പാചകം ചെയ്യുമ്പോൾ അടുക്കളയിലെ ഗ്യാസ് സ്റ്റൗവിലും ടൈലുകളിലും കൗണ്ടർടോപ്പിലുമെല്ലാം എണ്ണക്കറ വീഴുന്നത് സാധാരണമാണ്. തുടക്കത്തിൽ ചെറിയ കറകൾ ആണെന്ന് കരുതി നമ്മൾ ഇത് ശ്രദ്ധിക്കാറില്ല. കൃത്യമായി വൃത്തിയാക്കാതെ ഇരുന്നാൽ ഇവ അടിഞ്ഞു കൂടി നീക്കം ചെയ്യാൻ വലിയ ബുദ്ധിമുട്ടാകും. വിലകൂടിയ ക്ലീനിങ് ഉൽപ്പന്നങ്ങൾ വാങ്ങാതെ വീട്ടിൽ ലഭ്യമായ ചില സാധനങ്ങൾ ഉപയോഗിച്ച് ഇത്തരം കറകൾ നീക്കം ചെയ്യാം.
ഗ്യാസ് സ്റ്റൗ എങ്ങനെ വൃത്തിയാക്കാം
പാചകം കഴിഞ്ഞ് സ്റ്റൗ തണുത്തശേഷം വൃത്തിയാക്കുന്നതാണ് നല്ലത്.
ഇടം ചൂട് വെള്ളത്തിൽ അല്പം ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് മൃദുവായ തുണിയോ, സ്പോഞ്ചോ ഉപയോഗിച്ച് സ്റ്റൗ തുടയ്ക്കാം.
സ്റ്റൗവിന്റെ ഉപരിതലത്തിന് പോറൽ വീഴുന്ന തരത്തിലുള്ള സ്ക്രബറുകൾ ഒഴിവാക്കണം.
ബേക്കിങ് സോഡ ഉപയോഗിക്കാം
ചില പ്രതലങ്ങളിൽ അടിഞ്ഞു കൂടിയ എണ്ണക്കറകൾ നീക്കാൻ ബേക്കിങ് സോഡയും വെള്ളവും ചേർത്തുണ്ടാക്കുന്ന പേസ്റ്റ് സഹായിക്കും.
കറയുള്ള ഭാഗത്ത് പുരട്ടി കുറച്ചുനേരം വെച്ചശേഷം മൃദുവായ തുണികൊണ്ട് തുടച്ചാൽ കറ നീങ്ങും
എന്നാൽ മാർബിൾ പോലുള്ള പ്രകൃതിദത്ത കല്ലുകളിലും പോറൽ വീഴാൻ സാധ്യതയുള്ള പ്രതലങ്ങളിലും ഇത് ഉപയോഗിക്കുന്നതിന് അനിയോജ്യമല്ല.
കിച്ചൺ കൗണ്ടർടോപ്പും കാബിനറ്റുകളും
കൗണ്ടർടോപ്പിൽ എണ്ണ വീണാൽ വൈകാതെ തുടച്ചുനീക്കുക.
കാബിനറ്റുകളും ലാമിനേറ്റ് പ്രതലങ്ങളും തുടയ്ക്കുമ്പോൾ അധികം വെള്ളം ഒഴിക്കരുത്.
അടുക്കള ടൈലുകളിലെ എണ്ണക്കറ നീക്കാം
സ്റ്റൗവിന് പിന്നിലെ ടൈലുകളിൽ എണ്ണ തെറിച്ച് കറയുണ്ടാകാം.
ഇളംചൂടുവെള്ളത്തിൽ ഡിഷ് വാഷ് ലിക്വിഡ് ചേർത്ത് തുണികൊണ്ട് തുടയ്ക്കുന്നത് ഇത്തരം കറകൾ നീക്കാൻ സഹായിക്കും.
ശേഷം ശുദ്ധജലം ഉപയോഗിച്ച് തുടച്ച് ഉണക്കാം.
ടൈലുകൾക്കിടയിലെ വിടവുകളിൽ കറ അടിഞ്ഞിട്ടുണ്ടെങ്കിൽ മൃദുവായ ബ്രഷ് ഉപയോഗിക്കാം.
ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
വൃത്തിയാക്കുന്നതിന് മുമ്പ് ഗ്യാസ് സ്റ്റൗ ഓഫ് ചെയ്തിട്ടുണ്ടെന്നും പൂർണമായും തണുത്തിട്ടുണ്ടെന്നും ഉറപ്പാക്കണം. സ്റ്റൗവിന്റെ ഇലക്ട്രിക് ഇഗ്നിഷൻ ഭാഗങ്ങളിലും ഗ്യാസ് ബർണറുകളിലും വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
ബ്ലീച്ചും അമോണിയയും മറ്റ് ക്ലീനിങ് ഉൽപ്പന്നങ്ങളും ഒരിക്കലും കൂട്ടിക്കലർത്തരുത്. പാചകം കഴിഞ്ഞ് ദിവസവും ഏതാനും മിനിറ്റ് ചെലവഴിച്ച് സ്റ്റൗവും സമീപത്തെ ടൈലുകളും തുടയ്ക്കുന്നത് എണ്ണക്കറകൾ അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും അടുക്കള വൃത്തിയായി സൂക്ഷിക്കാനും സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates