നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കാലിക്കറ്റ് 2026-27 അധ്യയന വർഷത്തേക്കുള്ള നാല് വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം (ITEP) ബി.എസ്‌സി-ബി.എഡ്. കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ വിദ്യാഭ്യാസ നയം (NEP 2020) അടിസ്ഥാനമാക്കി രൂപകൽപന ചെയ്തിരിക്കുന്നതാണ് ഈ കോഴ്‌സ്.
കോഴ്സിലൂടെ ശാസ്ത്ര വിഷയങ്ങളിലെ ബിരുദ പഠനവും അധ്യാപക പരിശീലനവും ഒരുമിച്ച് പൂർത്തിയാക്കാൻ അവസരം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 7
സെക്കൻഡറി, ഫൗണ്ടേഷണൽ, പ്രിപ്പറേറ്ററി എന്നിങ്ങനെ മൂന്ന് ITEP പ്രോഗ്രാമുകളാണ് ലഭ്യമാകുന്നത്. ഓരോ പ്രോഗ്രാമിലും ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒരു മേജർ തെരഞ്ഞെടുക്കാൻ അവസരമുണ്ട്. ഓരോ പ്രോഗ്രാമിലും 50 സീറ്റുകൾ വീതമാണുള്ളത്. മാത്‍സിന് 20 സീറ്റും ഫിസിക്സിനും കെമിസ്ട്രിക്കും 15 സീറ്റുകൾ വീതവുമുണ്ട്.
നാല് വർഷംകൊണ്ട് ബി.എസ്‌സി (ഓണേഴ്സ്)യും ബി.എഡും ഒരുമിച്ച് നേടാനാകും. ഒന്നാം വർഷം മുതൽ സ്കൂൾ ഇന്റേൺഷിപ്പ്, ക്ലാസ് റൂം പരിശീലനം, വിദ്യാഭ്യാസ മനഃശാസ്ത്രം, പാഠ്യപദ്ധതി രൂപകൽപന, വിദ്യാഭ്യാസ സാങ്കേതികവിദ്യ എന്നിവയിൽ പരിശീലനം ലഭിക്കും. മൂന്ന് വർഷം പൂർത്തിയാക്കുന്നവർക്ക് ബി.എസ്‌സി ബിരുദത്തോടെ പുറത്തുകടക്കാനുള്ള (Exit Option) അവസരവും ലഭ്യമാണ്.
NCET-2026 പരീക്ഷയിൽ സാധുവായ സ്കോർ നേടിയിരിക്കണം. 2024, 2025 അല്ലെങ്കിൽ 2026-ൽ പ്ലസ് ടു വിജയിച്ചവരോ ആദ്യമായി പരീക്ഷ എഴുതിയവരോ ആയിരിക്കണം. പ്ലസ് ടുവിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം. തെരഞ്ഞെടുക്കുന്ന മേജർ വിഷയമായ ഫിസിക്സ്, കെമിസ്ട്രി അല്ലെങ്കിൽ മാത്‍സ് പ്ലസ് ടുവിൽ പഠിച്ചിരിക്കണമെന്നും NCET-2026-ലും അതേ വിഷയം തെരഞ്ഞെടുക്കുകയും വേണം.
പൊതുവിഭാഗക്കാർ 2001 ഒക്ടോബർ 1-നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം. എസ്.സി., എസ്.ടി., PwD വിഭാഗങ്ങൾക്ക് അഞ്ച് വർഷത്തെ പ്രായ ഇളവ് ലഭിക്കും.
ജനറൽ / OBC-NCL / EWS – ₹1,000
SC / ST / PwD – ₹500
NCET-2026 പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കി കൗൺസിലിങ്ങിലൂടെയാണ് പ്രവേശനം നൽകുക. ഓരോ മേജറിനും പ്രത്യേക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ജൂലൈ 7 (രാവിലെ 10 മണി)
താത്കാലിക റാങ്ക് ലിസ്റ്റ്: ജൂലൈ 16-നകം
കൗൺസിലിങ്: ജൂലൈ 31
ക്ലാസുകൾ ആരംഭിക്കുന്നത്: ഓഗസ്റ്റ് 19
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates