പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുകയാണ്. അതുകൊണ്ട് തന്നെ ആഗോള വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുമ്പോള്‍ സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്കും വെള്ളിയിലേക്കും നിക്ഷേപം മാറ്റുന്ന പതിവ് ഉണ്ട്. എന്നാല്‍ എണ്ണവില കുതിക്കുന്നത് സ്വര്‍ണത്തിന് അത്ര ശോഭനമായ കാര്യമല്ല. പണപ്പെരുപ്പ നിരക്ക് ഉയരുമെന്നതിനാല്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് ഉയരുന്നതും സ്വര്‍ണത്തിന് ഹ്രസ്വകാലത്തേയ്ക്ക് ഗുണകരമല്ല. ബോണ്ട് യീല്‍ഡ് ഉയരുമ്പോള്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയുന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നത് നേട്ടം ഉണ്ടാക്കാന്‍ സഹായകമാകുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അതേസമയം സ്വര്‍ണത്തിലും വെള്ളിയിലും നിക്ഷേപം നടത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ചുവടെ:
1. ദീര്‍ഘകാല ലക്ഷ്യം മുന്‍നിര്‍ത്തിയായിരിക്കണം നിക്ഷേപം
സ്വര്‍ണ്ണം എപ്പോഴും ഒരു മിതമായ ആദായം നല്‍കുന്ന ആസ്തിയാണ്. ദീര്‍ഘകാലത്തേക്ക് (5-7 വര്‍ഷം) ചെറിയ തുകകള്‍ മാറ്റിവെക്കുന്നത് വഴി ഭാവിയില്‍ മക്കളുടെ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്കായി വലിയൊരു സമ്പാദ്യം കെട്ടിപ്പടുക്കാന്‍ സാധിക്കും. ആകെ സമ്പാദ്യത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
2. 10 ശതമാനം എന്ന 'ഗോള്‍ഡന്‍ റൂള്‍'
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ഒരു വ്യക്തിയുടെ ആകെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വിഹിതം സംയുക്തമായി 10 ശതമാനത്തില്‍ കൂടാന്‍ പാടില്ല. ഇത് നിക്ഷേപത്തില്‍ വൈവിധ്യം നിലനിര്‍ത്താനും പണപ്പെരുപ്പത്തെ പ്രതിരോധിക്കാനും സഹായിക്കും. വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്വര്‍ണ്ണം ഒരു തന്ത്രപ്രധാനമായ ആസ്തിയായി തുടരുന്നു. എന്നാല്‍ വൈകാരികമായ തീരുമാനങ്ങള്‍ക്ക് പകരം കൃത്യമായ ആസൂത്രണത്തോടെയുള്ള നിക്ഷേപമാണ് നിക്ഷേപകര്‍ക്ക് ഗുണകരമാവുക.
3. ക്രമാനുഗതമായ നിക്ഷേപം
നിലവില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപമുള്ളവര്‍ അത് തുടരുന്നതാണ് ഉചിതം. എന്നാല്‍ പുതിയതായി സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നിച്ച് വലിയ തുക നിക്ഷേപിക്കുന്നതിന് പകരം സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ വഴി ചെറിയ തുകകളായി നിക്ഷേപിക്കുന്നതാണ് നല്ലത്. ഇത് വിപണിയിലെ വില വ്യതിയാനങ്ങളില്‍ നിന്നുള്ള റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും.
4. വെള്ളിയുടെ ചാഞ്ചാട്ടം ശ്രദ്ധിക്കുക
സ്വര്‍ണ്ണവുമായി സാമ്യമുണ്ടെങ്കിലും വെള്ളിയുടെ വിപണി കൂടുതല്‍ അസ്ഥിരമാണ്. അതിനാല്‍ വലിയ റിസ്‌ക് എടുക്കാന്‍ തയ്യാറുള്ളവര്‍ മാത്രം വെള്ളിയില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. വിലയില്‍ പെട്ടെന്നുണ്ടാകുന്ന ഇടിവുകള്‍ നേരിടാന്‍ നിക്ഷേപകര്‍ സജ്ജരായിരിക്കണം.
5. വെള്ളി നിക്ഷേപത്തിന് പരിധി വേണം
വെള്ളിയിലെ നിക്ഷേപം വളരെ ശ്രദ്ധിച്ചു വേണം കൈകാര്യം ചെയ്യാന്‍. സ്വര്‍ണ്ണവും വെള്ളിയും ചേര്‍ത്തുള്ള ആകെ നിക്ഷേപം മൊത്തം പോര്‍ട്ട്‌ഫോളിയോയുടെ ഒരു നിശ്ചിത ശതമാനത്തില്‍ കൂടരുത്. വെള്ളിയുടെ വിലയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ മിതമായ നിക്ഷേപം മാത്രമാണ് സുരക്ഷിതം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates