Healthy hair growth Pinterest
Health

കൊഴിയില്ല! ഇടതൂർന്ന നീണ്ട മുടിക്ക്; ആല്‍മരത്തിന്റെ വേരുകൊണ്ടുള്ള എണ്ണ എങ്ങനെ വീട്ടിലുണ്ടാക്കാം

മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിലൂടെ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി നീളംവെക്കാതെ പൊട്ടിപ്പോവുന്നത് തടയാനും ആലിന്‍വേരെണ്ണക്ക് കഴിയും.

Author : എൻ.എസ്. അരുൺകുമാർ

മുടികൊഴിച്ചിലും നീളം വെക്കുന്നതിനു മുമ്പ് മുടി പൊട്ടിപ്പോവുന്നതും നിങ്ങളെ അലട്ടുന്നുണ്ടോ? വിപണിയില്‍ നിന്നും വാങ്ങാനാവുന്ന എണ്ണകള്‍ക്കൊന്നും ഈ പ്രശ്‌നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ കഴിയുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എങ്കില്‍ തീച്ചയായും ഈ നാട്ടുമരുന്ന് നിങ്ങള്‍ക്കുള്ളതാണ്.

ആല്‍മരത്തിന്റെ വേര് ആണ് ഇതിലെ പ്രധാനഘടകം. ഇതിലെ ജൈവഘടകങ്ങളെ മുടിയിലേക്കെത്തിക്കാന്‍ ഒരു മാധ്യമമായി വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ഒപ്പം ചെമ്പരത്തിപ്പൂവിന്റെ കുറച്ച് ഇതളുകളും കുറച്ച് കറിവേപ്പിലയും ഉപയോഗിക്കുന്നു. ഇതൊക്കെയും എളുപ്പത്തില്‍ ലഭ്യമാവുന്നവയാണല്ലോ. എന്നാല്‍ ഇവ കൊണ്ട് തയ്യാറാക്കുന്ന എണ്ണ തേച്ചാലുള്ള പ്രയോജനം നിസാരമല്ല. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുന്നതിലൂടെ മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടി നീളംവെക്കാതെ പൊട്ടിപ്പോവുന്നത് തടയാനും ആലിന്‍വേരെണ്ണക്ക് കഴിയും.

ആല്‍മരത്തിന്റെ ശാഖകളില്‍ നിന്നും താഴേക്ക് തൂങ്ങിവളരുന്ന വേരുകളെയാണ് ഇതിന്റെ തയ്യാറാക്കലിനായി ഉപയോഗിക്കുന്നത്. ഇതില്‍ മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ജൈവഘടകങ്ങള്‍ക്കൊപ്പം സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ പ്രഭാവത്തെ തടയുന്ന ഘടകങ്ങളും അടങ്ങിയിരിക്കുന്നു. തലയോട്ടിയിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഇത് നശിച്ചു പോവാന്‍ തുടങ്ങുന്ന മുടിവേരുകളെ പോലും ഉത്തേജിപ്പിക്കുകയും അതിലൂടെ മുടി ഇടതൂര്‍ന്ന് വളരാന്‍ തുടങ്ങുകയും ചെയ്യുന്നു. തലയോട്ടിയിലെ തൊലിയുടെ വരള്‍ച്ച തടയുന്നതിലൂടെ താരന്‍, തൊലി അടര്‍ന്നുപോകല്‍ എന്നിവയെ നിയന്ത്രിക്കുന്നു.

പതിവായുള്ള പോഷണം മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുടിനാരുകളിലേക്ക് പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനെ ത്വരിതപ്പെടുത്തുന്നതിലൂടെ അകാലനരയെ തടയാനും സ്ഥിരമായ എണ്ണ പ്രയോഗത്തിന് കഴിയും. ഇതിനൊക്കെയും കാരണമാവുന്ന ഘടകങ്ങളെ തലയില്‍ തേക്കുന്ന എണ്ണയിലേക്കെത്തിക്കാന്‍ അല്‍പ്പം ദീര്‍ഘമായ സമയം ആവശ്യമാണ.് ഇത് മാത്രമാണ് ആലിന്‍ വേരെണ്ണയുടെ തയ്യാറാക്കലിനെ അല്‍പ്പം ബുദ്ധിമുട്ടുള്ളതാക്കിത്തീര്‍ക്കുന്നത്.

തയ്യാറാക്കുന്ന വിധം

വേണ്ട സാധനങ്ങള്‍: ആല്‍മരത്തിന്റെ വേര്, കറിവേപ്പില, ഉലുവ, പുതിനയില, ചെമ്പരത്തിയുടെ പൂവിതളുകള്‍.

പേരാലിനെ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ. കേരളത്തിലെ ഒട്ടുമിക്ക നാല്‍ക്കവലകളിലും നാട്ടിന്‍പുറങ്ങളിലും ഒരു ആല്‍മരവും ആല്‍ത്തറയുമുണ്ടാവും. ഇതിന്റെ കൊമ്പുകളില്‍ നിന്നും താഴേക്ക് വളര്‍ന്നിറങ്ങി നില്‍ക്കുന്ന വേരുകള്‍ കണ്ടിട്ടുണ്ടാവും.

അവയുടെ ഏറ്റവും അറ്റത്തുള്ളതും വളരുന്നതുമായ ഭാഗങ്ങള്‍ പത്തുസെന്റീമീറ്റര്‍ നീളത്തില്‍ പൊട്ടിച്ചെടുക്കുക. ഇവ മിക്കവാറും മ്യദുവായതും ഒടിച്ചാല്‍ ഒടിയുന്നവയുമായിരിക്കും. ഈ വേരിന്‍കഷണങ്ങളെ വീണ്ടും മുറിച്ച് ചെറിയ കഷണങ്ങളാക്കിയശേഷം വൃത്തിയുള്ളതും ഈര്‍പ്പമില്ലാത്തതും അടപ്പുള്ളതുമായ ഒരു കുപ്പിയില്‍ 8 മുതല്‍ 10 ദിവസം വരെ സൂക്ഷിക്കുക.

നാലോ അഞ്ചോ കറിവേപ്പില, പുതിനയില എന്നിവയും ചെമ്പരത്തിയുടെ ഒന്നോ രണ്ടോ ഇതളുകളും അല്‍പ്പം ഉലുവാപ്പൊടിയും എടുത്തശേഷം ആലിന്‍വേര് ഇട്ട് വെച്ച വെളിച്ചെണ്ണയില്‍ നിന്നും 50 മില്ലി എടുത്ത് അതിലേക്കിടുക. എണ്ണയില്‍ കിടന്ന ആലിന്‍വേരിന്റെ കഷണങ്ങളും ഇതിലേക്കിട്ടശേഷം 20 മുതല്‍ 30 മിനിറ്റ് വരെ നന്നായി തിളപ്പിക്കുക.

ഈ മിശ്രിതം ഒരു രാത്രി മുഴുവന്‍ അങ്ങനെ തന്നെ വെക്കുക. അതിനുശേഷം വ്യത്തിയുള്ള പരുത്തിത്തുണിയോ മസ്‌ലിന്‍തുണിയോ ഉപയോഗിച്ച് ഈ എണ്ണ അരിച്ചെടുക്കുക. അരിച്ചെടുത്ത എണ്ണയുടെ അളവ് ക്രമീകരിക്കുന്നതിനായി അതിലേക്ക് അല്‍പ്പംകൂടി വെളിച്ചെണ്ണ ചേര്‍ക്കാവുന്നതാണ്. മിശ്രിതം പൂര്‍ണ്ണമായും തണുക്കാന്‍ അനുവദിക്കുക. തുടര്‍ന്ന് വായു കടക്കാത്ത ഒരു കുപ്പിയിലേക്ക് മാറ്റുക.

ഉപയോഗിക്കേണ്ട രീതി: വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് ചെറിയ അളവില്‍ എണ്ണ തലയോട്ടിയില്‍ വട്ടത്തില്‍ മസാജ് ചെയ്യുക. കുറഞ്ഞത് 30 മുതല്‍ 60 മിനിറ്റ് വരെ മസാജ് തുടരുക. കൂടുതല്‍ ഗുണം ലഭിക്കുന്നതിനായി രാത്രി മുഴുവന്‍ എണ്ണയെ തലയില്‍ നിറുത്താവുന്നതാണ്. തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മുടിയുടെ സ്വഭാവത്തിനനുസരിച്ചുള്ള എണ്ണയാണ് ഉപയോഗിക്കേണ്ടത്. വരണ്ട മുടിയാണെങ്കില്‍, വെളിച്ചെണ്ണ, എള്ളെണ്ണ, ബദാംഓയില്‍ തുടങ്ങിയ എണ്ണകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള മുടിയാണെങ്കില്‍, ജോജോബ ഓയില്‍, കാസ്റ്റര്‍ ഓയില്‍ (ആവണക്കെണ്ണ) പോലുള്ള കട്ടി കുറഞ്ഞ എണ്ണകള്‍ ആണ് നല്ലത്.

എണ്ണ പുരട്ടുന്ന രീതിയിലും അല്‍പ്പം ശ്രദ്ധ ആവശ്യമാണ്. ഉപയോഗിക്കുന്നതിന് മുമ്പ് എണ്ണ അല്പം ചൂടാക്കുക. ഇത് തലയോട്ടിയിലേക്ക് എണ്ണ നന്നായി ആഴ്ന്നിറങ്ങാന്‍ സഹായിക്കും. വിരല്‍ത്തുമ്പുകള്‍ ഉപയോഗിച്ച് തലയോട്ടിയില്‍ വട്ടത്തില്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഏകദേശം 1015 മിനിറ്റ് ഈ ഇതിനായി ചെലവഴിക്കുക. ഇത് എണ്ണയുടെ ഗുണങ്ങള്‍ മുടിക്ക് കിട്ടാന്‍ സഹായിക്കുന്നതോടൊപ്പം മനസ്സിന് ഉന്മേഷവും നല്‍കുന്നു.

ശാസ്ത്രീയാടിത്തറ: ഫൈക്കസ് ബെങ്കാലെന്‍സിസ് എന്ന ശാസ്ത്രീയനാമമുള്ള പേരാലിന്റെ അഥവാ ‘ബന്‍യന്‍ ട്രീ’യുടെ വേരാണ് ഉപയോഗിക്കേണ്ടത്. പേരാലിന്‍വേരിലുള്ള ഘടകങ്ങളും അവയുടെ ഗുണങ്ങളും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്:

അമിനോആസിഡുകള്‍ (അര്‍ജിനിന്‍, ലൈസിന്‍): മുടിയുടെ ഘടനയ്ക്ക് അടിസ്ഥാനമായുള്ള പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു.

ഫാറ്റിആസിഡുകള്‍ (ഒലീക് ആസിഡ്, ലിന്‍ഒലീക് ആസിഡ്): മുടിവേരുകളെ ശക്തിപ്പെടുത്തുന്നതി ലൂടെ മുടികൊഴിച്ചിലിനെ തടയുന്നു.

ഫൈറ്റോസ്റ്റിറോളുകള്‍ (ബീറ്റാ സൈറ്റോസ്റ്റിറോള്‍): മുടി പൊട്ടിപ്പോവാതിരിക്കാന്‍ സഹായിക്കുന്നു, തിളക്കം കൂട്ടുന്നു.

കരോട്ടിനോയിഡുകള്‍ (ലൈക്കോപീന്‍, ബീറ്റാ കരോട്ടീന്‍): സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് കിരണങ്ങളുടെ ദോഷഫലങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു.

ഫ്‌ളാവനോയ്ഡുകള്‍ (ക്യൂര്‍സെറ്റിന്‍, കാപ്‌ഫെറോള്‍): മുടിവളര്‍ച്ചയെ സഹായിക്കുന്നു, ശിരോചര്‍മ്മത്തെ സ്‌നിഗ്ദ്ധമാക്കുന്നു.

ഫീനോളിക് ആസിഡുകള്‍ (ഫെറുലിക് ആസിഡ്, സിന്നമിക് ആസിഡ്): മുടിവളര്‍ച്ചയെ സഹായിക്കുന്നു, ആന്റിഓക്‌സിഡന്റുകളാലുള്ള സംരക്ഷണം പകര്‍ന്നു നല്‍കുന്നു.

ആല്‍ക്കലോയ്ഡുകള്‍ (ഫിസിന്‍, ഫിഗാറിന്‍): മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു, തലയോട്ടിയിലെ ചര്‍മ്മത്തിന്റെ സുസ്ഥിതിയെ സംരക്ഷിക്കുന്നു.

ടെര്‍പ്പിനോയിഡുകള്‍ (ലൂപ്പിയോള്‍, യുര്‍സോളിക് ആസിഡ്): ആന്റിഓക്‌സിഡന്റുകളാലുള്ള സംരക്ഷണം പകര്‍ന്നു നല്‍കുന്നു, ശിരോചര്‍മ്മത്തെ സ്‌നിഗ്ദ്ധമാക്കുന്നു, മുടിവളര്‍ച്ചയെ സഹായിക്കുന്നു.

വിറ്റാമിനുകള്‍ (ജീവകം സി, ഇ): ആരോഗ്യമുള്ള കേശം ഉറപ്പാക്കുന്നു, ആന്റിഓക്‌സിഡന്റു കളാലുള്ള സംരക്ഷണം പകര്‍ന്നു നല്‍കുന്നു.

ധാതുക്കള്‍ (സിങ്ക്, കോപ്പര്‍): മുടിവളര്‍ച്ചയെ സഹായിക്കുന്നു. മുടിക്ക് ബലം നല്‍കുന്നു.

സാപ്പോനിനുകള്‍: മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു, ശിരോചര്‍മ്മം എണ്ണമയമില്ലാതെ വ്യത്തിയായി സൂക്ഷിക്കാന്‍ സഹായിക്കുന്നു.

Hair oil for long healthy hair,Hair oil from Aerial Roots of Ficus Benghalensis

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാലാം ലോകവും എംപി പരമേശ്വരനും: വികസന സങ്കൽപ്പങ്ങളെയും മാർക്സിസ്റ്റ് സൈദ്ധാന്തികതയെയും തിരുത്തിയെഴുതിയ വിപ്ലവ കാഴ്ചപ്പാട്

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് ജാമ്യമില്ലാ വാറന്റ്

കർക്കടക വാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള വായനശാലകൾ; വിവാദം

ഇനി 'കേരളം'; സംസ്ഥാനത്തിന്റെ പേര് ഔദ്യോ​ഗികമായി മാറ്റുന്ന ബിൽ ലോക്സഭ പാസ്സാക്കി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 532 lottery result