'വരൂ, നമുക്ക് നേരിട്ട് ചര്‍ച്ച ചെയ്യാം'; പുടിനെ ക്ഷണിച്ച് സെലന്‍സ്‌കി 

 നേരിട്ട് സംസാരിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്നും പുടിനോട് സെലെന്‍സ്‌കി ചോദിച്ചു
സെലൻസ്കി, പുടിൻ/ ഫയൽ ചിത്രം
സെലൻസ്കി, പുടിൻ/ ഫയൽ ചിത്രം

കീവ്: യുദ്ധം രൂക്ഷമാകുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി. യുക്രൈന്‍ വിട്ടുപോകാന്‍ തയാറായില്ലെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്താം. ഒരു മേശക്ക് ഇരുവശത്തുമിരുന്ന് ചര്‍ച്ച ചെയ്യാം. നേരിട്ട് സംസാരിച്ചെങ്കില്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കാനാകൂ എന്നും സെലന്‍സ്‌കി പറഞ്ഞു. 

ഫ്രഞ്ച് പ്രസിഡന്റിനോട് സംസാരിച്ചപോലെ 30 മീറ്റര്‍ അകലെയിരുന്നല്ല, തൊട്ടടുത്തിരുന്ന് സംസാരിക്കാം. നേരിട്ട് സംസാരിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്നും പുടിനോട് സെലെന്‍സ്‌കി ചോദിച്ചു. ഞങ്ങള്‍ റഷ്യയെ ആക്രമിക്കുന്നില്ല. അങ്ങനെ ആക്രമിക്കാന്‍ പദ്ധതിയിടുന്നുമില്ല. ഞങ്ങളില്‍ നിന്ന് എന്താണ് നിങ്ങള്‍ക്ക് വേണ്ടത്. ഞങ്ങളുടെ ഭൂമി വിട്ടുപോകൂ എന്നും സെലന്‍സ്‌കി ആവശ്യപ്പെട്ടു.

റഷ്യന്‍ ആക്രമണത്തില്‍ രണ്ടായിരത്തിലേറെ ജനങ്ങള്‍ കൊല്ലപ്പെട്ടെങ്കിലും കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് സെലന്‍സ്‌കി പറഞ്ഞു. യുക്രൈന്‍ ജനതയ്ക്ക് ഒരു തരത്തിലുള്ള ഭയവുമില്ല. യുക്രൈന്‍ ജനത പേടിച്ച് കീഴടങ്ങുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കില്‍, അവര്‍ക്ക് യുക്രൈനെക്കുറിച്ച് ഒന്നുമറിയില്ലെന്നും ടെലഗ്രാം ചാനലിലൂടെ സെലന്‍സ്‌കി പറഞ്ഞു. 

റഷ്യന്‍ ജനറല്‍ കൊല്ലപ്പെട്ടു

അതേസമയം യുക്രൈനിലെ യുദ്ധം തുടരുമെന്നാണ് റ,്‌യന്‍ പ്രസിഡന്റ് പുടിന്‍ വ്യക്തമാക്കിയത്. യുക്രൈന്റെ സമ്പൂര്‍ണ നിരായുധീകരണമാണ് റഷ്യയുടെ ലക്ഷ്യമെന്നും പുടിന്‍ പറഞ്ഞു. റഷ്യന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മേജര്‍ ജനറല്‍ ആന്ദ്രേ സുഖോവെത്‌സ്‌കി യുക്രൈനില്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com