

മുംബൈ: അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച 14 കാരന്‍ വൈഭവ് സൂര്യവംശി ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നില്ല. ക്രിക്കറ്റ് പരിശീലനം, ക്യാമ്പുകൾ, വിവിധ ടൂർണമെന്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് തിരക്കിലാണ് താരം. തിരക്കുകൾ കാരണം മതിയായ രീതിയിൽ പരീക്ഷയ്ക്ക് പഠിക്കാൻ വൈഭവിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് പരീക്ഷയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതെന്ന് താരത്തിന്റെ അച്ഛൻ സഞ്ജീവ് സൂര്യവംശി അറിയിച്ചു.
സമഷ്ടിപുരിലെ പോഡര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് വൈഭവ്. ലോക കിരീടം സമ്മാനിച്ച് രാജ്യത്തിന്റെ ഹീറോ ആയെങ്കിലും സ്‌കൂളില്‍ പ്രത്യേക പരിഗണന നല്‍കുകയില്ലെന്നു പ്രിന്‍സിപ്പല്‍ നീല്‍ കിഷോര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റ് കുട്ടികള്‍ക്കുള്ള എല്ലാ നിയമങ്ങളും വൈഭവിനും ബാധകമാണെന്നു പ്രന്‍സിപ്പല്‍ പറഞ്ഞിരുന്നു.
പത്താം ക്ലാസ് ബോര്‍ഡ് എക്‌സാമിനുള്ള അഡ്മിറ്റ് കാര്‍ഡ് വൈഭവ് സ്കൂളിൽ നേരിട്ട് എത്തി വാങ്ങിയിരുന്നു. ഫെബ്രുവരി 17 മുതൽ മാർച്ച് 11 വരെ നടക്കാനിരിക്കുന്ന പരീക്ഷ താരം എഴുതുമെന്നായിരുന്നു നേരത്തെ സ്കൂൾ അധികൃതരെ കുടുംബം അറിയിച്ചത്. എന്നാൽ തുടർച്ചയായ ക്രിക്കറ്റ് തിരക്കുകൾ കാരണം പഠനത്തിന് മതിയായ സമയം ലഭിക്കാത്തതിനാൽ പരീക്ഷയിൽ നിന്ന് വിട്ടുനിൽക്കാൻ കുടുംബം തീരുമാനിച്ചത്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ അംഗമായ താരം പുതിയ സീസണിന് മുൻപുള്ള ഒരുക്കത്തിലെന്നാണ് റിപ്പോർട്ട്.
ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ താരം മിന്നലടികളുമായി കളം വാണിരുന്നു. 15 വീതം സിക്‌സും ഫോറും മാലപ്പടക്കം പോലെ പൊട്ടിച്ച് താരം അടിച്ചെടുത്തത് 175 റണ്‍സ്. വൈഭവിന്റെ ബലത്തില്‍ ഇന്ത്യ 400നു മുകളില്‍ സ്‌കോര്‍ ചെയ്തു ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ആറാം തവണയും അണ്ടര്‍ 19 ലോക കിരീടം ഉയര്‍ത്തിയത്.
ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ വൈഭവ് രണ്ടാം സ്ഥാനത്തുണ്ട്. താരം 439 റണ്‍സാണ് ഏഴ് മത്സരങ്ങളില്‍ നിന്നു സ്വന്തമാക്കിയത്. 62.71 ആവറേജും 170 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം കത്തിക്കയറിയത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും 14കാരന്‍ ലോകകപ്പില്‍ അടിച്ചെടുത്തു.
ലോകകപ്പിലാകെ താരം 30 സിക്‌സുകളാണ് അടിച്ചുകൂട്ടിയത്. അണ്ടര്‍ 19 ലോകകപ്പിന്റെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിക്കുന്ന താരമെന്ന റെക്കോര്‍ഡും വൈഭവ് ഇത്തവണ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസിന്റെ റെക്കോര്‍ഡാണ് വൈഭവ് പഴങ്കഥയാക്കിയത്. ബ്രെവിസ് ഒറ്റ എഡിഷനില്‍ 18 സിക്‌സുകള്‍ നേടിയാണ് ആദ്യം റെക്കോര്‍ഡ് സ്ഥാപിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates