെഡിന്‍സ്‌കിയാണ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ക്കായി റഷ്യന്‍ സംഘം സ്ഥലത്തെത്തി. യുക്രൈന്‍ സംഘം ഇന്നെത്തും. ഇന്നലെ നടത്താന്‍ തീരുമാനിച്ച ചര്‍ച്ച പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ചര്‍ച്ച നടത്തണമെങ്കില്‍ റഷ്യ ബോംബാക്രമണം നിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. അതേസമയം റഷ്യന്‍ സേന കീവില്‍ ആക്രമണം കടുപ്പിക്കുകയാണ്. നഗര കേന്ദ്രങ്ങളിലും പുറത്തും സ്‌ഫോടനങ്ങളുണ്ടായി. ജനവാസകേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വെക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ക്രിമിയ വിട്ടുകൊടുത്തുകൊണ്ട് യുക്രൈനുമായി ധാരണയ്ക്കില്ലെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്നലെ വ്യക്തമാക്കിയിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് തടസ്സം നില്‍ക്കുന്നത് അമേരിക്കയാണെന്നും ലാവ്‌റോവ് കുറ്റപ്പെടുത്തിയിരുന്നു.