

മുംബൈ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി പുതിയ നിയമങ്ങളുമായി ബിസിസിഐ. പരിശീലന ഷെഡ്യൂൾ, ടീമുകളുടെ യാത്ര, ജേഴ്‌സി തുടങ്ങിയവയിലാണ് പുതിയ നിയമങ്ങൾ കൊണ്ട് വന്നിരിക്കുന്നത്. മത്സരങ്ങളുടെ നിലവാരവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിനാണ് ഈ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മത്സര ദിവസങ്ങളിൽ യാതൊരു തരത്തിലുള്ള പരിശീലനവും ഗ്രൗണ്ടിൽ നടത്താൻ ടീമുകൾക്ക് അനുമതിയില്ല. മത്സരത്തിന് മുമ്പ് പരിശീലനം നടത്തുന്നത് ഒഴിവാക്കുന്നതിലൂടെ പിച്ചിന്റെ നിലവാരം നിലനിർത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ ടീമുകൾക്ക് അവരുടെ തയ്യാറെടുപ്പുകൾ മുൻകൂട്ടി പൂർത്തിയാക്കേണ്ടി വരും.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെ പരിശീലനത്തിനായി പ്രത്യേക ക്രമീകരണങ്ങളാണ് ബിസിസിഐ ഒരുക്കിയിരിക്കുന്നത്. ഓരോ ടീമിനും രണ്ട് നെറ്റ്‌സ് വീതവും പ്രധാന വിക്കറ്റിന്റെ ഇരുവശങ്ങളിലുമായി രണ്ട് പരിശീലന വിക്കറ്റുകളും നൽകും.
ഒരേ സമയം, രണ്ട് ടീമുകൾ പരിശീലനം നടത്തുകയാണെങ്കിൽ ടീമുകൾക്ക് രണ്ട് വീതം വിക്കറ്റുകൾ പരിശീലനത്തിനായി ലഭിക്കും. എതിര്‍ ടീമിന് അനുവദിച്ചിരിക്കുന്ന വിക്കറ്റുകൾ മറ്റൊരു ടീം ഉപയോഗിക്കാൻ പാടില്ല. ഒരു ടീം പരിശീലനം നേരത്തെ അവസാനിപ്പിച്ചാലും, ശേഷിക്കുന്ന സമയം ഈ വിക്കറ്റ് മറ്റേ ടീമിന് ഉപയോഗിക്കാനാവില്ല. ഇതിലൂടെ എല്ലാ ടീമുകൾക്കും സമാന അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഈ സീസണിൽ 'ഓപ്പൺ നെറ്റ്സ്' രീതിയിൽ പരിശീലനം നടത്താൻ അനുമതിയില്ല. മത്സര ദിവസങ്ങളിൽ പ്രധാന വിക്കറ്റിന് സമീപം ഫിറ്റ്നസ് ടെസ്റ്റുകൾ നടത്താൻ പാടില്ല. പ്രാക്ടീസ് ദിവസങ്ങളിൽ കളിക്കാരുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കില്ല. അവർക്ക് ഹോസ്പിറ്റാലിറ്റി ഏരിയയിൽ നിന്ന് മാത്രം പരിശീലനം കാണാം. കൂടാതെ, കളിക്കാർ ടീം ബസിൽ മാത്രമേ സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യാവൂ. കുടുംബാംഗങ്ങൾ മറ്റ് വാഹനങ്ങളിൽ എത്തേണ്ടതാണ്.
ടീമുകൾ നെറ്റ് ബൗളർമാർ, ത്രോഡൗൺ സ്പെഷ്യലിസ്റ്റുകൾ എന്നിവരുടെ പട്ടിക മുൻകൂട്ടി ബിസിസിഐക്ക് സമർപ്പിച്ച് അനുമതി നേടണം. മത്സരദിവസങ്ങളിൽ എൽഇഡി ബോർഡുകൾക്ക് സമീപം കളിക്കാരും സപ്പോർട്ട് സ്റ്റാഫും ഇരിക്കരുത്. കളിക്കാർക്ക് ഓറഞ്ച് ക്യാപ്പും പർപ്പിൾ ക്യാപ്പും നിർബന്ധമായും ധരിക്കണം.
മത്സരശേഷം നടക്കുന്ന പ്രെസന്റേഷൻ ചടങ്ങുകളിൽ സ്ലീവ്‌ലെസ് ജേഴ്സികൾ ധരിക്കാൻ പാടില്ല. ഈ നിയമം ലംഘിച്ചാൽ ആദ്യം മുന്നറിയിപ്പും, വീണ്ടും ആവർത്തിച്ചാൽ പിഴയും ഈടാക്കും. മത്സരദിവസങ്ങളിൽ 12 അംഗങ്ങളുള്ള സപ്പോർട്ട് സ്റ്റാഫ് മാത്രമേ ടീമിനൊപ്പം അനുവദിക്കൂ. കളിക്കാർ ജേഴ്സി നമ്പർ മാറ്റുന്നുവെങ്കിൽ, 24 മണിക്കൂർ മുൻപ് ബിസിസിഐയെ അറിയിക്കണമെന്നും പുതിയ നിയമത്തിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates