ബെംഗളൂരു: ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് പുത്തൻ എസ്1സെഡ് (Ola S1Z) ഇലക്ട്രിക് സ്കൂട്ടർ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. 79,999 രൂപയാണ് (എക്സ്-ഷോറൂം) ഈ അത്യാകർഷക മോഡലിന്റെ പ്രാരംഭ വില. ഓല സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക 'ഭാരത് സെൽ' എൽഎഫ്പി ബാറ്ററിയാണ് പുതിയ സ്കൂട്ടറിന്റെ പ്രധാന സവിശേഷത.
വ്യത്യസ്ത ബാറ്ററി ശേഷികളുള്ള രണ്ട് വേരിയന്റുകളിലാണ് ഓല എസ്1സെഡ് വിപണിയിലെത്തുന്നത്. 3.1kWh ബാറ്ററി ശേഷിയുള്ള അടിസ്ഥാന മോഡലിന് 79,999 രൂപയും, വലിയ 5.1kWh ബാറ്ററിയുള്ള ഉയർന്ന വേരിയന്റിന് 99,999 രൂപയുമാണ് എക്സ്-ഷോറൂം വില. സിംഗിൾ ചാർജിൽ 3.1kWh പതിപ്പ് 179 കിലോമീറ്ററും, 5.1kWh പതിപ്പ് 301 കിലോമീറ്ററും ഉയർന്ന ഐ.ഡി.സി റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 3.1kWh ബാറ്ററി പൂർണ്ണമായി ചാർജ് ചെയ്യാൻ 5 മണിക്കൂർ 42 മിനിറ്റും, 5.1kWh ബാറ്ററിക്ക് 6 മണിക്കൂർ 16 മിനിറ്റും സമയം വേണം.
രണ്ട് വേരിയന്റുകളിലും 4kW ഇലക്ട്രിക് മോട്ടോറാണ് കരുത്ത് പകരുന്നത്. മണിക്കൂറിൽ 70 കിലോമീറ്ററാണ് സ്കൂട്ടറിന്റെ പരമാവധി വേഗത. നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗത കൈവരിക്കാൻ 3.1kWh മോഡലിന് 4.9 സെക്കൻഡും, 5.1kWh വേരിയന്റിന് 4.6 സെക്കൻഡും മാത്രം മതിയാകും.നഗരയാത്രകൾക്ക് അനുയോജ്യമായ കരുത്തും കാര്യക്ഷമതയും നൽകുന്ന തരത്തിലാണ് ഇതിന്റെ ഡ്രൈവ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വേഗത, സമയം, ബാറ്ററി ചാർജ്ജ് നില, ട്രിപ്പ് മീറ്റർ, ഒഡോമീറ്റർ വിവരങ്ങൾ എന്നിവ കൃത്യമായി കാണിക്കുന്ന 4.3 ഇഞ്ച് എൽ.സി.ഡി കൺസോളാണ് സ്കൂട്ടറിലുള്ളത്. ജിയോ ഫെൻസിങ്, ലൈവ് ലൊക്കേഷൻ മോണിറ്ററിങ് തുടങ്ങിയ കണക്റ്റഡ് സാങ്കേതികവിദ്യകളും ഇതിലുണ്ട്. യാത്ര സുഗമമാക്കാൻ ക്രൂയിസ് കൺട്രോൾ, റിവേഴ്സ് മോഡ്, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയ അത്യാധുനിക റൈഡിങ് എയ്ഡുകൾ സ്കൂട്ടറിൽ നൽകിയിരിക്കുന്നു. ഓലയുടെ പുത്തൻ മൂവ് ഒ.എസ് 5 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് വാഹനം പ്രവർത്തിക്കുന്നത്. ഭാവിയിൽ ഓവർ-ദി-എയർ അപ്‌ഡേറ്റുകളും ലഭ്യമാകും.
പുതിയ സ്കൂട്ടറിന്റെ വിതരണ തീയതികളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 3.1kWh വേരിയന്റിന്റെ വിതരണം 2026 ഡിസംബർ മുതൽ ആരംഭിക്കും. ഉയർന്ന ബാറ്ററി ശേഷിയുള്ള 5.1kWh വേരിയൻറ് 2027 മാർച്ച് മുതലായിരിക്കും ഉപഭോക്താക്കൾക്ക് ലഭ്യമാകുക. താങ്ങാവുന്ന വിലയിൽ ഉയർന്ന റേഞ്ചും പ്രീമിയം ഫീച്ചറുകളും ആഗ്രഹിക്കുന്ന ഇ.വി പ്രേമികൾക്ക് മികച്ചൊരു തെരഞ്ഞെടുപ്പായിരിക്കും ഈ പുത്തൻ സ്കൂട്ടർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates