

ന്യൂജേഴ്‌സി: ലോകകപ്പിലെ മത്സരത്തില്‍ സ്വീഡനെതിരെയും ഗോള്‍വേട്ട തുടര്‍ന്ന് കിലിയന്‍ എംബാപ്പെ. സ്വീഡനെതിരെ രണ്ടു ഗോളുകളാണ് എംബാപ്പെ നേടിയത്. മത്സരത്തിന്റെ 45, 74 മിനിറ്റുകളിലാണ് എംബാപ്പെയുടെ ഗോളുകള്‍. ഇതോടെ ഈ ലോകകപ്പിലെ ഗോള്‍ നേട്ടത്തില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കൊപ്പമെത്തി. മെസിയും എംബാപ്പെയും ആറു ഗോള്‍ വീതം നേടി.
ആദ്യ ഗോള്‍ നേടിയതോടെ, ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി എംബാപ്പെ മാറി. നോക്കൗട്ട് റൗണ്ടുകളില്‍ എംബാപ്പെ നേടുന്ന ഒന്‍പതാമത്തെ ഗോളാണിത്. എട്ടുഗോളുകള്‍ നേടിയ മുന്‍ ബ്രസീലിയന്‍ താരങ്ങളായ റൊണാള്‍ഡോ, ലിയോനിഡാസ് എന്നിവരെയാണ് എംബാപ്പെ മറികടന്നത്. ഡെംബലെയുടെ അസിസ്റ്റില്‍ നിന്നാണ് എംബാപ്പെ 2026 ലോകകപ്പിലെ അഞ്ചാം ഗോള്‍ കണ്ടെത്തിയത്.
74-ാം മിനിറ്റില്‍ ഒലിസെയുടെ അസിസ്റ്റില്‍ നിന്നാണ് എംബാപ്പെയുടെ രണ്ടാമത്തെ ഗോള്‍ പിറന്നത്. ഇതോടെ ഈ ലോകകപ്പിലെ ആറാം ഗോളാണ് താരം നേടിയത്. 18 മത്സരങ്ങളില്‍ നിന്ന് 18 ഗോളുകള്‍ നേടിയ 27 കാരനായ എംബാപ്പെ, മുന്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയെ മറികടന്ന് ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായി. 29 മത്സരങ്ങളില്‍ നിന്ന് 19 ഗോള്‍ നേടിയ ലയണല്‍ മെസിയാണ് ഒന്നാമന്‍.
ആറു ലോകകപ്പ് മത്സരങ്ങളില്‍ നിന്നാണ് ലയണല്‍ മെസി ഈ റെക്കോര്‍ഡിലേക്കെത്തിയത്. അതേസമയം, മൂന്നു ലോകകപ്പുകളില്‍ നിന്നാണ് കിലിയന്‍ എംബാപ്പെ ഗോള്‍വേട്ടയില്‍ മെസിക്ക് പിന്നിലെത്തിയത്. എംബാപ്പെ ഇതുവരെ അടിച്ചുകൂട്ടിയത് 18 ഗോളുകള്‍. ലോകകപ്പിലെ എക്കാലത്തെയും വലിയ ഗോള്‍ വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെയുടെ പേരിലാകാന്‍ ഇനി എത്ര മത്സരം കൂടി വേണമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അതോടൊപ്പം ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരവും മുറുകുകയാണ്.
Kylian Mbappe continues goal scoring. Top scorer in the World Cup knockout rounds
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates