രാജ്യത്തെ പത്തിൽ ഒമ്പത് മെഡിക്കൽ കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങൾ മോശമാണെന്നും മെഡിക്കൽ മേഖലയിലെ ജീവനക്കാർക്ക് അമിത ജോലിഭാരം, മാനസികാരോഗ്യ പിന്തുണയുടെ അപര്യാപ്തത തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെന്നും കണ്ടെത്തൽ.
ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ( ഫൈമ- FAIMA) നടത്തിയ രാജ്യവ്യാപക സർവേയിലാണ് ഈ കണ്ടെത്തലുകൾ.
എയിംസ്, പിജിഐഎംആർ, ജിപ്മർ എന്നിവയുൾപ്പെടെയുള്ള പ്രധാന മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ ഈ പഠനം നടത്തിയത്.
പഠനത്തിൽ 2,000-ത്തിലധികം പേരിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചു, അതിൽ 90.4 ശതമാനം സർക്കാർ കോളജുകളിൽ നിന്നും 7.8 ശതമാനം സ്വകാര്യ കോളജുകളിൽ നിന്നുമായിരുന്നു.
ഇന്ത്യയിലെ മെഡിക്കൽ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പോരായ്മകളും പരിമിതികളുമാണ് ഈ സർവേയിൽ കണ്ടെത്തിയത്.
89.4 ശതമാനം മെഡിക്കൽ കോളജുകളിലും അടിസ്ഥാന സൗകര്യങ്ങൾ മോശമാണ് എന്ന് ഫൈമ - റിവ്യു മെഡിക്കൽ സിസ്റ്റം (FAIMA-Review Medical System -FAIMA-RMS) എന്ന സർവേ പറയുന്നു.
മെഡിക്കൽ കോളജുകളിൽ റസിഡൻസി ചെയ്യുന്നവരിൽ 73.9 ശതമാനം അമിതമായ ക്ലറിക്കൽ ജോലികൾ ചെയ്യേണ്ടി വരുന്നതായി അഭിപ്രായപ്പെട്ടു. 40.8 ശതമാനം പേർ അവരുടെ ജോലി അന്തരീക്ഷം അനാരോഗ്യകരമാണെന്ന് പറഞ്ഞു.
രോഗികളുമായി ഇടപഴകാൻ സാധിച്ചതായി മെഡിക്കൽ വിദ്യാർത്ഥികളിൽ 71.5 ശതമാനം പേർ പറഞ്ഞപ്പോൾ, 54.3 ശതമാനം പേർ പതിവ് അദ്ധ്യാപന സെഷനുകൾ മാത്രമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.
ലബോറട്ടറി, ഉപകരണ സൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ ആവശ്യകതകൾ നിറവേറ്റുന്നുണ്ടെന്ന് 68.9 ശതമാനം പേർ പറഞ്ഞു. എന്നാൽ, സർവേയിൽ പങ്കെടുത്തവരിൽ പകുതി പേർക്ക് മാത്രമേ സമയബന്ധിതമായി സ്റ്റൈപൻഡുകൾ ലഭിച്ചിട്ടുള്ളൂ, നിശ്ചിത ജോലി സമയം ക്രമീകരിച്ചിട്ടുണ്ടെന്ന് 29.5 ശതമാനം പേർ മാത്രമാണ് പറഞ്ഞത്.
ആരോഗ്യ മേഖലയിൽ മാനവവിഭവ ശേഷിയുടെ കുറവ് നേരിടുന്നുണ്ടെന്നും ഇത് വിദ്യാഭ്യാസ നിലവാരത്തെ നേരിട്ട് ബാധിക്കുന്നുണ്ടെന്നും സർവേ കണ്ടെത്തി.
സർക്കാർ കോളജുകൾ രോഗികളുമായി ഇടപഴകാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം നൽകിയെങ്കിലും ഭരണപരമായ ജോലിഭാരം കൂടുതലായിരുന്നു, അതേസമയം സ്വകാര്യ കോളേജുകൾ അദ്ധ്യാപന ക്രമത്തിലും ഫാക്കൽറ്റി എണ്ണത്തിലും മുന്നിലാണ്.
വിദ്യാർത്ഥികളിലും റസിഡൻസി ചെയ്യുന്നവരിലും വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ ആശങ്കകളുമായി ഫൈമ (FAIMA) ഈ പ്രശ്നങ്ങളെ ബന്ധപ്പെടുത്തി.
നിശ്ചിത ഡ്യൂട്ടി സമയം, കോളേജുകളിൽ കൗൺസലർ നിയമനങ്ങൾ, വെൽനസ് പ്രോഗ്രാമുകളിൽ വാർഷിക രക്ഷാകർതൃ പങ്കാളിത്തം, ഡോക്ടർമാർക്ക് 10 ദിവസത്തെ മാനസികാരോഗ്യ അവധി എന്നിവ മെഡിക്കൽ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള 2024 ലെ ദേശീയകർമ്മസമിതി ( നാഷണൽ ടാസ്ക് ഫോഴ്സ്) ശുപാർശ ചെയ്തിരുന്നു.
ഇതിനെ അടിസ്ഥാനമാക്കിയാണ് സർവേ നടത്തിയത്. ഒരു വർഷത്തിനുശേഷം, ആ ശുപാർശകളിൽ ചിലത് മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ എന്ന് ഫൈമ പറഞ്ഞു.കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇടപെട്ട് നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
മെഡിക്കൽ പ്രൊഫഷണലുകളുടെ അക്കാദമികവും മാനസികവുമായ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി ദേശീയ മെഡിക്കൽ കമ്മീഷനും (NMC) നീതി ആയോഗിനും വിശദമായ ശുപാർശകൾ സമർപ്പിക്കുമെന്ന് ഫൈമ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞു.
എൻഎംസി ചെയർമാനെയും മറ്റ് ഉദ്യോഗസ്ഥരെയും കാണാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്, പക്ഷേ അവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. ഈ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് കൂടുതൽ ഇടപെടൽ ആവശ്യമാണെന്ന് ഫൈമ അഭിപ്രായപ്പെട്ടു.
"തിരുത്തൽ നടപടികൾക്കായി അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ഞങ്ങൾ പദ്ധതിയിടുന്നു. ഇന്ത്യയുടെ മെഡിക്കൽ വിദ്യാഭ്യാസ ശൃംഖലയെ ആഗോള നിലവാരവുമായി പൊരുത്തപ്പെടുത്തുക എന്നതാണ് ലക്ഷ്യം," ഫൈമ പ്രസിഡന്റിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates