കുട്ടികളുടെ ഭക്ഷണക്രമം പ്ലാൻ ചെയ്യുമ്പോൾ മിക്ക മാതാപിതാക്കളും ആശങ്കയിലാകാറുണ്ട്. സമയക്കുറവ്, കുട്ടികളുടെ വാശി ഇതെല്ലാം പൊരുത്തപ്പെട്ട് കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഒരുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
കുട്ടികൾക്ക് പലപ്പോഴും ബ്രേക്ക്ഫാസ്റ്റ് തന്നെ ഉച്ചയ്ക്കും സ്കൂളിൽ കൊടുത്തുവിടുന്ന മാതാപിതാക്കളുണ്ട്. ഇങ്ങനെ കൊടുത്തുവിടുന്ന വിഭവങ്ങൾ പെട്ടെന്നു കേടുവരാത്തതാണെന്ന് ഉറപ്പാക്കണം. തേങ്ങാച്ചമ്മന്തി പോലുള്ളവ ചൂടു കാരണം ഉച്ചയാകുമ്പോഴേക്കും കേടാകാം. മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ് തന്നെ ഉച്ചയ്ക്കും കഴിക്കുമ്പോൾ മടുപ്പു തോന്നാം. കുട്ടികൾക്കാകുമ്പോൾ കലോറിയും ആവശ്യമാണ്.
സമയക്കുറവാണ് പ്രശ്നമെങ്കിൽ വൺപോട്ട് വിഭവങ്ങൾ തയാറാക്കി നൽകാം. വെജിറ്റബിൾ ബിരിയാണി പോലെ റൈസിനൊപ്പം പയർവർഗങ്ങൾ, പച്ചക്കറികൾ ഇവ ചേർത്ത വൺ പോട്ട് വിഭവങ്ങൾ കുക്കറിൽ വേവിച്ചെടുക്കുക. ചിക്കനും ചേർക്കാം. റാഡിഷ് റൈസ്, ടുമാറ്റോ റൈസ് ഇവ പയർവർഗങ്ങളും പച്ചക്കറികളും കൂടുതൽ ചേർത്തു തയാറാക്കി ലഞ്ചായി നൽകാം. ഒപ്പം തൈരു ചേർത്ത സാലഡും ഉൾപ്പെടുത്തണം.
ടുമാറ്റോ റൈസിൽ തക്കാളിക്കൊപ്പം പടവലങ്ങ, വാഴപ്പിണ്ടി, വാഴക്കൂമ്പ് ഇവ നുറുക്കി അരിഞ്ഞു ചേർത്താൽ രുചിവ്യത്യാസമുണ്ടാകില്ല. ഇത്തരം റൈസ് പാകം ചെയ്യാൻ കുറഞ്ഞ സമയമേ വേണ്ടൂ. തലേദിവസം പച്ചക്കറികൾ അരിഞ്ഞു ഫ്രിഡ്ജിലെടുത്തു വച്ചാൽ തയാറെടുപ്പിനുള്ള സമയവും കുറയ്ക്കാം.
കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുത്തുവിടുമ്പോൾ സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. ഇത് കയ്യിൽ നിന്ന് വീണാലും പൊട്ടില്ലെന്ന് മാത്രമല്ല, വൃത്തിയാക്കാൻ എളുപ്പമുള്ളതായിരിക്കും. സ്കൂൾ കഴിഞ്ഞു വീട്ടിലെത്തുന്ന കുട്ടികൾക്ക് എണ്ണയിൽ വറുത്തവയും മധുരപലഹാരങ്ങളും നൽകരുത്. ഭാവിയിൽ അതു ശീലമായി മാറാം.
പ്രഭാതഭക്ഷണമുണ്ടാക്കിയ ശേഷം ബാക്കി വന്ന മാവ് കൊണ്ടു ദോശയുണ്ടാക്കി അതിനുള്ളിൽ ചീസ്, പച്ചക്കറികൾ ഇവ അരിഞ്ഞതു ചേർത്ത് റോൾ പോലെയുണ്ടാക്കാം. പച്ചക്കറികൾ ചേർത്തു പീത്‌സ പോലെ ദോശയുണ്ടാക്കാം. തൈര് ഇഡ്ഡലി ഉണ്ടാക്കാം. മീനും പുട്ടും ചേർത്ത് ഉപ്പുമാവ് പോലെയുള്ള വിഭവങ്ങൾ തയാറാക്കി പുട്ടിനെ കൂടുതൽ രുചികരമാക്കാം. സുഖിയന്റെ ഉള്ളിൽ വയ്ക്കുന്ന ചെറുപയർ വിളയിച്ചത് ഫില്ലിങ് ആക്കി കൊഴുക്കട്ടയുണ്ടാക്കാം. ശർക്കരയുടെ അളവ് കുറച്ച് ഈന്തപ്പഴം പേസ്റ്റ്, പഴങ്ങൾ, ഏലയ്ക്ക ഇവ േചർക്കാം. സമൂസയുടെ അതേ ഫില്ലിങ് വച്ചും കൊഴുക്കട്ട ആവിയിലുണ്ടാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates