വിദേശത്തേക്ക് പഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികളുടെ സമീപനത്തിൽ വലിയ മാറ്റം സംഭവിച്ചതായി പഠനം. മുൻപ് യൂണിവേഴ്‌സിറ്റിയുടെ റാങ്കിങ് ആണ് വിദ്യാർഥികൾ ആദ്യം തിരക്കിയിരുന്നത് എങ്കിൽ ഇപ്പോൾ 'ഡിഗ്രി നേടിയാൽ എനിക്ക് എന്താണ് നേട്ടം ?' എന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.
മികച്ച റാങ്കുള്ള സർവകലാശാലകൾ തിരഞ്ഞെടുക്കുന്നതിനേക്കാൾ പഠനം പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന ജോലി, കരിയർ വളർച്ച, നിക്ഷേപത്തിന് ലഭിക്കുന്ന നേട്ടം എന്നിവയ്ക്കാണ് വിദ്യാർഥികൾ പ്രാധാന്യം നൽകുന്നതെന്ന് അപ്ഗ്രേഡ് (upGrad) എന്ന സ്ഥാപനം നടത്തിയ 'ട്രാൻസ്‌നാഷണൽ എഡ്യൂക്കേഷൻ റിപ്പോർട്ട് 2026' എന്ന പഠനത്തിൽ പറയുന്നു.
പഠനങ്ങൾ പ്രകാരം, ജനുവരി 2025 മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ അപ്ഗ്രേഡ് വഴി വിദേശ പഠനത്തിന് ചേർന്നവരിൽ 51 ശതമാനം പേരും ജർമനിയെയാണ് തെരഞ്ഞെടുത്തത്. യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ പരമ്പരാഗത പഠനകേന്ദ്രങ്ങൾക്കൊപ്പം ജർമനി, ഫ്രാൻസ്, സ്പെയിൻ, ഫിൻലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളോടും വിദ്യാർഥികളുടെ താൽപര്യം വർധിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.
53,800 വിദ്യാർഥികളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ 49 ശതമാനം പേരും വിദേശത്ത് പഠിക്കാനുള്ള പ്രധാന കാരണമായി മെച്ചപ്പെട്ട ജോലി സാധ്യതകൾ മുന്നിൽ കണ്ടാണ് രാജ്യങ്ങൾ തെരഞ്ഞെടുക്കുന്നത് എന്നാണ് അഭിപ്രായപ്പെട്ടത്.
വിദ്യാഭ്യാസത്തിന്റെ നിലവാരം, സ്ഥിരതാമസ സാധ്യത, ജീവിതനിലവാരം തുടങ്ങിയ ഘടകങ്ങളെക്കാൾ കരിയർ സാധ്യതകൾക്ക് പ്രാധാന്യം നൽകുന്ന പ്രവണതയാണ് വിദ്യാർഥികൾ പിന്തുടരുന്നത്.
സർവേയിൽ പങ്കെടുത്ത വിദ്യാർഥികളിൽ പത്തിൽ ഏഴ് പേരും 30 ലക്ഷം രൂപയിൽ താഴെയുള്ള ബജറ്റിലാണ് വിദേശ പഠനം ലക്ഷ്യമിടുന്നത്. കൂടാതെ 73 ശതമാനത്തിലധികം പേർ വിദേശത്ത് മാസ്റ്റേഴ്സ് പഠിക്കാനാണ് താൽപര്യപ്പെടുന്നത്. 65.8 ശതമാനം പേർ ഫ്രഷേഴ്സാണ്. കൂടാതെ 73 ശതമാനത്തിലധികം പേർ വിദേശത്ത് മാസ്റ്റേഴ്സ് പഠിക്കാനാണ് താൽപര്യപ്പെടുന്നത്.
വിദ്യാഭ്യാസച്ചെലവ് കുറവാണു എന്നതും മികച്ച തൊഴിൽ സാധ്യതകളും മുന്നിൽ കണ്ട് വിദ്യാർഥികൾ ജർമനി പ്രധാനപ്പെട്ട ഒരു ഓപ്ഷനായി തെരഞ്ഞെടുക്കുന്നത് വർധിച്ചു.
യു.എസ്, യു.കെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വർധിച്ചുവരുന്ന ചെലവും കർശനമായ കുടിയേറ്റ നയങ്ങളും വിദ്യാർഥികളെ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് പരിഗണിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്.
വിദേശ പഠനത്തിലെ കോഴ്സ് തിരഞ്ഞെടുപ്പിലും വ്യത്യസ്തമായ രീതിയാണ് വിദ്യാർഥികൾ നിലവിൽ സ്വീകരിക്കുന്നത്. സർവേയിൽ പങ്കെടുത്ത വിദ്യാർഥികൾ എ.ഐയുമായി ബന്ധപ്പെട്ടതോ എ.ഐ മുഖ്യ വിഷയമായ വിഷയങ്ങൾ ആണ് തെരഞ്ഞെടുക്കുന്നത്.
അതായത്, വിദേശ പഠനം ഇനി മികച്ചൊരു ഡിഗ്രി നേടാനുള്ള അവസരം മാത്രമായി വിദ്യാർഥികൾ കാണുന്നില്ല. ആ ഡിഗ്രി ഉപയോഗിച്ച് എവിടെ മികച്ച കരിയർ എങ്ങനെ കെട്ടിപ്പടുക്കാം എന്നതും രാജ്യവും കോഴ്സും തിരഞ്ഞെടുക്കുമ്പോൾ പ്രധാന ഘടകമായി മാറുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates