ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് കോടിയിലധികം ഇപിഎഫ് അംഗങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും ലളിതമായും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) പുതിയ EPFO 3.0 സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങി. പിഎഫ് പണം പിന്‍വലിക്കുന്ന നടപടികള്‍ ലളിതമാക്കുക, ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുക എന്നിവയാണ് പുതിയ പരിഷ്‌കാരങ്ങളുടെ ലക്ഷ്യം.
പുതിയ സംവിധാനത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്ക് യുപിഐ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യം ലഭ്യമാകും. മുമ്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് വളരെ കുറച്ച് രേഖകളും നടപടിക്രമങ്ങളും മാത്രമേ ആവശ്യമായിരിക്കൂ. ക്ലെയിം അംഗീകാര സമയം കുറയ്ക്കുകയും കാലതാമസങ്ങളും പിശകുകളും ഒഴിവാക്കുകയും ചെയ്യുന്നതിനായാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പിഎഫ് അക്കൗണ്ടിലെ പണം ഭാഗികമായി പിന്‍വലിക്കാന്‍ മുമ്പ് 13 വ്യത്യസ്ത വിഭാഗങ്ങളുണ്ടായിരുന്നത് മൂന്നാക്കി കുറച്ചു. അവശ്യ സന്ദര്‍ഭം, ഭവന ആവശ്യങ്ങള്‍, പ്രത്യേക സാഹചര്യങ്ങള്‍ എന്നിങ്ങനെയാണിത്. മുമ്പ് ചില സാഹചര്യങ്ങളില്‍ ഏഴ് വര്‍ഷം വരെ സേവനകാലാവധി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ പുതിയ നിയമപ്രകാരം 12 മാസത്തെ സേവനകാലാവധി പൂര്‍ത്തിയായാല്‍ പിന്‍വലിക്കലിന് അര്‍ഹതയുണ്ടാകും.
ക്ലെയിം അംഗീകരിക്കുമ്പോള്‍ ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതവും അതിന്മേലുള്ള പലിശയും ഉള്‍പ്പെടുത്തി തുക അനുവദിക്കും. അക്കൗണ്ട് ബാലന്‍സിന്റെ 75 ശതമാനം വരെ തുക കൂടുതല്‍ എളുപ്പത്തില്‍ പിന്‍വലിക്കാനും സാധിക്കും. പല ക്ലെയിമുകളും പൂര്‍ണമായും ഓണ്‍ലൈന്‍ വഴി, രേഖകളുടെ ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കാതെ തന്നെ പ്രോസസ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ സംവിധാനം.
ജോലി നഷ്ടപ്പെട്ടാല്‍ സാമ്പത്തിക സുരക്ഷ
ജോലി നഷ്ടപ്പെടുന്ന അംഗങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൊഴിലില്ലായ്മ നേരിടുന്ന ഉടന്‍ തന്നെ പി.എഫ് ബാലന്‍സിന്റെ 75 ശതമാനം വരെ പിന്‍വലിക്കാം. 12 മാസം കഴിഞ്ഞിട്ടും ജോലി ലഭിച്ചില്ലെങ്കില്‍ ശേഷിക്കുന്ന 25 ശതമാനവും പിന്‍വലിക്കാം. തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ അംഗങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
55 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ മുഴുവന്‍ പി.എഫ് തുകയും പിന്‍വലിക്കാന്‍ അംഗങ്ങള്‍ക്ക് അനുമതിയുണ്ട്. ഇതുകൂടാതെ സ്ഥിരമായ വൈകല്യം, തൊഴില്‍ നഷ്ടപ്പെടല്‍, സ്വമേധയാ വിരമിക്കല്‍, വിദേശത്തേക്ക് കുടിയേറല്‍ എന്നീ സാഹചര്യങ്ങളിലും മുഴുവന്‍ നിക്ഷേപവും അംഗങ്ങള്‍ക്ക് ലഭ്യമാകും. ദീര്‍ഘകാല സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി കുറഞ്ഞത് 25 ശതമാനം സംഭാവന വിരമിക്കല്‍ ആവശ്യങ്ങള്‍ക്കായി സംരക്ഷിക്കുന്ന സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരമിക്കല്‍ കാലത്ത് ആവശ്യമായ സമ്പാദ്യം ഉറപ്പാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.
പെന്‍ഷന്‍ പിന്‍വലിക്കല്‍ നിയമങ്ങളും കര്‍ശനമാക്കി
എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം (ഇപിഎസ്) പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നിയമങ്ങളും മാറ്റിയിട്ടുണ്ട്. മുമ്പ് രണ്ട് മാസം സേവനം പൂര്‍ത്തിയാക്കിയാല്‍ ചില സാഹചര്യങ്ങളില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പിന്‍വലിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ കുറഞ്ഞത് 36 മാസത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷമേ പെന്‍ഷന്‍ തുക പിന്‍വലിക്കാന്‍ കഴിയൂ. ദീര്‍ഘകാല പെന്‍ഷന്‍ സുരക്ഷ ഉറപ്പാക്കാനാണ് ഈ മാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates